മുടിയുടെ പോഷണത്തിനും വളർച്ചയ്ക്കും ഹെയർ ഓയിൽ ഉപയോഗിക്കാൻ വിദഗ്ധർ മുതൽ വീട്ടിലെ പ്രായമായവർ വരെ എല്ലാവരും ശുപാർശ ചെയ്യാറുണ്ട്. വരണ്ടതും നരച്ചതും കേടായതുമായ മുടിക്ക് ഇത് പ്രകൃതിദത്തമായ പ്രതിവിധിയാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഹെയർ ഓയിലുകളെക്കുറിച്ച് നിരവധി മിഥ്യാധാരണകളുണ്ടെന്ന വസ്തുതയും നിഷേധിക്കാനാവില്ല.
അതുപോലെ, ചില കെട്ടുകഥകൾ പൊളിച്ചെഴുതുകയും ഹെയർ ഓയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില ഉപയോഗപ്രദമായ വസ്തുതകൾ പങ്കിടുകയുമാണ് ചർമരോഗ വിദഗ്ധ ഡോ ആഞ്ചൽ പന്ത്. “ഹെയർ ഓയിൽ മുടി കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് വരണ്ടതും കേടായതുമായ മുടിയോ നരച്ച മുടിയോ ഉണ്ടെങ്കിൽ, മുടിയിഴകളിൽ എണ്ണ പുരട്ടുന്നത് സഹായിച്ചേക്കാം, ”അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രാത്രി മുഴുവൻ മുടിയിൽ എണ്ണ പുരട്ടിയാലേ ഫലം ലഭിക്കൂവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ “ഒരു രാത്രി മുഴുവൻ ഇത് പുരച്ചിവയ്ക്കുന്നതിന് അധിക നേട്ടമൊന്നുമില്ല. കുറച്ച് മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഇത് കഴുകാം,” എന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു.
“എണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുമെങ്കിലും, അത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയോ മുടി വളർച്ച വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല,” ഡെർമറ്റോളജിസ്റ്റ് വിശദീകരിച്ചു.
അത് എങ്ങനെ സഹായിക്കുന്നു?
ഹെയർ ഓയിൽ മുടിയിൽ ഒരു കോട്ടിംഗ് ഉണ്ടാക്കിയെടുക്കുമെന്ന് ആഞ്ചൽ പന്ത് വ്യക്തമാക്കി. അതിനാൽ, ഹെയർ എണ്ണ പുരട്ടിയ ശേഷം നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതായി കാണാം.
“വെളിച്ചെണ്ണ മുടിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
ഉപയോഗിക്കേണ്ട വിധം
മുടിയുടെ താഴത്തെ ഭാഗത്ത്, വേരുകളിൽ നിന്ന് 4-5 ഇഞ്ച് അകലെ, നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകൾ പൊതുവെ എത്താത്തിടത്ത് മാത്രം ഹെയർ ഓയിൽ പുരട്ടുന്നതാണ് നല്ലതെന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു
എന്നിരുന്നാലും, നിങ്ങൾക്ക് താരൻ ഉണ്ടെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദ്ദേശിച്ചു.