ദൈനംദിന പിരിമുറുക്കം, ഉറക്കക്കുറവ്, സ്‌ക്രീൻ സമയം എന്നിവ നമ്മുടെ കണ്ണുകളെ വളരെയധികം ബാധിക്കുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം അതിലോലമാണ്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ആദ്യം കണ്ടുതുടങ്ങുന്നതും ഇവിടെയാണ്. അതുപോലെ, പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ അഥവാ ഡാർക്ക് സർക്കിൾസ്.
ഇത് ജീവിതശൈലി കൂടാതെ പോഷകാഹാരക്കുറവ് മൂലവും ഉണ്ടാകുന്നു. സമീകൃതാഹാരം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ ഇവ തടയാൻ കഴിയും. വിപണിയിൽ ധാരാളം ഐ ക്രീമുകൾ ലഭ്യമാണ്. എന്നാൽ തെറ്റായ ഉൽപ്പന്നം തിരഞ്ഞെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വീട്ടുവൈദ്യങ്ങളിലൂടെ ഇവ ചികിത്സിക്കാൻ സാധിക്കുമെന്ന്, ആയുർവേദ വിദഗ്ധയായ ഡോ ഡിംപിൾ ജംഗ്ദ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
ഉരുളക്കിഴങ്ങ്: വെളുത്ത ഉരുളക്കിഴങ്ങിന്റെ നീര് അരിച്ചെടുത്ത് കണ്ണിന് ചുറ്റും പുരട്ടുക. ഉരുളക്കിഴങ്ങിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. “ഇതിലെ ആക്ടീവ് എൻസൈമുകൾ, വിറ്റാമിൻ സി, സ്റ്റാർച്ച് എന്നിവ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന് പോഷണം നൽകുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു,” ഡോ ഡിംപിൾ പറയുന്നു.
കറ്റാർ വാഴ: “അലോസിൻ എന്ന രാസ സംയുക്തത്താൽ സമ്പന്നമായ ഇത് പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്നു,” ഡോ.ഡിംപിൾ പറഞ്ഞു. കറ്റാർ വാഴ ജലാംശം നൽകാനും കണ്ണിന് താഴെയുള്ള ചർമ്മത്തെ കൂടുതൽ മൃദുലമാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. “കൂടുതൽ സമ്മർദ്ദം ചെലുത്താതെ മോതിരവിരൽ ഉപയോഗിച്ച് കണ്ണുകൾക്ക് ചുറ്റും കറ്റാർ വാഴ മൃദുവായി മസാജ് ചെയ്യാം. നാരങ്ങാനീര്, തേൻ അല്ലെങ്കിൽ റോസ് വാട്ടർ പോലുള്ള മറ്റ് ചേരുവകളുമായി മിക്സ് ചെയ്തും ഉപയോഗിക്കാം, ”ഡോ. ഡിംപിൾ പറയുന്നു.
ബദാം എണ്ണ: വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഇത്. കൂടാതെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. മികച്ച എമോലിയന്റായ എണ്ണ കണ്ണുകൾക്ക് ചുറ്റുമുള്ള അതിലോലമായ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മോതിരവിരൽ കൊണ്ട് മസാജ് ചെയ്യുന്നത് ചർമ്മത്തിന്റെ ഉപരിതലത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും അതുവഴി ഡാർക്ക് സർക്കിൾസ്, ക്ഷീണത്തിന്റെ ലക്ഷണങ്ങൾ, നേർത്ത വരകൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു,” വിദഗ്ധ പറയുന്നു. കൂടാതെ ബദാം ഓയിൽ തേനിൽ കലർത്തിയും കണ്ണിനു ചുറ്റും പുരട്ടാം.
കുങ്കുമം: തണുത്ത പാലിൽ 2-3 കുങ്കുമപ്പൂവ് മുക്കിവയ്ക്കുക. ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് കണ്ണുകൾക്ക് ചുറ്റും പുരട്ടുക. കുങ്കുമപ്പൂവ് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത വൃത്തങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. കുങ്കുമപ്പൂവ് ആന്റിഓക്‌സിഡന്റുകളാലും ഫ്ലേവനോയ്ഡുകളാലും സമ്പന്നമാണ്. ആൻറി ഓക്സിഡൻറുകൾ ശരീരത്തെ ദോഷകരമായ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ ബാഗുകൾ: “ഫിനോളിക് സംയുക്തങ്ങളുടെ സമൃദ്ധമായ ഉറവിടമായ കോൾഡ് ബ്ലാക്ക് അല്ലെങ്കിൽ ഗ്രീൻ ടീ ബാഗുകൾ 10-15 മിനിറ്റ് കണ്ണുകളുടെ മുകളിൽ വെയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് കുറയ്ക്കാൻ സഹായിക്കുന്നു,” ഡോ. ഡിംപിൾ പറഞ്ഞു. കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകൾ ചുരുക്കാനും രക്തയോട്ടം നിയന്ത്രിക്കാനും കഫീൻ സഹായിക്കും.