മുടിയഴകിനോടുള്ള മലയാളികളുടെ ഇഷ്ടവും മുടിയുടെ ആരോഗ്യത്തിലുള്ള ശ്രദ്ധയും എത്രത്തോളമുണ്ടെന്ന് അറിയാവുന്നത് കൊണ്ടാവാം മലയാളം ടെലിവിഷൻ ചാനലുകളിലെല്ലാം തന്നെ ഓരോ അരമണിക്കൂറിലും കേശസംരക്ഷണ വസ്തുക്കളുടെ പരസ്യങ്ങള്‍ പ്രദർശിപ്പിക്കപ്പെടുന്നത്. വഴിയരികിലെ ലാട വൈദ്യന്റെ കയ്യിൽ നിന്നു തുടങ്ങി ഓണ്‍ലൈനിൽ നിന്നു വില കൂടിയ മരുന്നുകള്‍വരെ വാങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കാത്തതിന് പിന്നിലും ഇതുതന്നെയാണ് കാരണം. വിപണിയില്‍ കിട്ടുന്നത് മുഴുവന്‍ വാങ്ങി പരീക്ഷിച്ച് പൈസയും ആരോഗ്യവും കളയുന്നതിന് മുന്‍പ് മുടി കൊഴിച്ചിലിനു പിന്നിലെ യഥാര്‍ഥ കാരണങ്ങൾ കണ്ടെത്തി ചികില്സിക്കുകയാണ് വേണ്ടത്.
പരിചരണം പുറത്ത് മാത്രം പോര
മണിക്കൂറുകളോളം എണ്ണയും കുഴമ്പും പുരട്ടുന്നത് കൊണ്ടോ ഹെയര്‍ മാസ്ക്കുകള്‍ ഇടുന്നതു കൊണ്ടോ മാത്രം മുടി കൊഴിച്ചിലിന് പരിഹാരം കാണാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മുടിയുടെ പുറത്തെ പരിചരണത്തിനൊപ്പം തന്നെ, കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധ ചെലുത്തണം. വൈറ്റമിനുകളും മിനറല്‍സും അയണും കാല്‍സ്യവും ഒമേഗ ത്രീയുമൊക്കെ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
ശരീരത്തിന്റെ താപനില ക്രമമായി സൂക്ഷിക്കേണ്ടത് മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. താപനില കൂടുന്നത് മുടി കൊഴിച്ചില്‍ കൂടാനും പുരുഷന്മാരില് ഇത് കഷണ്ടിയിലേക്കും നയിക്കും. എണ്ണ കൂടുതലുള്ള പലഹാരങ്ങള്‍, മൈദ കൂടുതലുള്ള ബേക്കറി പലഹാരങ്ങള്‍, മസാലരുചിയും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഇവയൊക്കെ നിയന്ത്രിക്കുന്നത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. എന്തെന്നാൽ ഈ ഭക്ഷണങ്ങൾ ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയ്ക്കുകയും ദഹനപ്രക്രിയയ്ക്ക് താമസമുണ്ടാക്കുകയും ചെയ്യും.
പ്രശ്നമറിഞ്ഞ് ചികില്സിക്കുക
പത്ത് രോഗികളില്‍ ഒരാളെങ്കിലും മുടിയുടെ പ്രശ്നവുമായി എത്താറുണ്ടെന്ന് മലപ്പുറം വെട്ടിച്ചിറ ആയുർഗാർഡൻ ഇന്റര്‍നാഷ്ണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ അനസ് പറയുന്നു. സാധാരണയായി, 50 മുതല്‍100 മുടി വരെ ദിവസവും കൊഴിയുന്നതില്‍ അസ്വാഭാവികതയില്ല. ഈ മുടികള്‍ക്ക് പകരം പുതിയവ കിളിര്‍ത്ത് വരും. ഇതിലും കൂടുതൽ മുടി പൊഴിയുന്നുണ്ടെങ്കില്‍ മാത്രമേ മുടി കൊഴിച്ചില്‍ ഗൗരവകരമായി കണക്കിലെടുക്കേണ്ടതുള്ളൂ.
പ്രധാനമായും രണ്ടുതരത്തിലാണ് മുടികൊഴിച്ചിൽ കാണപ്പെടുന്നത്, പാരമ്പര്യമോ ജനിതകപരമോ ആയ മുടി കൊഴിച്ചിലിന് പ്രത്യേകിച്ച് ചികില്‍സ നടത്തിയത് കൊണ്ട് പ്രയോജനമില്ല. ഈ മുടികൊഴിച്ചില്‍ സ്ഥിരമായി സംഭവിക്കുന്നതാണ്. പാരമ്പര്യമായി മുടി കൊഴിയുന്നവരില്‍ 40 വയസ്സിന് ശേഷമാണ് സാധാരണ മുടികൊഴിച്ചിൽ ശക്തമാവാറുള്ളത്. എന്നാല്‍ ചിലരില്‍ ഹോര്മണുകളിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് 20 വയസ്സിലും മുടി കൊഴിച്ചിൽ ആരംഭിക്കാറുണ്ട്.
ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികില്‍സയുടെ ഭാഗമായോ മറ്റ് പല കാരണങ്ങളാലോ ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ താല്ക്കാലികമാണ്. ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ കാരണം കണ്ടെത്തി പരിഹരിക്കാനാവുന്നതാണെന്ന് ഡോ. അനസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. രക്തപരിശോധന നടത്തിയാല്‍ ഇത് കൃത്യമായി കണ്ടെത്താനാകും. ഹോര്‍മോണുകളിലെ വ്യതിയാനവും ഫംഗല്‍ ഇന്‍ഫെക്ഷനുമെല്ലാം ഇങ്ങനെ കണ്ടെത്താനും ചികിത്സയിലൂടെ പരിഹരിച്ച് മുടി കൊഴിച്ചില്‍ തടയാനും സാധിക്കും.
കൗമാരക്കാരില്‍ ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാനമായും വില്ലനാകുന്നത്. ഇതിന് പുറമെ മാനസീക സമ്മര്‍ദ്ദങ്ങളും മുടി കൊഴിച്ചിലിലേക്ക് നയിക്കും.
സ്ത്രീകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗവും ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനവും ആര്‍ത്തവവിരാമവുമെല്ലാം മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഹൈപ്പോ തൈറോയിഡ്, ഹൈപ്പര്‍തൈറോയിഡ് പോലുള്ള രോഗമുള്ളവരിൽ മുടി കൊഴിച്ചില്‍ സാധാരണമാണ്.
പ്രസവശേഷമുള്ള മുടി കൊഴിച്ചില്‍
പ്രസവശേഷം ഏകദേശം ഒരു വര്‍ഷത്തോളം മുടി നല്ല രീതിയില്‍ തന്നെ കൊഴിയും. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഈസ്ട്രജനും പ്രൊജസ്ട്രോണും ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനം അധികമായി നടക്കുന്നതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുടിക്ക് നല്ല ആരോഗ്യവും തിളക്കവുമൊക്കെയുണ്ടായിരിക്കും. എന്നാല്‍ പ്രസവശേഷം ഹോര്‍മോണുകള്‍ സാധാരണഗതിയിൽ ആകുന്നതോടെ മുടി കൊഴിച്ചില്‍ വീണ്ടും തുടങ്ങും. നാലാം മാസത്തിലാണ് മുടി കൊഴിച്ചില്‍ പാരമ്യത്തിലെത്തുകയെന്ന് വിദഗ്ധർ പറയുന്നു. ഈ അവസ്ഥയെ മാനസികമായി അംഗീകരിക്കുകയാണ് വേണ്ടത്. ഇതോടൊപ്പം ചില പൊടിക്കൈകളും പരീക്ഷിക്കാവുന്നതാണ്.
കുഞ്ഞിന്റെ പരിചരണത്തോടൊപ്പം മുടിയുടെ പരിചരണമൊക്കെ എളുപ്പമാകണമെന്നില്ല. അതുകൊണ്ട് തന്നെ നീണ്ട മുടിയാണെങ്കില്‍ നീളം കുറയ്ക്കുക. കുഞ്ഞിനെയെന്ന പോലെ മുടിയെയും സൗമ്യമായി പരിചരിക്കുക. അമര്‍ത്തി മുടി ചീകുന്നതും അമിത ചൂടോ തണുപ്പോ നല്‍കുന്നതുമൊക്കെ താല്ക്കാലികമായ് നിര്‍ത്തി വയ്ക്കുക. മുലയൂട്ടുന്ന സമയമായതിനാല്‍ ഭക്ഷണക്രമം ഏറെക്കുറെ സമീകൃതമായിരിക്കുമെങ്കിലും മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ ഇലക്കറികളും മറ്റും കൂടുതലായി ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക. ഗര്‍ഭകാലത്ത് കഴിച്ചിരുന്ന പല വൈറ്റമിന്‍ സപ്ലിമെന്റ്സുകളും പ്രസവശേഷം നിര്‍ത്താറുണ്ട്. ആവശ്യമെങ്കില്‍ ഡോക്ടറോട് ചോദിച്ച് ഈ സപ്ലിമെന്റ്സുകള്‍ തുടരാവുന്നതാണ്. പരമാവധി ഷാംപൂ ഉപയോഗം കുറച്ച് ശിക്കാക്കായ്, ചെറുപയര്‍ പൊടി ഇവ ഉപയോഗിക്കുക. ഇനി ഷാംപു ഉപയോഗിക്കാതെ തരമില്ലെങ്കില്‍ ബയോട്ടിനും സിലിക്കയുമടങ്ങിയ ഷാംപൂ മാത്രം തിരഞ്ഞെടുക്കുക.
മുടിയുടെ സംരക്ഷണവും ആയുര്‍വേദവും
മുടി കൊഴിച്ചിലിന് ആയുര്‍വേദ പരിഹാരം തേടുന്നവരുടെ എണ്ണവും കൂടി വരികയാണ്. വിരുദ്ധ ആഹാരം, പിത്തദോഷ പ്രകോപനം എന്നു തുടങ്ങി മലിനജലത്തിന്റെ ഉപയോഗം വരെ മുടി കൊഴിച്ചിലിന് കാരണമാവാറുണ്ടെന്നാണ് ആയുർവേദം പറയുന്നത്. ക്രമരഹിതമായ ജീവിതശൈലി, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ഹോര്‍മോണ്‍ വ്യതിയാനം, രക്തക്കുറവ് ഇവയും സാധാരണ രീതിയിൽ മുടി കൊഴിച്ചിലിന് കാരണമാകാറുണ്ടെന്ന് ശ്രീപെരുംബത്തൂര്‍ ധര്‍മ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഡോ. ഫെബിന് ജോയ് പറയുന്നു.
മുടിയുടെ ആരോഗ്യത്തിന് ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്ന നിരവധി എണ്ണകളുണ്ട്. നീലഭൃഗാംദികേരം, മാലത്യാദികേരം, ചെമ്പരത്ത്യാദികേരം, പാമാന്തക തൈലം, കയ്യുന്ന്യാദി തൈലം, ത്രിഫലാദി തൈലം, കുന്തളകാന്തി തൈലം എന്നിവ അവയിൽ ചിലതു മാത്രം. എണ്ണ തേച്ചുളള കുളി മുടിയുടെ ആരോഗ്യം വീണ്ടെടുക്കും.
സമയമുണ്ടെങ്കില്‍, വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ചില ഹെയര്‍പാക്കുകളും മുടിയ്ക്ക് നല്ലതാണെന്ന് ഡോ.ഫെബിന് പറയുന്നു.
എളുപ്പത്തില്‍ വീട്ടിൽ തയ്യാറാക്കാവുന്ന ചില മിശ്രിതങ്ങള്‍:
കയ്യൂന്നിയുടെ ഇല വെള്ളം ചാലിച്ച് നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിലിനും അകാലനരയ്ക്കും നല്ലതാണ്.
പച്ച നെല്ലിക്കയോ ഉണക്ക നെല്ലിക്കയോ കുഴമ്പ് രൂപത്തിലാക്കി, നാരില്ലാതെ അരച്ചെടുത്ത് അരമണിക്കൂര്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. (നീരിറക്കം ഉള്ളവര്‍ ഇത് ചെയ്യരുത്.)
കറ്റാര്‍വാഴയുടെ പള്‍പ്പ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും മുടിക്ക് നല്ല നിറം ലഭിക്കാനും ഉത്തമമാണ്.
ഉലുവ പേസ്റ്റാക്കി പതിനഞ്ച് മിനിറ്റ് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും മുടി കൊഴിച്ചില്‍ തടയും.
എണ്ണയായാലും ഹെയര്പാക്കായാലും ഉപയോഗിച്ച ശേഷം മുടി കഴുകാന്‍ ശിക്കാക്കായുടെ പൊടി ഉപയോഗിക്കുന്നതാണ് ഉത്തമം. ശിക്കാക്കായ് മിക്ക ആയുര്‍വേദ കടകളിലും ലഭ്യമാണ്. അല്ലെങ്കില്‍ ചെറുപയര്‍ പൊടിയോ വിവിധതരം താളികളോ ഉപയോഗിക്കാം.
തലയോട്ടിയില്വേണം ഈ മരുന്നുകളൊക്കെ തേയ്ക്കുന്നത്. മുടിയിഴകളിലോ തുമ്പത്തോ മാത്രം മിശ്രിതമോ എണ്ണയോ തേയ്ക്കുന്നത് ഗുണം ചെയ്യില്ല. അതുപോലെ, നനഞ്ഞ മുടി കെട്ടി വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. മുടി പൊട്ടിപ്പോകാനും വിണ്ടുകീറുന്നതിനും ഇത് കാരണമാകും.
മുടിയ്ക്ക് സ്പാ ചെയ്യുമ്പോൾ
ആരോഗ്യപരമായ പ്രശ്നങ്ങള്‍ തന്നെയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമെന്ന് പ്രശസ്ത ഹെയര്‍ സ്പെഷലിസ്റ്റായ വിജിയും ചൂണ്ടിക്കാട്ടുന്നു. പൃഥിരാജ് ഉള്‍പ്പെടെയുള്ള നിരവധി സിനിമാ താരങ്ങളുടെ ഹെയര്‍ സ്റ്റൈലിസ്റ്റായ വിജി, വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. തിരുവനന്തപുരം കണ്ണമൂലയില്‍ ഫെയര്‍ പാര്‍ലര്‍ എന്ന പേരില്‍ വിജി നടത്തുന്ന സലൂണില്‍ ദിവസവും മുടി കൊഴിച്ചിലിന് പരിഹാരം തേടിയെത്തുന്നവര്‍ നിരവധിയാണ്.
വിറ്റാമിനുകളുടെ കുറവും മറ്റ് ശാരീരിക പ്രശ്നങ്ങള്‍ക്കും പുറമെ താരനും തലയോട്ടിയിലുണ്ടാകുന്ന വരള്‍ച്ചയും മുടി കൊഴിച്ചിലിന് വഴിയൊരുക്കും. പൂര്‍ണമായും ഇല്ലാതാക്കാനാകില്ലെങ്കിലും പലതരം ട്രീറ്റ്മെന്റുകളിലൂടെ ഇവ നിയന്ത്രണ വിധേയമാക്കാനാകുമെന്ന് വിജി പറയുന്നു. ബാലന്‍സ്ഡ് സ്കാള്‍പ്, ആന്റി ഡാന്‍ഡ്രഫ് എന്നിങ്ങനെ താരനെ നിയന്ത്രിക്കാനുള്ള വിവിധ ട്രീറ്റ്മെന്റുകള്‍ പാര്‍ലറുകളില്‍ ലഭ്യമാണ്.
തലമുടിയുടെ സ്വഭാവമനുസരിച്ച് വിവിധതരം സ്പാകളും ചെയ്യാവുന്നതാണ്. മാസത്തിലൊരിക്കല്‍ ഹെയര്‍ സ്പാ ചെയ്യുന്നത് താരന്റെ ഉപദ്രവം കുറയ്ക്കാന്‍ സഹായിക്കും. മുടിയില്‍ അധികമുള്ള എണ്ണ കഴുകി കളയാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ചെയ്യാം. ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍ സള്‍ഫേറ്റ് ഫ്രീയായിട്ടുള്ളതും മുടിയുടെ സ്വഭാവമനുസരിച്ചുളളതും ആവണമെന്നും വിജി നിര്‍ദേശിക്കുന്നു.
Read more: ഉറക്കം പ്രശ്നമാണോ? നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍