സെന്റ് ലൂയിസ്: ജനിച്ച അന്ന് മുതല്‍ അമേരിക്കയിലെ മിസ്സോരി പീഡിയാട്രിക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാല് വയസുകാരി ക്രിസ്മസ് ആഘോഷിക്കാനായി വീട്ടിലേക്ക് പോയി. ഫാലിന്‍ ഗ്രഹാം എന്ന കുട്ടിയാണ് ജനിച്ചതിന് ശേഷം ആദ്യമായി വീട്ടിലേക്ക് പോവുന്നത്. രണ്ട് മാസം നേരത്തേ ജനിച്ച ഫാലിന് ശ്വാസകോശ സംബന്ധമായ ഗുരുതരമായ അസുഖമാണ്. ശ്വാസകോസം പൂര്‍ണമായും വികാസം എത്തുന്നതിന് മുമ്പാണ് ഫാലിന്‍ ജനിച്ചത്. റാന്‍കെന്‍ ജോഡന്‍ പീഡിയാട്രിക് ബ്രിഡ്ജ് ആശുപത്രിയില്‍ ജനിച്ചതിന് പിന്നാലെ ഫാലിനെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

നടക്കാനും സംസാരിക്കാനും കളിക്കാനുമൊക്കെ ഫാലിന്‍ പഠിക്കുന്നത് ആശുപത്രിയില്‍ നിന്നാണ്. ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യാഴാഴ്ച്ച ഫാലിന്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് വരെ ഈ ആശുപത്രിയായിരുന്നു അവളുടെ വീട്. ഫാലിന്റെ മാതാവ് തര്‍വാഷെ ഗ്രഹാം ലൂപ്പസ് രോഗ ബാധിതയാണ്. ആഴ്ച്ചയില്‍ മൂന്ന് തവണ ഇവര്‍ക്കും ചികിത്സ ആവശ്യമായി വരാറുണ്ട്.

താന്‍ ആശുപത്രിയിലേക്ക് വരുമ്പോള്‍ മകളെ നോക്കാനായി ഒരു നഴ്സിനെ ചുമതലപ്പെടുത്താമെന്ന് ആശുപത്രി അധികൃതര്‍ വാക്ക് തന്നതായി ഗ്രഹാം പറഞ്ഞു. മകള്‍ ആദ്യമായി വീട്ടിലേക്ക് വരുന്നതില്‍ താനും കുടുംബവും ഏറെ സന്തോഷവാന്മാരാണെന്ന് ഗ്രഹാം പറഞ്ഞു. അവധിക്കാലം ആദ്യമായി ഫാലിനൊപ്പം ചെലവഴിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം ഇപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook