നിത്യേനയുള്ള കുളിയും മുടികഴുകലുമൊക്കെ മലയാളികളുടെ ജീവിതരീതിയുടെ ഭാഗമാണ്. മുടി കഴുകുകയെന്നത് വലിയ പ്രയാസമേറിയ കാര്യവുമല്ല. എന്നാൽ അത്ര നിസാരമായും കാണരുത്. കാരണം നിസാരമെന്ന് കരുതിചെയ്യുന്ന പലതും നിങ്ങളുടെ മുടിയെ ദോഷകരമായി ബാധിക്കുന്നുണ്ടാവാം. കേശസംരക്ഷണമാണ് ലക്ഷ്യമെങ്കിൽ താഴെ പറയുന്ന ‘നിസാര’ കാര്യങ്ങളിൽ പോലും ശ്രദ്ധിച്ചേമതിയാകൂ.
ഷാംപൂ ഉപയോഗം ആഴ്ചയിൽ ഒരിക്കൽ മാത്രം
അധികമായാൽ അമൃതും വിഷം എന്നാണല്ലോ. നിത്യേനയുള്ള ഷാംപൂ ഉപയോഗവും അങ്ങനെതന്നെയാണ്. ഇത് മുടിയിലെയും തലയോട്ടിയിലെയും ഈര്‍പ്പത്തെയും ഒപ്പം എണ്ണയുടെ അംശത്തെയും ഇല്ലാതെയാക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രം മുടി ഷാംപൂ ഉപയോഗിച്ചു കഴുകുക. അതും ഒരു നിശ്ചിത അളവ് മാത്രം. ഒരു നാണയത്തിന്റെ വലുപ്പത്തിന് സമാനമായ അളവിൽ മാത്രമേ ഷാംപൂ എടുക്കാവൂ. കൂടുതൽ നീളവും ഉള്ളുമുള്ള മുടിയാണെങ്കിൽ മാത്രം അതിൽ കൂടുതൽ അളവിൽ ഷാംപൂ എടുക്കുക.
ഷാംപൂ ഉപയോഗിക്കുന്നതിന് മുൻപ് തല നന്നായി നനയ്ക്കുക. ഷാംപൂ ഉപയോഗിച്ചതിനു മുൻപും ശേഷവും മുടിയുടെ എല്ലാ ഇഴയും നന്നായി നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഷാംപൂവിന്റെ അംശം മുടിയിൽ തങ്ങി നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.
ചൂട് വെള്ളം വേണ്ട
ചൂട് വെള്ളത്തിൽ മുടികഴുകുന്നത് മുടിയ്ക്കും തലയോട്ടിയ്ക്കും ഒരുപോലെ ദോഷമാണ്. ഇളം ചൂട് മാത്രമുള്ള വെള്ളത്തിൽ മുടികഴുകൽ ആരംഭിക്കുകയാണ് ഉത്തമം. അത് ഷാംപൂവിന്റെ വലിച്ചെടുക്കല്‍ എളുപ്പമാകും. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകാനും മറക്കരുത്.
ഹെയർ പ്രൊഡക്റ്റുകൾ ഉപയോഗിക്കുമ്പോൾ
കഴിവതും ഒരു തരം ഷാംപൂ അല്ലെങ്കിൽ, ഹെയർ ഉത്പന്നങ്ങൾ തന്നെ സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കുക. ഇവയുടെ കൂടെക്കൂടെയുള്ള മാറ്റം മുടിയ്ക്ക് ദോഷമായി ഭവിക്കാം.
മുടി തോർത്തുമ്പോൾ
മുടി കഴുകുമ്പോളെന്നപോലെ ഉണക്കുമ്പോഴും നല്ല ജാഗ്രത പുലർത്താൻ ശ്രദ്ധിക്കുക. പരുക്കനായ തോർത്തുകൾ കഠിനമായ രീതിയിൽ മുടിയിൽ ഉപയോഗിക്കാതിരിക്കുക. നനഞ്ഞ മുടി വളരെയധികം മൃദുവായിരിക്കും. കൂടാതെ, മുടിയിൽ ചുരുളുകളുണ്ടാകാനും ഇത് കാരണമാകും. അതുകൊണ്ടുതന്നെ മുടി കാറ്റുകൊണ്ട് ഉണങ്ങാൻ അനുവദിക്കുന്നതാവും ഏറ്റവും ഉത്തമം.