Happy Eid-ul-Fitr 2019: ഒരു മാസം നീണ്ടുനിന്ന വ്രതമനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് (മേയ് 5) ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ. ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകും ഇന്നത്തെ പകൽ. ‘ഈദ്’ എന്ന അറബിക് പദത്തിന് ആഘോഷം എന്നും ‘ഫിത്‌ർ’ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം.
അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. ചെറിയ പെരുന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ സന്ദേശങ്ങളിലൂടെയും കാർഡുകളിലൂടെയും പങ്കുവയ്ക്കാം.
ഈദ് നമസ്കാരമാണ് ഈ ദിനത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഫജർ നമസ്കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും. നമസ്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി. അതിഥികളെ സ്വീകരിക്കാൻ ആതിഥേയർ മധുരവും ഭക്ഷണവുമൊരുക്കി കാത്ത് നിൽക്കുന്നതും പതിവ് കാഴ്‌ചയാണ്.
29 ദിനം നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് ഇസ്‌ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുന്നത്. ശാരീരികമായും ആത്മീയവുമായുമുള്ള ശുദ്ധീകരണമാണ് നോമ്പ് മൂലം ലക്ഷ്യമിടുന്നത്. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം. നോമ്പ് തുടങ്ങി ഒരു മാസം ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസികൾ കഴിച്ചു കൂട്ടും. ആരാധനാ കർമങ്ങളിലും പ്രാർഥനകളിലും മുഴുകും. ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയം നീക്കി വയ്ക്കും.
ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നതിന് മതപരമായി വിലക്കുണ്ട്. അന്ന് ആഘോഷത്തിന്റെ ദിനമാണ്. ഫിത്ർ സകാത്ത് (റമസാൻ വ്രതം കഴിഞ്ഞാൽ വിശ്വാസികളിൽ നിർബന്ധമാക്കപ്പെട്ട ദാനം) ഇല്ലാത്തവന് ഭക്ഷണത്തിനുള്ള ധാന്യമാണ് സകാത്തായി നൽകേണ്ടത്. ഫിത്ർ സക്കാത്തിന്റെ അവകാശികൾ ആരൊക്കെയെന്നും കൃത്യമായി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. അർഹരിലെത്തിയാലേ സകാത് സ്വീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്.
Read More: Eid-ul-Fitr 2019: പണിയാം ഭിന്നതകളെ മറികടക്കാനുള്ള പാലങ്ങൾ