scorecardresearch

മതിയായ പരിചരണം നൽകിയിട്ടും ചർമ്മം തിളങ്ങുന്നില്ലേ? എങ്കിൽ ഇതാവും കാരണം

ചർമ്മസംരക്ഷണത്തിൽ വരുത്തുന്ന ഈ പൊതുവായ തെറ്റുകളാവും വില്ലനാവുന്നത്

skincare, beauty tips, ie malayalam,skincare tips, three things for skincare, important things for skin, moisturise for healthy skin, sunscreen for healthy skin, cleanser for healthy skin, things to considered for healthy skin
പ്രതീകാത്മക ചിത്രം

മുഖക്കുരുവും പാടുകളും ഇല്ലാത്ത തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിളങ്ങുന്ന ചർമ്മം ലഭിക്കാനായി ക്ലെൻസറുകൾ, ടോണറുകൾ, വിവിധതരം സെറം, മോയ്സ്ചറൈസറുകൾ, സൺസ്‌ക്രീനുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്നവരും ഏറെയാണ്. എന്നാൽ ചർമ്മത്തിന് മതിയായ പരിചരണം നൽകിയിട്ടും ചർമ്മം തിളങ്ങുന്നില്ല, മങ്ങിയിരിക്കുന്നു എന്ന പരാതിയുള്ളവരും അനവധിയാണ്. എന്താവും ഇതിനു കാരണം? കോസ്‌മോഡെർമ സ്കിൻ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ.ദീപ്തി ഗ്രോവർ വിശദീകരിക്കുന്നു. “ഹോർമോൺ വ്യതിയാനങ്ങൾ, ഹോർമോണുകളുടെ കുറവ്, സമ്മർദ്ദം, കടുത്ത സൂര്യപ്രകാശം, ചില മരുന്നുകൾ കഴിക്കുന്നത്, ശീതകാലം പോലെയുള്ള കഠിനമായ കാലാവസ്ഥ എന്നിവയെല്ലാം ശരീരത്തിൽ ആന്തരികമായി മാറ്റും വരുത്തുകയും ഇത് ചർമ്മം വരണ്ടതാക്കുകയും ചെയ്യും.”

ചർമ്മസംരക്ഷണ ദിനചര്യയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും, ചർമ്മം തിളങ്ങുന്നതിന് വിഘാതമായി നിൽക്കുന്ന ചില പൊതുവായ തെറ്റുകളും ചൂണ്ടികാണിക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ആഞ്ചൽ പന്ത്.

“വളരെയധികം ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുക എന്ന ആശയം ആകർഷകമായി തോന്നുമെങ്കിലും ഇതെപ്പോഴും നിങ്ങളുടെ ചർമ്മത്തിന് നല്ലതാവണമെന്നില്ല. കൂടുതൽ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാം കൃത്യമായി ആഗിരണം ചെയ്യപ്പെടണമെന്നില്ല. മാത്രമല്ല ശരിയായ ഫലം പ്രകടമാവാനുള്ള സാധ്യതയും കുറവാണ്. അതിനാൽ മിനിമം ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക,” ഡോ. ആഞ്ചൽ പറയുന്നു.

ആവശ്യാനുസരണം സൺസ്ക്രീൻ റീ അപ്ലൈ ചെയ്യുക
നിങ്ങൾ ഏറ്റവും മികച്ച ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടാവും. എന്നാൽ നിങ്ങളുടെ ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കുന്നില്ലെങ്കിൽ ചർമ്മത്തിന്റെ കാര്യത്തിൽ പുരോഗതി കാണാനാവില്ല. മിക്കവരും ദിവസത്തിൽ ഒരു തവണ സൺസ്ക്രീൻ ഉപയോഗിക്കുന്നവരാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ സൺസ്ക്രീൻ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കേണ്ടി വരും. “പ്രത്യേകിച്ചും നിങ്ങൾ വെയിലിൽ ഇറങ്ങുകയോ ജനാലയ്ക്കരികിൽ ഇരിക്കുകയോ ദീർഘദൂരം വാഹനമോടിക്കുകയോ ഒക്കെ ചെയ്യുമ്പോൾ സൺസ്ക്രീൻ വീണ്ടും പുരട്ടാൻ മറക്കരുത്.”

ക്ഷമ വേണം
ഒരു സ്കിൻ കെയർ ഉത്പന്നം ഉപയോഗിച്ചു തുടങ്ങിാൽ അതിന്റെ ഫലം കണ്ടു തുടങ്ങാൻ സാധാരണ ഗതിയിൽ കുറഞ്ഞത് 4-6 ആഴ്ചകൾ ആവശ്യമാണ്. ക്ഷമയോടെ ഉത്പന്നം ഉപയോഗിക്കാൻ തയ്യാറാവണം. “നിങ്ങൾ വളരെ വേഗത്തിൽ ഉൽപ്പന്നങ്ങൾ മാറ്റുകയാണെങ്കിൽ, ആ ഉത്പന്നങ്ങൾക്ക് ചർമ്മത്തിൽ പ്രവർത്തിക്കാൻ വേണ്ട സമയവും സാവകാശവും നിങ്ങൾ നൽകുന്നില്ല എന്നാണ് അർത്ഥം.”

ഓവർ എക്സ്ഫോളിയേഷൻ
അമിതമായി എക്സ്ഫോളിയേഷൻ ചെയ്യരുത്. AHA, BHA അടങ്ങിയ ഉൽപ്പന്നങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഇന്ന് പലരും വരുത്തിവയ്ക്കുന്ന തെറ്റാണിത്. “നിങ്ങൾക്ക് വരണ്ട ചർമ്മമോ സാധാരണ ചർമ്മമോ ആണെങ്കിൽ മാസത്തിൽ രണ്ടുതവണ എക്സ്ഫോളിയേഷൻ മതിയാകും. എണ്ണമയമുള്ള ചർമ്മമോ കോമ്പിനേഷൻ സ്കിന്നോ ആണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മതിയാകും. നിങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ എക്സ്ഫോളിയേഷൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്,” ഡോക്ടർ ആഞ്ചൽ നിർദ്ദേശിക്കുന്നു.

നല്ല മോയ്സ്ചറൈസർ ഉപയോഗിക്കുന്നില്ല
ഏതൊരു ചർമ്മസംരക്ഷണ ദിനചര്യയുടെയും ഏറ്റവും ലളിതവും പ്രധാനപ്പെട്ടതുമായ ഭാഗമാണ് മോയ്സ്ചറൈസർ. “നിങ്ങൾ സെറം ഉപയോഗിക്കുന്നുണ്ടെങ്കിലും നല്ലൊരു മോയ്സ്ചറൈസർ കൂടെ ഉപയോഗിക്കണം. അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ ജലാംശമോ ആരോഗ്യമോ അനുഭവപ്പെടില്ല. എല്ലാ തരം ചർമ്മത്തിനും അനുയോജ്യമായ മോയ്സ്ചറൈസറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എല്ലാതരം ചർമ്മത്തിനും അത്യാവശ്യമായ ഒന്നാണ് മോയ്സ്ചറൈസർ.”

ആരോഗ്യകരമായ ഭക്ഷണവും പ്രധാനം
ചർമ്മത്തിനു പുറത്തു നിന്നു മാത്രമല്ല, അകത്തു നിന്നും പരിപാലനം വേണം. അതിനായി ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിൻതുടരുക. “പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയെല്ലാം സമീകൃതമായി അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ഡയറ്റിന്റെ ഭാഗമാക്കുക. പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപഭോഗം കുറയ്ക്കുക.”

സ്ഥിരമായി വ്യായാമം ചെയ്യുക
ചർമ്മം തിളങ്ങണമെങ്കിൽ ശരീരത്തിന് കൃത്യമായ വ്യായാമവും ആവശ്യമാണ്. ഒരു മാസമെന്ന് കണക്കിലെടുത്താൽ, ആഴ്ചയിൽ 4 മണിക്കൂർ വ്യായാമം ചെയ്യുന്നത് പോലും നിങ്ങളുടെ ചർമ്മത്തിൽ പോസിറ്റീവായ മാറ്റങ്ങൾ വരുത്തും. “പതിവായുള്ള വ്യായാമം സമ്മർദ്ദം നിയന്ത്രിക്കാനും ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു,” ഡോ. ആഞ്ചൽ കൂട്ടിച്ചേർത്തു.

  • വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരത്തിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കുന്നതും പ്രധാനമാണ്. കൃത്യമായ ഭക്ഷണക്രമം പിന്തുടരുക. നിങ്ങളുടെ ഭക്ഷണത്തിൽ സീസണൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. സംസ്കരിച്ചതും ജങ്ക് ഫുഡുകളും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
  • ഉറക്കക്കാര്യത്തിലും വേണം ശ്രദ്ധ. നല്ല ഉറക്കവും ഉറക്കത്തിനൊരു ദിനചര്യയും ഉണ്ടാക്കിയെടുക്കുക. നന്നായി ഉറങ്ങി രാവിലെ ഫ്രഷായി എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ചർമ്മവും ദിവസം മുഴുവൻ ഫ്രഷായിരിക്കും.
  • ടെൻഷൻ കുറക്കുക. സമ്മർദ്ദം വ്യക്തികളുടെ മാനസിക/ശാരീരിക കാര്യങ്ങൾക്കൊപ്പം ചർമ്മത്തേയും ബാധിക്കും. അതുപോലെ, സ്ക്രീൻ സമയം പരിമിതപ്പെടുത്താനും ശ്രമിക്കുക..
  • നിങ്ങൾ പുറത്തുപോവുന്നില്ല വീടിനുള്ളിൽ ചിലവഴിക്കുകയാണെങ്കിലും ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കുക. ചർമ്മത്തിന് ഇണങ്ങിയ സൺസ്ക്രീൻ തിരഞ്ഞെടുക്കുക. UVAയ്‌ക്കെതിരെ കുറഞ്ഞത് PA+++ പരിരക്ഷയുള്ള 30+ SPF സൺസ്ക്രീൻ വേണം തിരഞ്ഞെടുക്കാൻ.
  • പുകവലി ഉപേക്ഷിക്കുക. ആരോഗ്യത്തിനൊപ്പം ചർമ്മത്തിനും അതു ദോഷം ചെയ്യും. വാർദ്ധക്യ ലക്ഷണങ്ങൾ എളുപ്പത്തിൽ ശരീരത്തിൽ പ്രത്യക്ഷപ്പെടാൻ പുകവലി കാരണമാവും.
  • പ്രായം കൂടുന്നതിന് അനുസരിച്ച് ചർമ്മത്തിലും മാറ്റങ്ങൾ വരും. അതിനു അനുസരിച്ച് വേണ്ട ചർമ്മ സംരക്ഷണ ദിനചര്യകൾ പാലിക്കുക.
  • സോഷ്യൽ മീഡിയ, സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ പരസ്യം എന്നിവ മാത്രം കണ്ട് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കരുത്. ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് നിങ്ങളുടെ ചർമ്മത്തിന് ഇണങ്ങിയ പ്രൊഡക്റ്റുകൾ തിരഞ്ഞെടുക്കുക.

ശരിയായ പരിചരണം നൽകിയിട്ടും നിങ്ങളുടെ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ അതിന്റെ മൂലകാരണം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് ഡോ ഗ്രോവർ പറയുന്നു. “ശരീരത്തിലെ വിറ്റാമിനുകളുടെ അപര്യാപ്തത പരിഹരിക്കുക, കാലാവസ്ഥയ്ക്ക് അനുസൃതമായി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കുക എന്നിവയാണ് മറ്റ് പ്രധാന ഘട്ടങ്ങൾ. ആരോഗ്യകരമായ ഭക്ഷണവും പതിവ് വ്യായാമവും ഉൾപ്പെടെ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കണം. ഏതെങ്കിലും മരുന്നിന്റെ പാർശ്വഫലങ്ങൾ മൂലമാണോ ചർമ്മം മങ്ങിയതായി തുടരുന്നതെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് വിദഗ്ധോപദേശം നേടുക.”

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Glowing skin tips skincare routine diet lifestyle