‘ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ, അതുകൊണ്ട് ഒരു വിവാഹമൊക്കെ കഴിക്കാം’, വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോഴുളള നമ്മുടെ സ്ഥിരം വാചകമാണിത്. എന്നാല്‍ വിവാഹം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പുതിയ പഠനം. പങ്കാളിക്കൊപ്പമുളള ജീവിതം ഹൃദയരോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലമായി 42നും 77നും പ്രായത്തിന് ഇടയിലുളള 20 ലക്ഷത്തോളം പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. യൂറോപ്പ്, ഉത്തര അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലുളള ജനങ്ങളിലാണ് പഠനം നടത്തിയത്. ദമ്പതിമാരെ അപേക്ഷിച്ച്, വിവാഹമോചിതര്‍, വിധവകള്‍, വിവാഹം കഴിക്കാത്തവര്‍, എന്നിവര്‍ക്ക് 42 ശതമാനം അധികം ഹൃദയ സംബന്ധമായ രോഗമുണ്ടാവാന്‍ സാധ്യതയുണ്ട്.

വിവാഹം കഴിക്കാത്തവര്‍ക്ക് രക്തധമനി സംബന്ധമായ പ്രശ്‌നം കാരണമുളള ഹൃദയരോഗത്തിലൂടെ 42 ശതമാനം അധികം മരണസാധ്യതയുണ്ട്. അതേസമയം വിവാഹം കഴിച്ചവരെ അപേക്ഷിച്ച് ഇത്തരക്കാര്‍ക്ക് പക്ഷാഘാതത്തിലൂടെ 55 ശതമാനം അധികം മരണസാധ്യതയും കല്‍പ്പിക്കപ്പെടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഏകദേശം സമാനമായ ശതമാനമാണ് ഇത് കണക്കാക്കുന്നത്. അതേസമയം പക്ഷാഘാതം പുരുഷന്മാരിലാണ് കൂടുതലായി ഉണ്ടാവുന്നത്.

ബ്രിട്ടനിലെ റോയല്‍ സ്റ്റോക് ഹോസ്‌പിറ്റലിലെ ഹൃദയരോഗ വിദഗ്‌ധരാണ് പഠനത്തിന് ചുക്കാന്‍​ പിടിച്ചത്. വയസ്, പുരുഷന്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പുകവലി, പ്രമേഹം എന്നിവയാണ് ഹൃദയരോഗത്തിന് അഞ്ചില്‍ നാലും കാരണമാവുന്നത്. അതേസമയം ഒരേ ലിംഗത്തിലുളളവര്‍ വിവാഹം ചെയ്‌താല്‍ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പഠനത്തില്‍ വ്യക്തതയില്ല.

എന്തു കൊണ്ടാണ് വിവാഹിതരായവരില്‍ ഹൃദയരോഗങ്ങള്‍ കുറയുന്നത് എന്നതിന്റെ കാരണം പഠനത്തില്‍ വ്യക്തമാക്കുന്നില്ല. ഇതിന് പല തിയറികളും ഉണ്ടെന്നാണ് ഗവേഷകരുടെ വാദം. ഒരാളുടെ ആരോഗ്യ സംരക്ഷണത്തിന് മറ്റൊരാള്‍ കൂടി ഉണ്ടെന്ന വിശ്വാസമാണ് ഇതില്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മരുന്നുകള്‍ കൃത്യമായ സമയത്ത് പങ്കാളി ലഭ്യമാക്കാന്‍ ഉള്ളതും ഗുണം ചെയ്യും. ഇരട്ട വരുമാനവും ഇരട്ട പെന്‍ഷനും മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതായും വാദമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ