ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിന്റെ കരിയ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി. രജപുത്ര റാണിയുടെ വേഷത്തിലാണ് ദീപിക ചിത്രത്തിലെത്തുന്നത്. ഇതിലെ ദീപികയുടെ കഥാപാത്രത്തോടൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ദീപികയുടെ വസ്ത്രവും. പത്മാവതി സിനിമയിലെ ഹൈലൈറ്റുകളിൽ ഒന്നാണ് ചിത്രത്തിലെ താരങ്ങളുടെ വസ്ത്രങ്ങൾ.

പത്മാവതിയിലെ ആദ്യഗാനത്തിന്റെ വിഡിയോ അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ദീപികയുടെ ഡാൻസിന് ഹൈലൈറ്റ് നൽകിക്കൊണ്ടുളള ‘ഗൂമർ’ എന്ന ഗാനമാണ് പുറത്തുവന്നത്. എന്നാൽ ദീപികയുടെ ഡാൻസിനൊപ്പം തന്നെ ഏവരുടെയും ശ്രദ്ധ നേടിയത് ദീപികയുടെ വസ്ത്രമായിരുന്നു. മനോഹരമായ വർക്കുകൾ നിറഞ്ഞ ലെഹങ്കയായിരുന്നു ദീപിക ധരിച്ചിരുന്നത്. ഈ ലെഹങ്കയുടെ ഭാരത്തെക്കുറിച്ചുളള അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 20 കിലോഗ്രാം ഭാരമുളള ലെഹങ്കയാണ് ദീപിക അണിഞ്ഞതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്രയും ഭാരം നിറഞ്ഞ ലെഹങ്ക ധരിച്ചുകൊണ്ടാണ് വളരെ വേഗത്തിൽ ദീപിക നൃത്തം ചെയ്തതെന്നു ഓർക്കുമ്പോൾ താരത്തോട് ഏറെ ബഹുമാനം തോന്നും. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്ത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറുളള ചുരുക്കം ചില ബോളിവുഡ് നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ.

13-14 നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തിലെ വസ്ത്രങ്ങൾ ഒരുക്കാൻ ആയിരക്കണക്കിന് പേരുടെ വർഷങ്ങൾ നീണ്ട അധ്വാനം വേണ്ടിവന്നിട്ടുണ്ട്. പ്രശസ്ത ഡിസൈനർമാരായ റിംപിൾ, ഹർപ്രീത് നെരൂല കൂട്ടുകെട്ടാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്. ചിത്രത്തിനു വേണ്ട വസ്ത്രങ്ങൾ തയാറാക്കുക ശരിക്കും കഷ്ടപ്പെടുത്തിയ പണിയായിരുന്നെന്ന് റിംപിളും ഹർപ്രീതും നേരത്തെ പറഞ്ഞിരുന്നു. അക്കാലത്തെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആധികാരിക രേഖകളൊന്നും ഉണ്ടായിരുന്നില്ല. ജയ്പൂരിലെയും അഹമ്മദാബാദിലെയും മ്യൂസിയങ്ങൾ സന്ദർ‌ശിച്ചും വിവിധയിടങ്ങളിലെ പെയിന്റിങ്ങുകൾ, യാത്രാവിവരണങ്ങൾ, ചരിത്രപുസ്തകങ്ങൾ എന്നിവയെല്ലാം പഠിച്ചാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്നും ഇരുവരും പറഞ്ഞിരുന്നു.

എംബല്ലിഷ്മെന്റുകളും എംബ്രോയ്ഡറിയും ഇടകലർന്ന ഹെവി എംബല്ലിഷ്ഡ് സാരികളാണ് ദീപിക പത്മാവതിയിൽ ധരിക്കുന്നത്. ദുപ്പട്ടയുടെ ബോർഡറുകളിൽ ട്രഡീഷനൽ ജല്ലർ വർക്കുകളും ഉണ്ട്. വസ്ത്രങ്ങളുടെ ബോർഡറുകളിൽ രാജസ്ഥാനിലെ തനതു ഡിസൈനിങ് വർക്കുകളും ആർക്കിടെക്ചറൽ ഡിസൈനുകളും കൊണ്ടാണ് അലങ്കരിച്ചിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook