Happy Vishu 2020 Wishes Images, Quotes, Status, Wallpaper, Messages: മലയാളികൾക്ക് ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി കൊണ്ടാടുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുൻപേ കേരളീയരുടെ പുതുവർഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു…
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. ആദ്യത്തേത് നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷു എന്നതാണ്. രണ്ടാമത്തെ ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണൻ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമന് രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യന് നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷു എന്നതാണ് രണ്ടാമത്തെ ഐതിഹ്യം. വിഷുവിന്റെ തലേദിവസം വീടുകളുടെ പരിസരത്തുള്ള ചപ്പുചവറുകൾ അടിച്ചുവാരി കത്തിച്ചുകളയുന്ന പതിവും ചിലയിടങ്ങളിലുണ്ട്. രാവണവധത്തിനെ തുടർന്ന് നടന്ന ലങ്കാദഹനത്തിന്റെ പ്രതീകമാണ് ഇതെന്നും വിശ്വാസമുണ്ട്.
Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020
വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്.
കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. എല്ലാ മലയാളികള്ക്കും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ വിഷു ആശംസകൾ.