ഹെയർ ഡൈ ചെയ്ത ഫ്രഞ്ച് യുവതിയുടെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഡൈയ്ക്കു പിന്നാലെ യുവതിയുടെ മുഖം വീർത്തു തടിക്കുകയായിരുന്നുവെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 19 കാരിയായ എസ്തല്ലേയ്ക്കാണ് ഡൈ മൂലമുണ്ടായ അലർജിയെ തുടർന്ന് മുഖം വികൃതമായത്.

ഡൈയിലുണ്ടായ പാരഫിനിലെനിഡയാമിൻ (പിപിഡി) എന്ന കെമിക്കലാണ് എസ്തലേയ്ക്ക് അലർജിയുണ്ടാക്കിയത്. ഡാർക്ക് നിറത്തിലുളള ഹെയർ ഡൈകളിലും മേക്കപ്പ് സാധനങ്ങളിലുമാണ് ഈ കെമിക്കൽ അടങ്ങിയിട്ടുളളത്.

പ്രോഡക്ട് ടെസ്റ്റ് ചെയ്യുന്നതിനായി വളരെ കുറച്ച് മാത്രമാണ് താൻ പരീക്ഷിച്ചതെന്ന് എസ്തലേ പറഞ്ഞു. ഏതാനും നിമിഷങ്ങൾക്കകം തന്നെ അലർജിയായി. മുഖം പെട്ടെന്ന് വീർത്തു തടിച്ചുവെന്നും എസ്തലേ പറഞ്ഞു. അലർജി തടയുന്നതിനുളള മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖം വീർത്തുകൊണ്ടേ വന്നു. പിറ്റേ ദിവസം രാവിലെ എസ്തലേയുടെ മുഖം സാധാരണ 22 ഇഞ്ചിൽനിന്നും 24.8 ഇഞ്ച് വലിപ്പമായി. മുഖം മാത്രമല്ല നാക്കും തടിച്ചു വീർത്തു.

മുഖം തടിച്ചുവീർത്തതോടെ എസ്തലേയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഒരു രാത്രി മുഴുവൻ എസ്തലേ ഒബ്സർവേഷനിൽ ആയിരുന്നു. അതിനുശേഷമാണ് മുഖം വീർക്കുന്നത് കുറഞ്ഞത്. ഇപ്പോൾ എസ്തലേയ്ക്ക് പഴയ രൂപം തിരിച്ചു കിട്ടിയിട്ടുണ്ട്. ”ഞാൻ മരണത്തിന്റെ വക്കിൽവരെ എത്തി. ഇനി ആർക്കും അത് സംഭവിക്കരുത്”, ഇതാണ് എസ്തലേയ്ക്ക് പറയാനുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook