ഏറ്റവും കൂടുതൽ നീളം കൂടിയ മുടിയുളള കൗമാരക്കാരി എന്ന ഗിന്നസ് റെക്കോർഡിന് ഉടമയായിരിക്കുകയാണ് ഇന്ത്യക്കാരിയായ പെൺകുട്ടി. ഗുജറാത്തിൽനിന്നുള്ള 16 കാരി നിലൻഷി പട്ടേൽ ആണ് ഈ നേട്ടം കൈവരിച്ചത്. 170.5 സെന്റിമീറ്ററാണ് നിലൻഷിയുടെ മുടിയുടെ നീളം.
പത്ത് വർഷങ്ങൾക്കുമുൻപാണ് നിലൻഷി മുടി വളർത്താൻ തീരുമാനിച്ചത്. അന്നു മുതൽ ഇന്നുവരെ മുടി മുറിച്ചിട്ടേയില്ല. ”ഒരു തവണ മുടി മുറിച്ചത് ശരിയായില്ല. അന്നു തീരുമാനിച്ചു, ഇനി മുടി മുറിക്കില്ലെന്ന്. അന്നെനിക്ക് ആറു വയസ്സായിരുന്നു. അതിനുശേഷം ഞാൻ മുടി മുറിച്ചിട്ടേയില്ല,” നിലൻഷി പറഞ്ഞു.
ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നിലൻഷി മുടി കഴുകുന്നത്. മുടി കഴുകാനും ചീകാനും അമ്മയാണ് നിലൻഷിയെ സഹായിക്കുന്നത്. ”ആളുകൾ വിചാരിക്കുന്നത് ഈ മുടി കാരണം എനിക്കൊരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെന്നാണ്. പക്ഷേ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്നെ സംബന്ധിച്ച് എന്റെ അഴകാണ് ഈ മുടി,” നിലൻഷി പറഞ്ഞു.