സാന്റോ ഡോമിംഗോ : മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും ഗതിമാറ്റങ്ങളും ശാസ്ത്രത്തിനെന്നും അത്ഭുതവും ഗവേഷണവിഷയങ്ങളുമാണ്. പലപ്പോഴും കേട്ടുകേള്‍വിയി പോലുമില്ലാത്ത വാര്‍ത്തകള്‍ ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. അത് ഒറ്റപ്പെട്ടതല്ലാതാവുമ്പോള്‍ അതിലേറെ ജിജ്ഞാസയുളവാവുകയും ചെയ്യും. അത്തരത്തിലൊരു അപൂര്‍വ്വ പ്രതിഭാസമാണ് കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഡോമിനിക് റിപബ്ലിക്കിലെ ഒരു ചെറുഗ്രാമത്തെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.

ലാസ് സലിനസ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ അവരില്‍ പുരുഷ ജനനേന്ദ്രിയം വളരുന്ന ഒറ്റപ്പെട്ട പ്രതിഭാസം കണ്ടുവരുന്നത്.ഗുവെവെഡോസ് എന്നു പേരിട്ടിരിക്കുന്ന ഈ അവസ്ഥ ലാസ് സലിനസിലെ 90ല്‍ ഒരു കുട്ടിയില്‍ കണ്ടുവരുന്നു എന്നാണ് കണക്ക്. ഗർഭകാലത്ത് ഡിഹിഡ്രോ-ടെസ്റ്റോസ്റ്ററോൺ എന്ന് വിളിക്കപ്പെടുന്ന പുരുഷ ലൈംഗിക ഹോർമോണിന്‍റെ ഉത്പാദനം തടയുന്ന എന്‍സൈമുകളില്‍ വരുന്ന തകരാറാണ് ഈ അപൂര്‍വ്വ രൂപാന്തരത്തിലേക്ക് നയിക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീ ശരീരവുമായി ജനിച്ച ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നതോടെ ടെസ്റ്റോസ്റ്റിറോണിന്‍റെ ഒഴുക്ക് സംഭവിക്കുകയും പുരുഷ ജനനേന്ദ്രിയം മുളക്കുകയും ശബ്ദത്തിലടക്കം മാറ്റം വരുകയും ചെയ്യുന്നു.

ബിബിസിയുടെ ‘കൗണ്ടൗണ്‍ റ്റു ലൈഫ് – ദി എക്സ്ട്രാ ഓര്‍ഡിനറി മേകിങ് ഓഫ് യൂ’ എന്ന ഡോക്യുമെന്ററിയില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഡോക്യുമെന്ററി സംവിധായകന്‍ പരിചയപ്പെട്ട ഇരുപത്തിനാലുകാരനായ ജോണിയുടെ ആദ്യ പേര് ഫെലിസിറ്റിയ എന്നായിരുന്നു.
” ഞാന്‍ ആശുപത്രിയിലല്ല, വീട്ടിലാണ് ജനിക്കുന്നത്. ചെറുപ്പത്തില്‍ ഞാനൊരു ചുവന്ന കുപ്പായമായിരുന്നു ഇട്ടിരുന്നത്. എന്റെ ലിംഗം ഏതാണ് എന്ന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. ” അദ്ദേഹം പറഞ്ഞു.

“ഞാന്‍ സ്കൂളില്‍ പാവാട ധരിച്ചായിരുന്നു പോയത്. എനിക്ക് ഒരു പെണ്‍കുട്ടിയെപ്പോലെ വസ്ത്രംധരിക്കുവാന്‍ ഒട്ടും ഇഷ്ടമില്ലായിരുന്നു. ” ജോണിയെ പെണ്‍കുട്ടികള്‍ താത്പര്യപ്പെടുന്ന കളിപ്പാട്ടങ്ങള്‍ ആകര്‍ഷിച്ചില്ല എന്നും പറയുന്നു. “എനിക്ക് ഇപ്പോഴും ആണ്‍കുട്ടികളോടൊപ്പം കളിക്കാനായിരുന്നു താത്പര്യം.” ജോണി പറഞ്ഞു.

1970കളില്‍ ഗ്രാമം സന്ദര്‍ശിച്ച ഡോക്ടര്‍ ജൂലിയാന്‍ ഇമ്പെറാറ്റോവാണ് ഈ അപൂര്‍വ്വ സ്ഥിതിയെക്കുറിച്ച് ആദ്യമായി പുറംലോകത്തെ അറിയിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതൊരു അത്ഭുതമായി തന്നെ തുടരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ