ഞാവൽപ്പഴത്തെ ഒരു പഴമായി അല്ല ഭൂരിഭാഗം മലയാളികളും പരിഗണിക്കുന്നത്. പണ്ട് കാലത്ത് നാട്ടിൻപ്പുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഞാവൽപ്പഴത്തിന്റെ വലിയ ആരാധകർ കുട്ടികളായിരുന്നു. ചവർപ്പും മധുരവും നിറഞ്ഞ സ്വാദും കഴിച്ചു കഴിയുമ്പോൾ നാവിൽ വരുന്ന നിറം മാറ്റവുമൊക്കെ ഏറ്റവും ആസ്വദിച്ചിരുന്നതും കുട്ടികളാണ്. പലരുടെയും നൊസ്റ്റാൾജിയയുടെ ഭാഗം കൂടിയാണ് ഞാവൽ.
എന്നാൽ വെറുതെ കഴിക്കാവുന്ന ഒരു പഴം മാത്രമല്ല ഞാവൽ. ഏറെ ആരോഗ്യഗുണങ്ങളും ഞാവലിനുണ്ട്. ഞാവൽപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡയറ്റീഷനായ നാംമി, ആയുർവേദ ഡോക്ടറായ വൈശാലി എന്നിവർ.
ഇന്ത്യൻ ബ്ലൂബെറി എന്നറിയപ്പെടുന്ന ഞാവലിൽ വിറ്റാമിന്‍ സി, പൊട്ടാസ്യം, അയേൺ എന്നിവയൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ ഞാവൽപ്പഴം സഹായിക്കും. ആർത്തവസമയത്ത് അമിതമായ രക്തസ്രാവം അഭിമുഖീകരിക്കുന്ന സ്ത്രീകളും ഞാവൽ കഴിക്കുന്നത് വളരെ നല്ലതാണ്. പിസിഒഡി, പിസിഒഎസ് പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഞാവൽ ആശ്വാസം പകരും. വിളര്‍ച്ചയുള്ളവര്‍ ഞാവല്‍പ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പ്രമേഹ രോഗത്തിന് ഞാവല്‍പഴത്തേക്കാള്‍ വലിയ മരുന്നില്ലെന്ന് പറയാറുണ്ട്. ഒരു പരിധി വരെ ഇത് സത്യമാണ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഏറെ ഉത്തമമാണ് ഞാവല്‍പഴം. ഞാവൽപ്പഴത്തിൽ ‘ഗ്ലൈസെമിക് ഇൻഡെക്സ്’ കുറവാണ്. പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും ഇവ സഹായിക്കും.
ദഹനം മെച്ചപ്പെടുത്താനുള്ള കഴിവും ഈ ഇത്തിരികുഞ്ഞൻ പഴത്തിനുണ്ട്. ഒപ്പം മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഞാവൽ ആശ്വാസമാണ്. പല ആയുര്‍വേദ മരുന്നുകളിലെയും ഒരു പ്രധാന ചേരുവയാണ് ഞാവല്‍പ്പഴം.
ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഞാവലിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്. ഒപ്പം ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചർമ്മം തിളങ്ങാനുമൊക്കെ ഞാവൽപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.
ഇത്രയേറെ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ഞാവൽപ്പഴം വെറും വയറ്റിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഞാവല്‍പ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് വായുക്ഷോഭം ഉണ്ടാക്കും.