Friendship day 2018: ജീവിതത്തിൽ എല്ലാ മനുഷ്യരുടേയും ഏറ്റവും വലിയ ഭാഗ്യം ഒരു പക്ഷെ നല്ല സുഹൃത്തുക്കൾ തന്നെയായിരിക്കും. എന്തും തുറന്നു പറയാനും നമ്മളെ മനസിലാക്കാനും കഴിയുന്ന ഒരു സുഹൃത്തെങ്കിലും ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല. എത്ര പറഞ്ഞാലും പാടിയാലും വാഴ്ത്തിയാലും സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും പിന്നെയും ബാക്കിയാണ്. എല്ലാ ദിനവും സൗഹൃദത്തിന്റേതാകുമ്പോൾ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോ എന്ന് സംശയം തോന്നിയേക്കാം. അതുകൊണ്ട് എന്താണ് ഫ്രണ്ട്ഷിപ് ഡേ എന്നറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ടാകും.
ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 5 ആണ് ഫ്രണ്ട്ഷിപ് ഡേ. ഈ ദിനം സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമുളളതാണ്. അതിർ വരമ്പുകളില്ലാത്ത സൗഹൃദമാണ് ഈ ദിനത്തിൽ ആഘോഷമാക്കുന്നത്.
2011 ഏപ്രിൽ 27 ന് യുണൈറ്റഡ് നാഷൻസിന്റെ ജനറൽ അസംബ്ലിയാണ് ജൂലൈ 30 ഇന്റർനാഷണൽ ഫ്രണ്ട്ഷിപ് ഡേ ആയി ആചരിക്കാൻ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇന്ത്യ അടക്കമുളള നിരവധി രാജ്യങ്ങൾ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ് ഡേ ആയി ആഘോഷിക്കുന്നത്.
1930 ൽ ഹോൾമാർക്സ് സ്ഥാപകൻ ജോയ്സ് ഹാൾ ആണ് ഫ്രണ്ട്ഷിപ് ഡേ ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. അതിനു മുൻപ് വെറും ആശംസ കാർഡുകൾ മാത്രം അയക്കുന്നതായിരുന്നു ഈ ദിവസത്തിലെ രീതി. 1998 ൽ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ ഭാര്യ നാനി അന്നൻ യുഎന്നിൽ വച്ച് ബീർ വിന്നി ദി ഫൂവിനെ ഫ്രണ്ട്ഷിപ്പിന്റെ ഗ്ലോബൽ അംബാസിഡറായി പ്രഖ്യാപിച്ചു.
ഫ്രണ്ട്ഷിപ് ഡേയിൽ സുഹൃത്തുക്കൾ പരസ്പരം സമ്മാനങ്ങളും ആശംസ കാർഡുകളും കൈമാറുകയും ഒരുമിച്ച് ഉല്ലാസ യാത്രയ്ക്ക് പോവുകയും ചെയ്യുന്നു. നിരവധി റസ്റ്ററന്റുകളും ഭക്ഷണശാലകളും ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറുണ്ട്. ഈ ദിനത്തിൽ ഇവിടെ എത്തുന്നവർക്ക് മനോഹരമായൊരു ദിനം സമ്മാനിക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്. ഈ ദിനത്തിൽ സുഹൃത്തുക്കൾ തമ്മിൽ പരസ്പരം ഫ്രണ്ട്ഷിപ് ബാൻഡ് കെട്ടാറുണ്ട്.
ഒപ്പം തോളോട് തോൾ ചേർത്ത് നടക്കുകയും ഏതു ഘട്ടത്തിലും നെടുതൂണായി ഒപ്പം നിൽക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ വേണ്ടി മാത്രമുളളതാണ് ഫ്രണ്ട്ഷിപ് ഡേ. അങ്ങനെയുളള സുഹൃത്തിനുവേണ്ടി ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം. അവർക്കൊപ്പം ഈ ദിനം ആഘോഷിക്കാം.