ശരിയായി പരിപാലിച്ചില്ലെങ്കിൽ ചർമ്മത്തിൽ പാടുകൾ, മുഖക്കുരു, എക്സിമ പോലുള്ള അസുഖങ്ങൾ, വരണ്ട പാടുകൾ, ചുവന്ന ചർമ്മം, മങ്ങിയ ചർമ്മം എന്നിവയൊക്കെ വരാനുള്ള സാധ്യതയേറെയാണ്. ക്ലെൻസിംഗ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് (CTM) ആണ് ചർമ്മസംരക്ഷണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം. ഒപ്പം സൺസ്ക്രീൻ ലോഷനും വിവിധ ചർമ്മസംരക്ഷണ ചേരുവകളും പരീക്ഷിക്കുന്നവരും ഏറെയാണ്. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി ഉത്പ്പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്.
എന്നാൽ ചർമ്മസംരക്ഷണത്തിനായി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന ചില ചേരുവകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോക്ടർ ഗീതിക മിതാൽ ഗുപ്ത പറയുന്നു. “എല്ലാ ചേരുവകളും നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നില്ല. സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന ചില ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുകയും ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യും”. നിങ്ങളുടെ ചർമ്മത്തിന് ദുരന്തമായി മാറുന്ന ചില ഉത്പന്നങ്ങൾ ചൂണ്ടികാണിക്കുകയാണ് ഡോ. ഗീതിക.
എസൻഷ്യൽ ഓയിലുകൾ
ചെടികളിൽ നിന്ന് വാറ്റിയെടുക്കുന്ന എണ്ണയാണ് എസെൻഷ്യൽ ഓയിൽ. പ്രകൃതിദത്തമായി ലഭിക്കുന്ന ഈ എണ്ണകളിൽ രാസപദാർത്ഥങ്ങൾ ഉണ്ടാകുകയില്ല. മാത്രമല്ല, ഇവ വീര്യംകൂടിയവ ആയിരിക്കും. ചർമ്മസംരക്ഷണത്തിനായി സാധാരണ ഉപയോഗിക്കുന്ന റോസ്, ലാവെൻഡർ പോലുള്ള ചില എസൻഷ്യൽ എണ്ണകളിൽ ജെറേനിയോൾ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവ ഡെർമറ്റൈറ്റിസിനു കാരണമാവാറുണ്ട്. ചർമ്മപ്രശ്നങ്ങൾ ഉള്ളവർ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഓയിലുകൾ മാത്രം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
വെളിച്ചെണ്ണ
ഇന്ത്യൻ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് വെളിച്ചെണ്ണ. എന്നാൽ, വെളിച്ചെണ്ണ ചർമ്മത്തിന് അത്ര നല്ലതല്ല എന്നാണ് ഡോക്ടർ ഗീതിക പറയുന്നത്. “വെളിച്ചെണ്ണ ഏറ്റവും കോമഡോജെനികായ എണ്ണകളിൽ ഒന്നാണ്. ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോവാനും ബ്ലാക്ക് ഹെഡിനും ഇവ കാരണമാവും.”
ഷാംപൂകളിലും ക്ലെൻസറുകളിലും ബോഡി വാഷുകളിലുമെല്ലാം സാധാരണമായി ഉപയോഗിക്കുന്ന ഒരു ക്ലെൻസിംഗ് ഏജന്റ് കൂടിയാണ് വെളിച്ചെണ്ണ. എന്നിരുന്നാലും, ശരിയായി കഴുകിയില്ലെങ്കിൽ, ഇത് നിങ്ങളുടെ ചർമ്മത്തിൽ നിർജ്ജലീകരണത്തിന് കാരണമാവുകയും സെറാമൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
പാരബെൻസ്
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ ഒരു പ്രിസർവേറ്റീവായി ഉപയോഗിക്കുന്ന ഒന്നാണ് പാരബെൻസ്. എന്നാൽ ഇത് നിങ്ങളുടെ ചർമ്മത്തിന് വലിയ ദോഷം വരുത്തും. methylparaben, propylparaben, isopropylparaben, isobutylparaben എന്നിവയെല്ലാം ഇതിൽപെടും.