1983 സിനിമ ഓർക്കുന്നില്ലേ? നിവിൻ പോളി ചെയ്യുന്ന കഥാപാത്രത്തിന്റെ കല്ല്യാണസീൻ. സുശീലയെ അണിയിച്ചൊരുക്കിയ ബ്യൂട്ടീഷനെയും സിനിമ കണ്ട ആരും മറന്നിരിക്കാൻ ഇടയില്ല. “കുട്ടിയ്ക്ക് സിപിംൾ മേക്കപ്പാ ഇഷ്ടമെന്ന് പറഞ്ഞോണ്ടാ” ന്നു പറഞ്ഞ ആ ബ്യൂട്ടിഷ്യൻ. കല്ല്യാണത്തിന്റെ അന്ന് പെൺകുട്ടിയുടെ മേക്കപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി തന്ന ഇതിലും നല്ലൊരു സീൻ വേറെയില്ല.

Bride Hair Style

കല്ല്യാണമെന്നത് ഏതൊരാളുടെയും ജീവിതത്തിലെ പ്രധാന ദിവസമാണ്. എന്ന് ചെയ്തില്ലേലും അന്ന് പൊട്ട് വെയ്ക്കുന്നത് തൊട്ട് മുടി കെട്ടുന്നത് വരെ ശ്രദ്ധിക്കേണ്ടതുണ്ട്. കല്ല്യാണദിനത്തിൽ വധുക്കൾ ഹെയർ സ്റ്റൈൽ ചെയ്യുമ്പോൾ  ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ.

മുടിയെ അറിഞ്ഞിരിക്കണം
തോന്നിയ പോലെ ചെയ്യാനുള്ളതല്ല ഹെയർസ്റ്റൈൽ.ഏതൊരു സ്റ്റൈൽ ചെയ്യുമ്പോഴും മുടിയെ പറ്റി ഒരു ധാരണ ഉണ്ടായിരിക്കണം. അഥവാ മുടിയുടെ സ്വഭാവത്തെ പറ്റി അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ മുടിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ സാധിക്കൂ.

മുഖത്തിനിണങ്ങുന്നതാവണം സ്റ്റൈൽ
മുഖത്തിനനുയോജ്യമായ സ്റ്റൈലായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. അത് വധുവിനെ ഒന്നൂടെ സുന്ദരിയാക്കും. നല്ലൊരു സ്റ്റൈലിസ്റ്റിന് ഇക്കാര്യത്തെ പറ്റി വ്യക്തമായ ധാരണയുണ്ടാകും. പലരും ചെയ്തു കണ്ടുവെന്നു പറഞ്ഞ് ഒരു സ്റ്റൈൽ പരീക്ഷിക്കരുത്. പലരും സിനിമാതാരങ്ങൾ ചെയ്തു കണ്ട സ്റ്റൈലുകൾ അനുകരിക്കാറുണ്ട്. പക്ഷേ അത് മുഖത്തിനിണങ്ങുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നമ്മുടെ മുടിയുടെ നീളവും ഗുണവുമനുസരിച്ചായിരിക്കണം ഹെയർസ്റ്റൈൽ ചെയ്യേണ്ടത്.

മുടി വെട്ടാം, പക്ഷേ…
കല്ല്യാണത്തിന് മുന്നേ മുടി ഒന്ന് വെട്ടി സ്റ്റൈലാക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ കല്ല്യാണത്തലേന്ന് പോയി മുടി വെട്ടുന്നവരെയാണ് മിക്കയിടങ്ങളിലും കാണാനാവുന്നത്. ഇത് കല്ല്യാണ ദിവസം മുടി ഒരുക്കുന്നതിൽ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് മിക്ക സ്റ്റൈലിസ്റ്റുകളും പറയുന്നത്. അതിനാൽ മുടി വെട്ടുന്നുണ്ടെങ്കിൽ ഒന്ന് രണ്ട് ആഴ്‌ചകൾക്ക് മുൻപെങ്കിലും ചെയ്യുന്നത് നന്നായിരിക്കും.

സിംപിളായിരിക്കണം
വളരെ സിംപിളായിരിക്കുകയെന്നതാണ് ഹെയർസ്റ്റൈലിലെ ആപ്‌തവാക്യം. വസ്ത്രത്തോടിണങ്ങി നിൽക്കുന്ന സ്റ്റൈൽ ചെയ്യുക. സാരിയിലും വ്യത്യസ്‌തമായ വേഷവിധാനത്തിലും വധുക്കൾ വരാറുണ്ട്. അതിനാൽ വസ്‌ത്രത്തനനുയോജ്യമായിട്ടായിരിക്കണം മുടി ഒരുക്കേണ്ടത്. പൂക്കൾ വെയ്‌ക്കുന്നതും പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണ്.

ഡോട് ഡു..
മുടി തിളങ്ങാനും സ്‌മൂത്തായിരിക്കാനും ഷാമ്പു, ഹെയർ കണ്ടീഷണർ തുടങ്ങിയവ കല്ല്യാണ ദിവസം ഉപയോഗിക്കാതിരിക്കുക. ഇവ ഉപയോഗിച്ച മുടി കെട്ടി ഒതുക്കി നിർത്താൻ ബുദ്ധിമുട്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ