Eid al-Fitr 2023 Mubarak Wishes: ഒരു മാസം നീണ്ടുനിന്ന വ്രതമനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ‘ഈദ്’ എന്ന അറബിക് പദത്തിന് ആഘോഷം എന്നും ‘ഫിത്‌ർ’ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം. 29 ദിനം നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് ഇസ്‌ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുന്നത്.
ഈദ് നമസ്കാരമാണ് ഈ ദിനത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഫജർ നമസ്കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും. നമസ്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുംബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി.
അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. ചെറിയ പെരുന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം.




