Latest News

‘പ്രണവ് സിംപിളാണ്, പക്ഷേ പവർഫുൾ…!’ ആദിയുടേയും പ്രണവ് വഴി തരംഗമാകാനൊരുങ്ങുന്ന പാർക്കറിന്റെയും വിശേഷങ്ങൾ

പ്രണവ് മോഹൻലാലിന്റെ ‘ആദി’ പുറത്തിറങ്ങുന്നതോടെ കേരളത്തിൽ ഒരു കായിക പരിശീലനം കൂടി തരംഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Prannav Mohanlal, Parkour

മലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇൻഡസ്ട്രി എൻട്രിയാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റേത്. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ‘ദൃശ്യ’ത്തിന്റെ സംവിധായകൻ ജീത്തു ജോസഫിന്റെ ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ രംഗപ്രവേശനം ചെയ്യുന്നത്. ആദ്യചിത്രത്തില്‍തന്നെ ഉശിരുള്ള കഥാപാത്രവുമായാണ് പ്രണവ് മോഹന്‍ലാലിന്റെ വരവ്. ആക്ഷന്‍ ത്രില്ലർ ഗണത്തിൽ പെടുന്ന ആദിക്കായി ആരാധകർ കാത്തിരിപ്പ് തുടരുകയാണ്.

പ്രണവ് മോഹൻലാലിന്റെ ‘ആദി’ പുറത്തിറങ്ങുന്നതോടെ കേരളത്തിൽ ഒരു കായിക പരിശീലനം കൂടി തരംഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റൊന്നുമല്ല, പാർക്കർ (Parkour). കൊച്ചിയില്‍ തുടങ്ങി ബെംഗളൂരുവിലൂടെ വികസിക്കുന്ന കഥയാണ് ആദിയുടേതെന്നാണ് അണിയറ വിവരങ്ങൾ. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കര്‍ അഭ്യാസിയെ ആണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി താരപുത്രൻ പാര്‍ക്കര്‍ പരിശീലനം നടത്തുകയാണ് എന്ന വാർത്ത പുറത്ത് വന്നത് മുതൽ മലയാളി യുവത്വം ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞത് ഒരു പക്ഷേ ‘എന്താണ് പാർക്കർ?’ എന്നായിരിക്കും.

എന്താണ് പാര്‍ക്കര്‍ അഥവാ ഫ്രീ റണ്ണിങ്? ഓടിയും ചാടിയും വലിയ കെട്ടിടങ്ങളില്‍ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങള്‍ മറികടക്കുന്ന രീതിയിലാണ് ഇതിന്റെ പരിശീലനം. ഫ്രഞ്ച് സൈന്യം രൂപകല്‍പന ചെയ്ത കായിക പരിശീലനമാണ് പാര്‍ക്കര്‍ അഥവാ ഫ്രീ റണ്ണിങ്. കൃത്യമായ പരിശീലനത്തിന്റെ സഹായത്തോടെ മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. 1980കളുടെ അവസാനത്തിൽ ഫ്രാൻ‌സിൽ ആണ് ഇത് വികസിച്ച് തുടങ്ങിയത്. ഡേവിഡ്‌ ബെൽ, റെയ്മണ്ട് ബെൽ, സെബാസ്റ്റ്യൻ ഫോകാൻ എന്നിവരാണ് പ്രധാനമായും പാർക്കറിന്റെ വളർച്ചയിൽ മുഖ്യ പങ്കു വഹിച്ചത്.


കടപ്പാട്: StuntsAmazing

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിനിമകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും യുവാക്കളുുടെ ആവേശമായ പാർക്കർ ഒരു മത്സര ഇനമായും പ്രദർശന ഇനമായും വളരുകയായിരുന്നു. ഡിസ്ട്രിക് ബി 13, യമകാസി, ബ്രിക്ക് മാൻഷൻസ് എന്നിവയെല്ലാം പാർക്കർ സമർത്ഥമായി അവതരിപ്പിച്ച സിനിമകൾ ആണ്. വിദേശ സിനിമകളിൽ മാത്രമല്ല, ഇന്ത്യൻ സിനിമകളിലും പാർക്കർ തീം വന്നിട്ടുണ്ട്. ‘ഹിറോപാൻഡി’ എന്ന ചിത്രത്തിൽ ബോളിവുഡ് താരം ടൈഗർ ഷെറോഫ് ആറു മിനിറ്റ് ദൈർഘ്യമുള്ള പാർക്കർ ചെയ്തത് ശ്രദ്ധേയമായിരുന്നു.

എങ്കിലും മലയാളികൾക്ക് അപ്പോഴും പാർക്കറും ഫ്രീറണ്ണിങും അപരിചിതമായി തുടർന്നു. പ്രണവ് ചിത്രത്തിന്റെ പ്രഖ്യാപനം വരെയും. ഇന്ന് മലയാളികൾക്ക് അറിയാം പാർക്കർ എന്നൊരു കായിക ഇനം നിലവിലുണ്ടെന്ന്. ‘ആദി’ സിനിമ റിലീസ് ചെയ്യുന്നതോടെ മലയാളി യുവത്വത്തിന്റെ പുതിയ ആവേശമാകും പാർക്കർ എന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിലെ പാർക്കറിന്റെ ഇതുവരെയുള്ള വളർച്ചയെ കുറിച്ചും ഇതിന്റെ ഭാവിയെ കുറിച്ചും പാർക്കർ, ഫ്രീറണ്ണിങ് വിദഗ്ധനായ ശ്രാവൺ സത്യ ഐഇ മലയാളത്തിനോട് വിശദീകരിക്കുകയാണ്. കേരളത്തിലെ ഏക അംഗീകൃത ഫ്രീറണ്ണിങ്, പാർക്കർ സംരഭമായ ബ്രിങ്ക് ഇംപൾസിന്റെ അമരക്കാരിലൊരാളാണ് ശ്രാവൺ. ‘ആദി’ സിനിമയുമായും ബ്രിങ്ക് ഇംപൾസും ശ്രാവണും സഹകരിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിനെ കുറിച്ചും ശ്രാവണിന് പറയാൻ വിശേഷങ്ങളേറെയാണ്.

പ്രണവ് മോഹൻലാലിനൊപ്പം ബ്രിങ്ക് ഇംപൾസ് ടീം

‘ആദി’ ഒരു ട്രെൻഡ് സെറ്ററാകും

ആദി കേരളത്തിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുമെന്നാണ് ശ്രാവണിന്റെ അഭിപ്രായം. ‘മികച്ച ആക്ഷൻ ത്രില്ലറായിരിക്കും ആദി. പ്രണവിന്റെ മികച്ച ആക്ഷൻ സീക്വൻസുകൾ യുവാക്കളുടെ മനം കീഴടക്കും. അതോടൊപ്പം ഫ്രീ റണ്ണിങ്, പാർക്കർ തുടങ്ങിയ കായികാഭ്യാസങ്ങൾ കൂടി മയാളികളുടെ മനസിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉണ്ടായാൽ അത് നല്ല മാറ്റങ്ങളാണ് ഉണ്ടാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പാർക്കർ.

 

പ്രണവ് വളരെ സിംപിളാണ്, പക്ഷേ പവർഫുള്ളുമാണ്
മലയാളികളുടെ സ്വന്തം ലാലേട്ടന്റെ മകൻ എന്ന ലേബലിൽ മാത്രം സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കാതെ തന്റെ കഴിവും കഠിനാധ്വാനവും കൈമുതലാക്കി ചുവടുറപ്പിക്കാൻ ശ്രമിക്കുകയാണ് പ്രണവ് മോഹൻലാൽ. അതുകൊണ്ട് തന്നെയാണ് ‘ആദി’ക്ക് വേണ്ടി ബാങ്കോക്കിൽ പോയി മാസങ്ങളോളം പ്രണവ് പാർക്കറും ഫ്രീറണ്ണിങും പരിശീലിച്ചത്. സിനിമ സെറ്റിൽ വളരെ സൗമ്യനാണ് പ്രണവ് എന്ന് ശ്രാവൺ സാക്ഷ്യപ്പെടുത്തുന്നു. ചിരിച്ചു കൊണ്ട് മാത്രമേ പ്രണവ് സംസാരിക്കൂ. എത്ര ചെറിയ ആർട്ടിസ്റ്റ് ആണെങ്കിലും പ്രണവ് അവരുടെ കൂടെയിരുന്നു ചായ കുടിക്കും. അവരോട് കുശലാന്വേഷണം നടത്തും. സെറ്റിലുള്ളവർക്ക് പ്രണവിനെ ‘അപ്പു’ എന്ന് വിളിക്കാനിഷ്ടം.

പ്രണവും ശ്രാവണും

‘ആദി’യിൽ ആക്ഷൻ ഒരുക്കുന്നത് ഫ്രാൻസിൽ നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സ്
പാർക്കറിന്റെ ജന്മദേശമായ ഫ്രാൻസിൽ നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സാണ് ‘ആദി’ സിനിമയിൽ പ്രണവ് മോഹൻലാലിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നതെന്നതും പ്രതീക്ഷകൾ വർധിപ്പിക്കുന്നു. വളരെ വ്യത്യസ്തവും ഒപ്പം ചടുലവുമായ ആക്ഷൻ രംഗങ്ങളാകും സിനിമയിലുണ്ടാവുക. മാഫിയാ ശശിയാണ് സിനിമയിലെ മറ്റ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

‘ആദി’ മാത്രമല്ല, ഫ്രീറണ്ണിങുമായി ‘കളി’യും

ആദി സിനിമക്ക് മുൻപ് തന്നെ ബ്രിങ്ക് ഇംപൾസ് മറ്റൊരു മലയാള സിനിമയുമായി സഹകരിച്ചിരുന്നു. ഫ്രൈഡേ, ടൂ കൺട്രീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കി ശ്രദ്ധേയനായ നജിം കോയയുടെ ആദ്യ സംവിധാന സംരംഭമാണ് ‘കളി’. ‘കമ്മട്ടിപ്പാടം’ സിനിമയിൽ ദുൽഖർ സൽമാന്റെ കൗമാരകാലം അവതരിപ്പിച്ച ഷാലു റഹീം അടക്കമുള്ള യുവതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് ഫ്രീറണ്ണിങും അത്‌ലറ്റിക് ബോഡി ലാഗ്വേജും പരിശീലിപ്പിക്കാനാണ് ബ്രിങ്ക് ഇംപൾസിനെ സമീപിച്ചത്. രണ്ട് മാസത്തോളമാണ് ബ്രിങ്ക് ഇംപൾസ് താരങ്ങൾക്ക് പരിശീലനം നൽകിയത്.

ജിമ്മിലെ വിരസതയിൽ നിന്ന് ഫ്രീറണ്ണിങിന്റെ ആവേശത്തിലേക്ക്

പാർക്കർ പരിശീലിക്കുന്നതിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് സംസാരിക്കുന്നു ശ്രാവൺ. ഓട്ടവും ചാട്ടവും തടസ്സങ്ങള്‍ മറികടക്കലുമെല്ലാം ഉള്ളതിനാല്‍ പാർക്കറിലൂടെ ശരീരത്തിലെ എല്ലാ മസിലുകള്‍ക്കും വ്യായാമം ലഭിക്കും. ഒരു കളിയുടെ മൂഡ് ഉള്ളതിനാല്‍ ജിമ്മിലെ സ്ഥിരം പരിശീലനത്തിന്റെ വിരസതയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. അതുകൊണ്ട് തന്നെ ശരീര സൗന്ദര്യത്തിനായി ജിമ്മിനെ ആശ്രയിക്കുന്നവരിൽ വലിയൊരു വിഭാഗം നാളെ പാർക്കറിലേക്ക് ചേക്കേറിയേക്കാം.

ഓരോ തടസങ്ങളും മറികടക്കാനായി പരിശീലിക്കുന്ന ഫ്രീറണ്ണർക്ക് സ്വന്തമായ രീതി വികസിപ്പിച്ചെടുക്കാം. ഇത്തരത്തില്‍ പെട്ടെന്നുള്ള തീരുമാനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്നതിനാല്‍ ശ്രദ്ധയും ഏകാഗ്രതയും വർധിക്കും. തടസങ്ങള്‍ മറികടക്കാനുള്ള കഴിവ് കൂട്ടുകയാണ് പാർക്കർ പരിശീലനത്തില്‍ ചെയ്യുന്നത് എന്നതിനാല്‍ ആത്മവിശ്വാസം വര്‍ധിക്കും. ശരീരത്തിലെ എല്ലുകളുടെ കരുത്ത് വര്‍ധിക്കാനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പ്രവൃത്തിക്കുന്നതില്‍ കൂടുതല്‍ വഴക്കം ഉണ്ടാകാനും ഈ പരിശീലനം സഹായിക്കും.

ഒരു മനുഷ്യന്റെ സ്വാഭാവിക ചലനങ്ങളുടെ അഡ്വാൻസ്ഡ് വേർഷനാണ് പാർക്കർ എന്നുള്ളതിനാൽ ആർക്കും തന്നെ പഠിച്ചെടുക്കാവുന്ന കാര്യമാണ് പാർക്കർ എന്ന് ശ്രാവൺ സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ സാധാരണ ജീവിതത്തിൽ ചെയ്യുന്ന നടത്തം, ഓട്ടം, ചാട്ടം, മതിലു ചാട്ടം, മരം കയറ്റം തുടങ്ങിയ ചലനങ്ങൾക്ക് നിശ്ചിത രൂപവും ഘടനയും നൽകുകയാണ് പാർക്കർ ചെയ്യുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിന് കൂടുതൽ കാര്യക്ഷമതയും വേഗവും കൈവരുന്നു. ഇത് ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും അതിവേഗം വിജയകരമായി മറികടക്കാൻ നമ്മെ സഹായിക്കും.

ബി 13 തന്ന ആവേശം, യൂട്യൂബ് എന്ന ഗുരു

ലോകത്ത് പാർക്കറിനെ പഠിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാവരുടേയും ആവേശമാണ് ഡിസ്ട്രിക് ബി 13 എന്ന ഫ്രഞ്ച് സിനിമ. പാർക്കർ എന്ന കായിക ഇനത്തിന്റെ പിതാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഡേവിഡ് ബെൽ ആണ് ഈ ചിത്രത്തിലെ നായകൻ. ഫ്രഞ്ച് സൈനികനായിരുന്ന തന്റെ പിതാവിൽ നിന്ന് ലഭിച്ച പരിശീലനങ്ങൾക്കും പാഠങ്ങൾക്കും പ്രത്യേകം ഘടന നൽകിയാണ് ബെൽ പാർക്കറിന് രൂപം നൽകിയത്.

ബ്രിക്ക് മാൻഷൻ എന്ന പേരിൽ 2014ൽ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത ഡിസ്ട്രിക് 13 കണ്ട് തന്നെയാണ് ശ്രാവണിനും പാർക്കറിനോട് അഭിനിവേശം തോന്നുന്നത്. എന്നാൽ ഈ പ്രത്യേക കായികാഭ്യാസത്തിന്റെ പേര് പാർക്കർ എന്നാണെന്നൊന്നും അന്ന് ശ്രാവണിനറിയില്ലായിരുന്നു. പിന്നീട് പഠനാവശ്യങ്ങൾക്കായി ശ്രാവൺ കോഴിക്കോട് എത്തി. ഇവിടെ നിന്നാണ് ഫസൽ റഹീം, പ്രശാന്ത് എന്നീ രണ്ട് സുഹൃത്തുക്കളെ ലഭിക്കുന്നത്. ശ്രാവണിന്റെ സമാന താൽപര്യമുള്ള ഇവരുമായി ചേർന്ന് കോഴിക്കോട് കടപ്പുറത്ത് പാർക്കർ ക്രീഡ് എന്നൊരു സംരംഭം ആരംഭിച്ചു. 2014ൽ ആണ് ഇവരുടെ കൂട്ടായ്മയ്ക്ക് ഒരു പ്രഫഷണൽ രൂപം കൈവരുന്നതും ബ്രിങ്ക് ഇംപൾസ് എന്ന പേര് സ്വീകരിക്കുന്നതും.

2014 നവംബറിൽ അന്താരാഷ്ട്ര ഫ്രീറണ്ണിങ്, പാർക്കർ ഫെഡറേഷന്റെ അംഗീകാരം ലഭിച്ചത് ബ്രിങ്ക് ഇംപൾസിനെ സംബന്ധിച്ച് ഒരു നാഴികക്കല്ലായിരുന്നു.

ആദ്യം അന്പരന്ന്, പിന്നെ പ്രോത്സാഹിപ്പിച്ച് കോഴിക്കോട്

Parkour

കോഴിക്കോട് കേന്ദ്രമാക്കിയത് കൊണ്ട് മാത്രമാണ് ബ്രിങ്ക് ഇംപൾസിന് ഇത്തരമൊരു വളർച്ച കൈവന്നതെന്ന് ശ്രാവൺ അഭിപ്രായപ്പെടുന്നു. എന്തിനേയും സ്വീകരിക്കുകയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കോഴിക്കോടിന്റെ പോസിറ്റീവ് ചിന്താഗതി പാർക്കർ പരിശീലനത്തിനും ഏറെ സഹായകമായി. ആദ്യമായി പാർക്കർ പരിശീലനം നടത്തുന്പോൾ എല്ലാവർക്കും അന്പരപ്പായിരുന്നു. മാനാഞ്ചിറയിൽ പരിശീലിക്കുന്നതിനിടയിൽ പൊലീസ് പിടിച്ചു കൊണ്ട് പോകുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് ഇതൊരു കായികാഭ്യാസമാണെന്ന് പറഞ്ഞ് മനസിലാക്കിയപ്പോഴാണ് വിട്ടയച്ചത്.

ഇന്ന് കോഴിക്കോട് ബീച്ചിലെ സ്ഥിരം സന്ദർശകർക്കും കച്ചവടക്കാർക്കുമെല്ലാം ബ്രിങ്ക് ഇംപൾസിനേയും പാർക്കറിനേയും അറിയാം. മികച്ച പിന്തുണയാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട്ടുകാരുടെ സ്നേഹം തന്നെയാണ് ഈ അഭ്യാസികളുടേയും വളർച്ചയ്ക്കു പിന്നിലെ ഊർജം.

പാർക്കർ മാത്രമല്ല ബ്രിങ്ക് ഇംപൾസ്

പാർക്കറിനോടൊപ്പം തന്നെ എക്സ്ട്രീം സ്പോർസ് വിഭാഗത്തിൽ പെട്ട സ്കേറ്റ് ബോർഡിങും ട്രിക്കിങും അടക്കം നിരവധി കായിക പ്രകടനങ്ങൾ ബ്രിങ്ക് ഇംപൾസ് പരിശീലിക്കുന്നുണ്ട്. വിവിധ ഉപ വിഭാഗങ്ങളാക്കി തിരിച്ചാണ് വിവിധ വിദ്യകൾ ഇവർ പരിശീലിക്കുന്നത്. ബിഐ ലോകോ മോഷൻ ആണ് ഫ്രീ റണ്ണിങ്, പാർക്കർ എന്നിവയുടെ സെക്ഷൻ. ഇതിന് പുറമേ, ബിഐ ലെവിറ്റേഷൻ (സ്കെറ്റ് ബോർഡിങ്), ബിഐ കിക്സ് (ട്രിക്കിങ്, ഫ്രീ ജി), ബിഐ ആർട്ടിസ്ട്രി (ആർട്സ്, ക്രിയേറ്റിവിറ്റി), ബിഐ ബാർ സാപ്പിയൻസ് (കാലിസ്തെനിക്സ്, സ്ട്രീറ്റ് വർക്കൗട്ട്സ്), ബിഐ ആക്സിൽ (ബിഎംഎക്സ്, ബൈസിക്കിൾ സ്റ്റണ്ട്സ്), ബിഐ ഹുമേയ്ൻ (സോഷ്യൽ സർവീസ്), ബിഐ സിനെർജി (ഫ്രീസ്റ്റൈൽ ഡാൻസ്, ബിബോയിങ്), ബിഐ ഇഗ്നിസ് (ഫയർ സ്റ്റണ്ട്സ്), ബിഐ എക്സ്പെഡിഷൻ (എക്സ്‌പ്ലൊറേഷൻ, ട്രക്കിങ്) എന്നിവയാണ് ബ്രിങ്ക് ഇംപൾസിന്റെ പ്രധാന ഉപ വിഭാഗങ്ങൾ.

ആദിയിൽ ഉദിക്കുന്ന പ്രതീക്ഷകൾ, പദ്ധതികൾ

‘ആദി’ സിനിമ പുറത്തിറങ്ങുന്നതോടെ പാർക്കറിനും മറ്റ് കായിക അഭ്യാസങ്ങളും പരിശീലിക്കാൻ കൂടുതൽ യുവാക്കൾ മുന്നോട്ട് വരുമെന്ന് തന്നെയാണ് ഇവർ പ്രതീക്ഷിക്കുന്നത്. മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നായി നിരവധി ആളുകളാണ് ഇപ്പോൾ തന്നെ പരിശീലനത്തെ കുറിച്ചറിയാൻ ഇവരുമായി ബന്ധപ്പെടുന്നത്. എങ്കിലും കോഴിക്കോട് വിട്ട് പോകാൻ ഇവർ നിലവിൽ തയാറല്ല. കോഴിക്കോട് തന്നെ കേന്ദ്രീകരിച്ച് മികച്ച സൗകര്യങ്ങളോടു കൂടി ഒരു പാർക്കർ പരിശീലന കേന്ദ്രം ഉടനെ തന്നെ ആരംഭിക്കാനാണ് ഇപ്പോൾ ബ്രിങ്ക് ഇംപൾസിന്റെ പദ്ധതി. ഇതോടൊപ്പം ബെംഗളൂരുവിലും ബ്രിങ്ക് ഇംപൾസിന്റെ ഒരു ശാഖ ആരംഭിക്കുന്നതിനെ കുറിച്ചും ആലോചനകൾ നടക്കുന്നു. എന്തായാലും പ്രണവ് മോഹൻലാലിലൂടെ മലയാളികൾക്ക് പുതിയ ഒരു കായിക ഇനം കൂടി ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ഈ പാർക്കർ അഭ്യാസികൾ.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Free running experts in kerala shares the specialities of parkour also about pranav mohanlal and aadi

Next Story
പിണങ്ങിപ്പോയ ഭാര്യയെ കാണിക്കാൻ മൂർഖനെ കൊണ്ട് കടിപ്പിച്ച് ലൈവായി ആത്മഹത്യചെയ്ത് ഭർത്താവ്; വീഡിയോ കാണാംLive, Suicide
The moderation of comments is automated and not cleared manually by malayalam.indianexpress.com