Happy Independence Day 2022 Wishes, images, quotes, status, messages, photos, and greeting cards: വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്. സ്വാതന്ത്ര്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.



രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും നമുക്ക് ഒന്നുകൂടിയോർക്കാം. 1947 ആഗസ്റ്റ് 15 അർദ്ധരാത്രി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞു. “ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,” ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്നും പോരാട്ടങ്ങൾക്കൊടുവിൽ മോചിതയായ ഇന്ത്യയുടെ സന്തോഷം മുഴുവൻ ആ വാക്കുകളിൽ നിഴലിച്ചിരുന്നു.


ആ ചരിത്രദിനം രേഖപ്പെടുത്താനായി, ഡൽഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. നെഹ്റുവിന്റെ ആ സന്തോഷപ്രകടനം പിന്നീട് രാജ്യം പ്രതീകാത്മകമായി പിൻതുടരുകയായിരുന്നു. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഓർമ പുതുക്കികൊണ്ട് ഇന്ത്യൻ പതാക ഉയരുന്നു. പതാക ഉയർത്തൽ, അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്.