Good Friday, 18 April 2019: ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണമാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ദുഃഖവെള്ളി.
തനിക്ക് മുന്നിലുള്ള പീഡാനുഭവങ്ങള്‍ കഴിയുമെങ്കില്‍ മാറ്റിത്തരാന്‍ പിതാവായ ദൈവത്തോട് രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ദൈവപുത്രനെക്കുറിച്ച് പുതിയ നിയമത്തിലെ നാല് സുവിശേഷകരും പറയുന്നുണ്ട്. ഒടുവില്‍ “എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇത് കടന്നു പോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ,”(മത്തായി 26:42) എന്ന് പറഞ്ഞ് കുരിശുമരണത്തിന് യേശു ഒരുങ്ങുന്നു.
ആ രാത്രി ഗത്സേമനിയിലെ പ്രാര്‍ത്ഥനയ്ക്കൊടുവില്‍ ശിഷ്യന്മാരിലൊരുവനായ യൂദാസ് സ്കറിയോത്ത ക്രിസ്തുവിനെ പുരോഹിതപ്രമാണികള്‍ക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തു. പിന്നീട് വിചാരണകള്‍ക്കൊടുവില്‍ ദേശാധിപതിയായ പീലാത്തോസ്, ജനങ്ങളുടെ ആവശ്യപ്രകാരം യേശുവിനെ കുരിശുമരണത്തിന് വിധിക്കുന്നു. ഇതിനിടയില്‍ ശിഷ്യരിലൊരുവനായ പത്രോസ് മൂന്നു തവണ ക്രിസ്തുവിനെ തളളിപ്പറഞ്ഞു.
പീലാത്തോസിന്റെ ഭവനം മുതല്‍ കുരിശില്‍ തറയ്ക്കാന് നിശ്ചയിച്ചിരുന്ന ഗാഗുല്‍ത്താ (തലയോടിടം എന്നര്‍ത്ഥം) വരെ മരക്കുരിശുമേന്തി, തലയില്‍ മുള്‍ക്കിരീടവും, വഴിയില്‍ ചാട്ടവാറടിയും പരിഹാസവുമായിട്ടായിരുന്നു യേശുവിന്റെ യാത്ര. ആവശ്യത്തിലേറെ ക്ഷീണതിനായിരുന്ന യേശുവിന് ഭാരമേറിയ കുരിശും വഹിച്ചുള്ള യാത്ര ദുസ്സഹമായിരുന്നു. വഴിയില്‍ തന്റെ അമ്മയായ മറിയത്തെയും യേശു കാണുന്നുണ്ട്. അന്ന് നിലനിന്നിരുന്നതില്‍ ഏറ്റവും മോശമായ വധശിക്ഷ രീതിയായിരുന്നു കുരിശുമരണം. അങ്ങനെ മൂന്നാണിയില്‍ ദൈവപുത്രനെ ക്രൂശിലേറ്റിയ വെള്ളിയാഴ്ചയാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ വലതും ഇടതും ഭാഗത്തും ഓരോ കള്ളന്മാരെയും കുരിശിലേറ്റിയിരുന്നു.
‘കുരിശിന്റെ വഴി’
ദുഃഖവെള്ളിയാഴ്ച ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറില്ല. പകരം യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള ‘കുരിശിന്റെ വഴി’ പ്രധാനമാണ്. പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിന്റെ വഴി പൂര്‍ത്തിയാക്കുന്നത്. മലയാറ്റൂര്‍, വയാനാട് ചുരം, വെള്ളറടയിലെ കുരിശുമല, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല എന്നിങ്ങനെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം വലിയ കുരിശുമേന്തി തീര്‍ഥാടകര്‍ ദുഃഖവെള്ളിയാഴ്ച എത്താറുണ്ട്. പരിഹാരപ്രദക്ഷിണമെന്നും കുരിശിന്റെ വഴിയെ വിളിക്കാറുണ്ട്. പരിഹാരപ്രദക്ഷിണത്തിന് ശേഷം പാവയ്ക്കാ നീര് (കയ്പ് നീര്) കൊടുക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. കുരിശില്‍ കിടക്കുമ്പോള്‍, തൊണ്ട വരണ്ടപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയത്. ഈ സംഭവത്തിന്റെ പ്രതീകമായാണ് കയ്പ് നീര് കുടിക്കല്‍.
ദുഃഖവെള്ളിയാഴ്ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. അതും സസ്യാഹാരമായിരിക്കും. പൊതുവെ ക്രൈസ്തവ ഭവനങ്ങളില്‍ മരിച്ച വീടിന്റെ പ്രതീതിയായിരിക്കും അന്ന്.
ഓർത്തഡോക്സ് സഭകളില്‍ ദുഃഖവെള്ളിയാഴ്ച ദീർഘമായ ശുശ്രൂഷകളാണ്. പ്രദക്ഷിണങ്ങൾ, കുരിശു കുമ്പിടീൽ ചടങ്ങുകളും ഉണ്ടാകാറുണ്ട്. പശ്ചാത്താപ പ്രാര്‍ത്ഥനകളും ദൈവസ്നേഹത്തിന്റെ വിവരണങ്ങളും രക്ഷാകരപദ്ധതിയുമൊക്കെ ഉള്‍പ്പെടുത്തിയുള്ള ലഘുപ്രഭാഷണങ്ങളിലൊതുക്കും പ്രൊട്ടസ്റ്റന്റ് സഭകളിലെ ചടങ്ങുകള്‍. ബാപ്റ്റിസ്റ്റ്, പെന്തക്കൊസ്ത് സഭകള്‍ കുരിശുമരണത്തെ ആരാധിക്കാറില്ലാത്തത് മൂലം ദുഖഃവെള്ളിയാഴ്ചകളും ആചരിക്കാറില്ല.
പുത്തന്‍പാന
മലയാള, സംസ്കൃത ഭാഷകളില്‍ പണ്ഡിതനായിരുന്ന, ജര്‍മന്‍ വൈദികനായിരുന്ന അര്‍ണോസ് പാതിരി ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ് പുത്തന്‍പാന. പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ മാതൃകയില്‍ തന്നെയാണ് അര്‍ണോസ് പാതിരി പുത്തന്‍പാനയും രചിച്ചിരിക്കുന്നത്. പതിനാലു പാദങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതിയില്‍ ലോകാരംഭം മുതല്‍ ക്രിസ്തുവിന്റെ മരണം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുരാതന കത്തോലിക്കാ കുടുംബങ്ങളില്‍ അന്‍പത് നോയമ്പിന്റെ കാലത്ത് പുത്തന്‍പാന വായന പതിവായിരുന്നു. ശവസംസ്കാരത്തിന്റെ തലേ രാത്രിയും പുത്തന്‍പാന വായിക്കുന്ന പതിവുണ്ടായിരുന്നു. പുത്തന്‍പാന ചൊല്ലുന്നതിന് പ്രത്യേക രീതിയും ശൈലിയുമൊക്കെയുണ്ട്. ഇപ്പോള്‍ പുത്തന്‍പാന വായന ദുഃഖവെള്ളിയാഴ്ചകളില്‍ മാത്രമായി ചുരുങ്ങി. പുത്തന്‍പാന പാരായണം പോഷിപ്പിക്കുന്നതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ മല്‍സരങ്ങളും സംഘടിപ്പിക്കുന്നുണ്ട് ഇപ്പോള്‍.
നമ്മുടെ ദുഃഖ വെള്ളി അവര്‍ക്ക് ഗുഡ് ഫ്രൈഡേ
ദുഃഖ വെള്ളിയെ ഇംഗ്ലീഷുകരിച്ചാല് ‘സാഡ് ഫ്രൈഡേ’ എന്നല്ലേ വരേണ്ടത്. ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരു പോലെ വരുന്ന സംശയമാണിത്.
ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ മാനവരാശിയുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ദൈവരാജ്യത്തിന് അര്‍ഹത നേടിത്തന്നതിനെയാണ് പാശ്ചാത്യര്‍ ദുഖഃവെള്ളിയാഴ്ചയായി ഓര്‍ക്കുന്നത്. അതു കൊണ്ട് തന്നെ അവര്‍ക്കിത് പ്രത്യാശയുടെ അടയാളമാണ്, പ്രതീക്ഷയുടെ നല്ല വെള്ളിയാണ്. അതു കൊണ്ട് അവര്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്ന് വിളിച്ച് തുടങ്ങി. ഗോഡ് ഫ്രൈഡേയാകാം ഗുഡ് ഫ്രൈഡേ ആയതെന്നും കഥയുണ്ട്.
ജര്‍മ്മനിയില്‍ ഈ ദിവസം ആചരിക്കുന്നത് കാര്ഫ്രീടാഗ് (Karfreitag) ദുഃഖ വെള്ളിയായിട്ടാണ്. വിശുദ്ധ നാട്ടിലാകട്ടെ ബിഗ് ഫ്രൈഡേയും (Big Friday), ഹോളണ്ട്, ഗ്രീസ് പോലെയുള്ള രാജ്യങ്ങളില്‍ ഇത് ഹോളി ഫ്രൈഡേയുമാണ് (Holy Friday). ലത്തീനില്‍ വിശുദ്ധ വെള്ളിയെന്നാണ് അറിയപ്പെടുന്നത്.
ഏതൊക്കെ പേരില്‍ വിളിച്ചാലും ദൈവപുത്രന് വിണ്ണില്‍ നിന്നിറങ്ങി, മണ്ണില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച്, തന്റേതല്ലാത്ത പാപങ്ങള്‍ക്ക് കുറ്റക്കാരനായി ഒടുവില്‍ കുരിശിലേറി തിരുവെഴുത്ത് പൂര്‍ത്തിയാക്കിയതിന്റെ അനുസ്മരണമാണ് ദുഖഃ വെള്ളി.