/indian-express-malayalam/media/media_files/uploads/2023/07/Kiss.jpg)
(Source: Pixabay)
ഗിന്നസ് റെക്കോർഡുകൾ പല തരത്തിലുണ്ട്. ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനും ഗിന്നസ് റെക്കോർഡ് ഉണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു റെക്കോർഡ് മത്സരം നിലവിലില്ല. തായ്‌ലാൻഡിൽനിന്നുള്ള ദമ്പതികളായ എക്കാച്ചായിയും ലക്സന തിറനാറ്റാറ്റുമാണ് ഏറ്റവും പുതിയ റെക്കോർഡ് നേടിയത്. 58 മണിക്കൂറും 35 മിനിറ്റുമാണ് ഇവരുടെ ചുംബനം നീണ്ടു നിന്നത്. 2013 ഫെബ്രുവരി 12 തുടങ്ങിയ ചുംബനം രണ്ടു ദിവസം കഴിഞ്ഞ് വാലന്റൈൻസ് ഡേയിലാണ് അവസാനിച്ചത്.
എന്നാൽ, 2013 നുശേഷം ഈ മത്സരം നിർത്തലാക്കി. ഗിന്നസ് ലോക റെക്കോർഡിന്റെ സംഘാടകര്‍ തന്നെയാണ് ഇത് പിന്‍വലിച്ചത്. മത്സരം വളരെ അപകടകരമായി മാറിയതിനാലും ദീർഘനേരം ചുംബിക്കുമ്പോൾ അവരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നതുമാണ് റെക്കോർഡ് നിർത്തലാക്കാൻ കാരണമായി അറിയിച്ചത്.
മത്സരത്തിനുള്ള നിബന്ധനകൾ ഇവയായിരുന്നു
- ചുംബനം തുടർച്ചയായിരിക്കണം, ചുണ്ടുകൾ എപ്പോഴും സ്പർശിക്കണം. ചുണ്ടുകൾ വേർപെടുത്തിയാൽ ദമ്പതികൾ ഉടൻ തന്നെ അയോഗ്യരാകും
- മത്സരാർത്ഥികൾക്ക് സ്ട്രോ ഉപയോഗിച്ച് ദ്രാവകാവസ്ഥയിലുള്ള ഭക്ഷണങ്ങൾ കഴിക്കാം, എന്നാൽ ചുണ്ടുകൾ പൂർണമായും വേർപെടുത്താൻ പാടില്ല
- ദമ്പതികൾ എപ്പോഴും ഉണർന്നിരിക്കണം
- മത്സരാർത്ഥികൾ മുഴുവൻ സമയവും നിൽക്കണം, ഒരു സഹായവും സ്വീകരിക്കാൻ പാടില്ല
- വിശ്രമത്തിന് സമയം അനുവദനീയമല്ല
- കമിതാക്കൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും, അപ്പോഴും ചുംബിച്ചുകൊണ്ടേയിരിക്കണം
മത്സരത്തിനിടയിൽ വിശ്രമിക്കാൻ അനുവാദമില്ലാത്തതിനാൽ പങ്കെടുക്കുന്നവർക്ക് ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട സൈക്കോസിസ് പോലുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. മുമ്പ് മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
1999-ലെ റെക്കോർഡ് ഉടമകളായ കർമിത് സുബേര, ഡ്രോർ ഓർപാസ് (ഇസ്രായേൽ) എന്നിവർ 30 മണിക്കൂറും 45 മിനിറ്റും ചുംബിച്ചതിന് ശേഷം ചെറിയ ബോധമേ ഉണ്ടായിരുന്നുള്ളൂ. മത്സരശേഷം ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. 2004-ൽ 37-കാരനായ ആൻഡ്രിയ സാർട്ടിക്ക് (ഇറ്റലി) തന്റെ കാമുകി അന്ന ചെനെ (തായ്‌ലൻഡ്) 31 മണിക്കൂർ 18 മിനിറ്റ് ചുംബിച്ചതിന് ശേഷം ഓക്സിജന്റെ സഹായം തേടേണ്ടതായി വന്നു. 2011-ൽ ഒരു മത്സരത്തിൽ പങ്കെടുത്ത ഒരു സ്ത്രീ വെറും 30 മിനിറ്റിനുള്ളിൽ ബോധരഹിതയായി.
ഏറ്റവും ദൈർഘ്യമേറിയ ചുംബന റെക്കോർഡ് നിലവിൽ ഇല്ലെങ്കിലും, അതിനു പകരമായി ഏറ്റവും ദൈർഘ്യമേറിയ ചുംബന മാരത്തൺ ഉണ്ട്. ഈ മത്സരത്തിൽ ചുംബനത്തിന്റെ തുടർച്ചയായ ഓരോ മണിക്കൂറിനു ശേഷവും അഞ്ച് മിനിറ്റ് വിശ്രമം നൽകും. ഈ ഇടവേളയിൽ, മത്സരാർത്ഥികൾക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും ചുണ്ടുകൾ വേർപെടുത്താനും അനുവാദമുണ്ട്. ഏറ്റവും ദൈർഘ്യമേറിയ ചുംബന മാരത്തണിൽ നിലവിൽ ആർക്കും റെക്കോർഡ് ഇല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.