തൂവെള്ള പോലെ മൃദുവായ ഇഡ്ഡലി. കൂടെ ആവി പാറി പറക്കുന്ന സാമ്പാറും ചമ്മന്തിയും. ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടുന്നില്ലേ. ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭമായ ഇഡ്ഡലിക്കും ഒരു ജന്മദിനമുണ്ട്. അതാണ് മാര്‍ച്ച് 30. ലോകമെങ്ങുമുള്ള ഇഡ്ഡലി പ്രേമികൾക്ക് വയറു നിറയെ ഇഡ്ഡലി കഴിച്ച് ഇഡ്ഡലി ദിനം പൊടിപൊടിക്കാം.

വിദേശീയരെ കണ്ടു പഠിച്ചാണ് ഇഡ്ഡലിക്കും ഒരു ദിനം ദക്ഷിണേന്ത്യക്കാര്‍ തിരഞ്ഞെടുത്തത്. വിദേശീയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഒരു ദിനം മാറ്റിവച്ച് ആഘോഷിക്കാറുണ്ട്. എന്നാൽ പിന്നെ ഇഡ്ഡലിക്കും ഒരു ദിനം ഇരിക്കെട്ടയെന്ന് ഭക്ഷണപ്രിയര്‍ കരുതി. അതിനായി തിരഞ്ഞെടുത്തതാകട്ടെ മാര്‍ച്ച് 30. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലി പ്രിയര്‍ ഏറെയുള്ളത്. 2015 മുതലാണ് ഇഡ്ഡലി ദിനം ആഘോഷിച്ചു തുടങ്ങിയത്.

ശ്രീലങ്ക, ബര്‍മ്മ,മലേഷ്യാ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീന്‍മേശയില്‍ കിട്ടും. പോഷക സമ്പുഷ്ടവും സ്വാദേറിയതുമായ ഇഡ്ഡലിയുടെ ജനനത്തെ കുറിച്ച് പല കഥകളാണ് ഭക്ഷണലോകത്ത് പരക്കുന്നത്.

ഇന്തോനീഷ്യയുമായി ബന്ധപ്പെട്ടാണ് അതിലൊരു കഥ. ഇന്തോനീഷ്യയിലെ കേട്‌ലി എന്ന ഭക്ഷണമാണ് രൂപവും രൂചിയും മാറി ഇഡ്ഡലിയായതെന്നാണ് ഒരു കഥ. കേട്‌ലി ഇന്തോനീഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു. ഒരിക്കല്‍ ഇന്തോനീഷ്യയിലെ രാജാവ് വധുവിനെ തേടി തേക്കേ ഇന്ത്യയില്‍ വന്നു. കൂടെ കേട്‌ലി പാചകക്കാരും. ആ വിദേശഭക്ഷണം നാട്ടിലെങ്ങും പാട്ടായി. ആ വിദേശഭക്ഷണത്തിന്റെ രസക്കൂട്ടുകള്‍ മനസ്സിലാക്കി നമ്മുടെ പാചകക്കാര്‍ ഒരു സ്വദേശി ഇഡ്ഡലിക്ക് രൂപം കൊടുത്തു.

ഇന്ത്യയില്‍ കര്‍ണാടകയിലാണ് ഇഡ്ഡലിയുടെ ജനനമെന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ ഏകദേശം പതിനേഴാം നൂറ്റാണ്ട് മുതലാണ് ഇഡ്ഡലി ആഹാരമായി തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം ഇഡ്ഡലിയുടെ പേരില്‍ വളരെ പ്രസിദ്ധമാണ്. പാലക്കാട് നഗരത്തിന് സമീപമാണ് രാമശ്ശേരിയെന്ന ഗ്രാമം. ഇഡ്ഡലിമാവ് ദോശയുടെ വലുപ്പത്തില്‍ തട്ടിലൊഴിച്ച് ആവിയില്‍ വേവ്വിച്ചെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി.

തട്ടുകടകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ ഇഡ്ഡലിയുടെ വ്യത്യസ്ത രൂചിഭേദങ്ങള്‍ നമുക്ക് ലഭിക്കും. ഇഡ്ഡലികളില്‍ തന്നെ വെറൈറ്റി തീര്‍ത്താണ് പലരും ഭക്ഷണപ്രിയരെ ആകര്‍ഷിക്കുന്നത്.

ഏതോ രസികനായ കാറ്ററിങ് ഉടമസ്ഥന്റെ ഭാവനയാണ് ഇഡ്ഡലിയയുടെ ജന്മദിനമായി മാർച്ച് 30 തിരഞ്ഞെടുത്തത്. എന്തായാലും നമുക്ക് രാവിലെ ഇഡ്ഡലി കഴിച്ച് തുടങ്ങാം, ഹാപ്പി ബർത്ത്ഡേ ടു ഇഡ്ഡലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook