മാഡ്രിഡ്: സ്പെയിനിലെ ഒരു ഗ്രാമത്തില്‍ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതം കൂറി നില്‍ക്കുകയാണ്. കാരണം ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ ആരോ പണം കൊണ്ട് വെക്കുകയാണ്. ചിലര്‍ക്ക് തപാല്‍ വഴിയാണ് പണം ലഭിച്ചത്. സ്പെയിനിലെ വില്ലാറമിയേല്‍ എന്ന ഗ്രാമത്തില്‍ ബുധനാഴ്ച്ച മുതല്‍ 15 വീട്ടുകാര്‍ക്കാണ് പണപ്പൊതി ലഭിച്ചത്.
100 യൂറോയ്ക്ക് മുകളിലാണ് (ഏകദേശം 8000 രൂപ) ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. മേയര്‍ നൂരിയ സൈമണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. വെറും 800ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തില്‍ ആരാണ്, എന്തിനാണ് പണം നല്‍കുന്നതെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് ജനങ്ങള്‍. ‘വില്ലാറമിയേലിലെ റോബിന്‍ഹുഡ്’ എന്നാണ് ആ അജ്ഞാതനെ സ്പാനിഷ് മാധ്യമങ്ങള്‍ വിളിച്ചത്.
‘എവിടുന്നാണ് ഈ പണം വരുന്നതെന്ന് അറിയാതെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഞങ്ങള്‍. ആരാണ് നല്‍കുന്നതെന്നോ അയാളുടെ ഉദ്ദേശം എന്തെന്നോ അറിയില്ല,’ മേയര്‍ പറഞ്ഞു. കിട്ടയവരില്‍ ചിലര്‍ക്ക് കൃത്യമായ മേല്‍വിലാസം മുഖേനെയാണ് പണം ലഭ്യമായത്. അത്രയും അടുത്തറിയാവുന്ന ആരെങ്കിലുമാകാം പണം അയക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്.
അതേസമയം പണം ലഭിക്കുന്നവര്‍ തമ്മില്‍ പ്രത്യക്ഷമായ യാതൊരു ബന്ധവും ഇല്ല. കണം കിട്ടിയ പലരും പൊലീസിനേയും ബാങ്കിനേയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരാണെന്ന് മാത്രം തിരിച്ചറിഞ്ഞില്ല. കുറ്റകൃത്യമൊന്നും അല്ലാത്തത് കൊണ്ടു തന്നെ ഇതുവരെ പൊലീസ് അന്വേഷണവും നടത്തിയിട്ടില്ല.