വേറിട്ട ചിന്തകൾ കൊണ്ടും വേറിട്ട കണ്ടുപിടിത്തങ്ങൾ കൊണ്ടും എന്നും ജപ്പാൻകാർ മറ്റു രാജ്യങ്ങളെ വിസ്മയിപ്പിക്കാറുണ്ട്. സാങ്കേതിക വിദ്യ മുതൽ ഭക്ഷണ പദാർത്ഥങ്ങളിലൂടെയും ജപ്പാൻകാർ വിസ്മയിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ഐസ് കൊണ്ട് ഒരു റിസോർട്ട് മുഴുവനായും നിർമ്മിച്ച് കൊണ്ടാണ് ജപ്പാൻ ഞെട്ടിച്ചിരിക്കുന്നത്.
ജപ്പാനിലെ വടക്കൻ പ്രവശ്യയിലെ ഷിമുകാപ്പുവിലാണ് ഐസിൽ പണി തീർത്ത ഹോഷിനോ റിസോർട്ടുളളത്. ഷിമുകാപ്പുവിൽ മൈനസ് 30 ഡിഗ്രിയാണ് അന്തരീക്ഷ താപനില. ജനുവരി ഫെബ്രുവരി മാസത്തിൽ ശൈത്യകാലം ആരംഭിക്കുന്നത് മുതൽ ഫൈവ് സ്റ്റാർ സൗകര്യമുള്ള റിസോർട്ടായി പ്രവർത്തനം ആരംഭിക്കുമെന്നാണ് റിസോർട്ട് അധികൃതർ പറഞ്ഞത്.
കിടക്കാൻ നൽകുന്ന കമ്പിളി സ്ലിപ്പിങ് ബാഗ് ഒഴിച്ച് മറ്റെല്ലാം നിർമ്മിച്ചിരിക്കുന്നത് ഐസ് കൊണ്ടാണ്. മഞ്ഞു മനുഷ്യർ താമസിക്കുന്ന ഇഗ്ളൂവിന്റെ മാതൃകയിലാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ഐസ് സ്കേറ്റിങ്, തണുപ്പിച്ച പാനീയങ്ങൾ എന്നിവ ലഭിക്കുന്ന മഞ്ഞ് ഗ്രാമത്തിനോട് ചേർന്നാണ് ഈ റിസോർട്ട് പണിതിരിക്കുന്നത്.
റിസോർട്ടിൽ ഐസിൽ തീർത്ത പുസ്തക അലമാരയിൽ പ്രധാനപ്പെട്ട പുസ്തകങ്ങൾ വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഐസിൽ പണി കഴിപ്പിച്ചിട്ടുണ്ട്.
2018-2019 സീസണിലേക്കുള്ള ബുക്കിങ് റിസോർട്ടിന്റെ വെബ്സൈറ്റിലൂടെ ആരംഭിച്ചിട്ടുണ്ട്.