scorecardresearch

Happy Diwali 2025: ദീപാവലി: പ്രാധാന്യം, ഐതിഹ്യം, തീയതി, അറിയേണ്ടതെല്ലാം

തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും, അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ദീപങ്ങൾ തെളിയിച്ചും മധുരം നൽകിയും ഏവരും ദീപാവലി ദിനത്തിൽ ആഘോഷിക്കുന്നത്

തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും, അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ദീപങ്ങൾ തെളിയിച്ചും മധുരം നൽകിയും ഏവരും ദീപാവലി ദിനത്തിൽ ആഘോഷിക്കുന്നത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Diwali 2025 FI

Happy Diwali 2025: ദീപാവലി 2025

Happy Diwali 2025: ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപങ്ങളുടെ നിര എന്നറിയപ്പെടുന്ന ദീപാവലി. 'തമസോ മാ ജ്യോതിർ ഗമയ' (ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന സന്ദേശമുയർത്തിപ്പിടിച്ച്, തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.

Advertisment

ഹൈന്ദവ ചാന്ദ്രമാസ കലണ്ടർ അനുസരിച്ച്, കാർത്തിക മാസത്തിലെ കറുത്തവാവ് (അമാവാസി) ദിവസമാണ് ദീപാവലി. 2025-ൽ ദീപാവലി പ്രധാനമായും ആഘോഷിക്കുന്നത്  ഒക്ടോബർ 20 തിങ്കളാഴ്ചയാണ്. മിക്ക പ്രദേശങ്ങളിലും ഇത് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്.

Happy Diwali 2025
പൂനെയിൽ അംബിൽ ഓധയിലെ റോഡിന് ഇരുവശവുമായി വിൽപനയ്ക്ക് വച്ചിരിക്കുന്ന ലാൻ്റേണുകൾ Photograph: (ചിത്രം: അരുൾ ഹൊറിസോൺ)

ദീപാവലി ആഘോഷിക്കുന്നതിന് പിന്നിൽ രാജ്യവ്യാപകമായി നിരവധി ഐതിഹ്യങ്ങളുണ്ട്. 14 വർഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ, ജനങ്ങൾ ദീപങ്ങൾ തെളിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചതിൻ്റെ ഓർമ്മയായി ദീപാവലി ദിനത്തെ കാണുന്നവരുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ലോകത്തെ രക്ഷിച്ച ദിവസമായി ദീപാവലിയുടെ തലേദിവസം നരക ചതുർദശി ആഘോഷിക്കുന്നു. പാലാഴി മഥനത്തിൽ ഐശ്വര്യദേവതയായ ലക്ഷ്മിദേവി അവതരിച്ച ദിവസമായും ദീപാവലിയെ കണക്കാക്കുന്നു.

Advertisment

ദീപാവലി സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ്. ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരുന്നതുപോലെ, ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയുമെന്നാണ് വിശ്വാസം. അഞ്ച് ദിവസങ്ങളിലായാണ് ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

ധൻതേരസ് (ധനത്രയോദശി): വീടുകളും വ്യാപാര സ്ഥാപനങ്ങളും വൃത്തിയാക്കി അലങ്കരിക്കുന്നു. സ്വർണ്ണം, വെള്ളി, പുതിയ പാത്രങ്ങൾ എന്നിവ വാങ്ങുന്നത് ഐശ്വര്യദായകമായി കരുതുന്നു. ധന്വന്തരിയെയും കുബേരനെയും ആരാധിക്കുന്നു.

നരക ചതുർദശി (ചോട്ടി ദീപാവലി): പുലർച്ചെ എണ്ണ തേച്ച് കുളിക്കുന്ന അഭ്യംഗ സ്നാനം പ്രധാനമാണ്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ലക്ഷ്മി പൂജ (പ്രധാന ദീപാവലി): ലക്ഷ്മിദേവിയെയും ഗണപതിയെയും പൂജിച്ച് ഐശ്വര്യം നേടുന്നു. മൺചിരാതുകളും (ദിയകൾ) വർണ്ണ വിളക്കുകളും കൊണ്ട് വീടുകൾ പ്രകാശപൂരിതമാക്കുന്നു. മധുരപലഹാരങ്ങൾ കൈമാറുന്നതും പടക്കം പൊട്ടിക്കുന്നതും ഈ ദിവസത്തെ പ്രധാന ആചാരങ്ങളാണ്.

ഗോവർദ്ധന പൂജ/ബലി പ്രതിപദ: ചിലയിടങ്ങളിൽ ശ്രീകൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തിയതിൻ്റെ സ്മരണയായും, മറ്റു ചിലയിടങ്ങളിൽ മഹാബലിയെ വരവേൽക്കുന്ന ദിവസമായും ഇത് ആഘോഷിക്കുന്നു.

ഭായി ദൂജ്: സഹോദര-സഹോദരി ബന്ധത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങാണിത്. സഹോദരിമാർ സഹോദരങ്ങൾക്കായി പ്രാർത്ഥനകൾ നടത്തുന്നു.

ബംഗാളിൽ ഈ ദിനത്തിൽ കാളി പൂജയ്ക്കാണ് പ്രാധാന്യം. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങൾ ലളിതവും പ്രധാനമായും ഒരു ദിവസം ഒതുങ്ങുന്നതുമാണ്. എങ്കിലും, ദീപങ്ങൾ തെളിയിച്ചും മധുരം നൽകിയും ഈ ഉത്സവത്തെ എല്ലാവരും വരവേൽക്കുന്നു.

Read More: ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

Diwali Festival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: