കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ കലാമാമങ്കങ്ങളിലൊന്നായ കൊച്ചി മുസിരീസ് ബിനാലെയുടെ പ്രധാന കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും കലയുടെ കാഴ്ചകൾക്കായി വാതിലുകൾ തുറന്നു. ഡിസംബർ 12ന് തുടങ്ങിയ ബിനാലെ കാണാൻ നിങ്ങൾ ഫോർട്ട് കൊച്ചിയിലേക്കാണോ? എങ്കിൽ റോഡിലെ തിരക്കും, പൊടിയും, കുണ്ടും കുഴിയും തുടങ്ങിയ മനം മടുപ്പിക്കുന്ന യാത്രക്ക് പകരം പച്ചപ്പ് നിറഞ്ഞ കൊച്ചു തുരുത്തുകളും അവയിൽ വന്നിരിക്കുന്ന ദേശാടനക്കിളികളെയും കണ്ട് ഒരു ബോട്ട് യാത്രയായാലോ?

ഫൊട്ടോ: ഹരിഹരൻ സുബ്രമണ്യൻ
സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ബോട്ടുകൾ ദിവസേന മുപ്പതോളം യാത്രകളാണ് എറണാകുളം ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് നടത്തുന്നത്. 20 മിനിറ്റില്‍ താഴെയാണ് ബോട്ട് യാത്രക്ക് എടുക്കുന്നത്. അരമണിക്കൂർ ഇടവിട്ട് ബോട്ടുകൾ ഫോർട്ട് കൊച്ചിയിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്നുണ്ട്.
ഫോർട്ട് കൊച്ചി, ഐലൻഡ്, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് നാലു രൂപയാണ് ബോട്ട് ചാർജ്. ബസ് ചാർജുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണിത്. ഫോർട്ട് കൊച്ചിയിലേക്ക് ബസ്സിലോ, ടാക്സിയിലോ പോകുമ്പോൾ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം, സമയനഷ്ടം എന്നിവ പരിഗണിക്കുമ്പോൾ ബോട്ട് യാത്രക്ക് ചെലവാകുന്നത് വെറും നാലു രൂപയാണ്.
തിരക്കുള്ള നഗരത്തിൽ സൈക്കിളിൽ ചുറ്റുന്നതിന് പകരം പോർച്ചുഗീസ്, ഡച്ച് വാസ്തു വിദ്യയുടെ ഭംഗി വിളിച്ചോതുന്ന കെട്ടിടങ്ങളൊക്കെ കണ്ട് ശാന്തമായി സൈക്കിളുമായി ഫോർട്ട് കൊച്ചിയിലേക്ക് പോകാം. സൈക്കിൾ ബോട്ടിൽ കയറ്റി കൂടെ കൊണ്ടു പോകുവാൻ നാലു രൂപ ടിക്കറ്റ് എടുത്താൽ മതി.
വൈക്കത്തു നിന്നും കൊച്ചിയിലേക്ക് അതിവേഗം എത്താം; ‘വേഗ 120’ സര്‍വ്വീസ് തുടങ്ങി
മറ്റു ജില്ലകളിൽ നിന്ന് എറണാകുളത്ത് എത്തുന്നവർക്ക് എളുപ്പത്തിൽ ഫോർട്ട്കൊച്ചിയും, മട്ടാഞ്ചേരിയും സന്ദർശിക്കാവുന്നതാണ്. മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരമേ എറണാകുളം ബോട്ട് ജെട്ടിയിലേക്കുള്ളൂ.
കാർ, ബൈക്ക്, ബസ് മുതലായ വാഹനങ്ങളിലാണ് എത്തുന്നതെങ്കിൽ അവ ജെട്ടിയില്‍ പാർക്ക് ചെയ്യാവുന്നതാണ്. ബൈക്കിന് മണിക്കൂറിന് അഞ്ചു രൂപയും, കാറിന് മണിക്കൂറിന് ഇരുപത് രൂപയും, ബസിന് നൂറ് രൂപയുമാണ് ചാർജ്. പതിവ് രീതികളൊക്കെ മാറ്റി വാരാന്ത്യങ്ങളിൽ ഫോർട്ട്കൊച്ചി ബീച്ചിൽ പ്രഭാത സവാരി ലക്ഷ്യമിടുന്ന നഗരവാസികൾക്ക് ഏറ്റവും അനുയോജ്യമാണ് ബോട്ട് സർവ്വീസ്.
Read: കൊച്ചി മുസിരീസ് ബിനാലെ; അറിയേണ്ടതെല്ലാം
ഫോർട്ട് കൊച്ചിയിൽ നിങ്ങളെ കാത്തിരിക്കുന്നത് കാഴ്ചയുടെ ലോകമാണ്. ഫോർട്ട് കൊച്ചി ബീച്ച്, ചീനവലകൾ, അവയിൽ പിടിച്ച മീനുകൾ, തിരഞ്ഞെടുക്കുന്ന മീൻ പാചകം ചെയ്തു തരുന്ന ‘യു ബൈ ഐ കുക്ക്’ കടകൾ, ഇൻഡോ-പോർച്ചുഗീസ് മ്യൂസിയം, ഡച്ച് സെമിത്തേരി, 1503-ൽ പണികഴിപ്പിച്ച സെന്റ് ഫ്രാൻസിസ് പള്ളി (ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യ ക്രിസ്ത്യൻ ആരാധനലയമാണ്), ബാസ്റ്റ്യൻ ബംഗ്ലാവ്, ആർട്ട് ഗാലറികള്‍, പരേഡ് ഗ്രൗണ്ട്, നെഹ്റു പാർക്ക് എന്നിങ്ങനെ നീളുകയാണ് ഫോർട്ട് കൊച്ചിയിലെ കാഴ്ചകൾ.

ഫൊട്ടോ: ഹരിഹരൻ സുബ്രമണ്യൻ
നിരവധി ആഘോഷ പരിപാടികൾക്കാണ് ഫോർട്ട് കൊച്ചി ഈ ദിവസങ്ങളിൽ വേദിയാകുന്നത്. പുതുവത്സരാഘോഷങ്ങളുടെ വരവറിയിക്കുന്ന കൊച്ചിൻ കാർണിവെല്ലും, ഡിസംബർ 31ന് പന്ത്രണ്ട് മണിക്ക് ക്രിസ്മസ് പപ്പാഞ്ഞിയെ കത്തിക്കുന്നതും ഫോർട്ട്കൊച്ചിയിലെ മുഖ്യ ആഘോഷങ്ങളാണ്. പുതുവത്സര തിരക്ക് പ്രമാണിച്ച് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ഫോർട്ട്കൊച്ചി സന്ദർശകർക്ക് ബോട്ട് സർവ്വീസ് ഉപയോഗിക്കാവുന്നതാണ്. വെളുപ്പിന് 5 മണിക്ക് ഫോർട്ട് കൊച്ചിയിൽ നിന്നും ആദ്യ ബോട്ട് എറണാകുളത്തേക്ക് പുറപ്പെടും.
കൊച്ചിക്ക് ഇങ്ങിനെയും ഒരു മുഖമോ? ആരെയും അമ്പരപ്പിക്കും ഈ ജലയാത്ര; വീഡിയോ കാണാം
ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ കുറഞ്ഞ സമയത്തിനുള്ളിൽ അടുത്തറിയണമെങ്കിൽ മട്ടാഞ്ചേരി സന്ദർശിച്ചാൽ മതി. ഗുജറാത്തികൾ, ജൈന മത വിശ്വാസികൾ, കൊങ്കണികൾ, ജൂത മതസ്ഥർ, ഇസ്ലാം മത വിശ്വാസികൾ, തമിഴ് ബ്രാഹ്മണർ തുടങ്ങിയ മുപ്പതോളം സമൂഹങ്ങൾ താമസിക്കുന്നുണ്ട് മട്ടാഞ്ചേരിയിൽ. വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് മട്ടാഞ്ചേരി ഒരുക്കുന്നത്. വിവിധ മതസ്ഥരുടെ ഉൽസവങ്ങൾ, രുചി വൈവിധ്യങ്ങൾ, ആരാധനാലയങ്ങൾ എന്നിവയാണ് മട്ടാഞ്ചേരിയിലെ പ്രത്യേകത. ഡച്ച് പാലസ്, ജൂത വിശ്വാസികളുടെ ആരാധനാലയമായ സിനഗോഗ്, ആനവാതിൽ, അത്തറും സുഗന്ധവ്യജ്ഞ്നങ്ങളും വിൽക്കുന്ന കടകൾ, പുരാവസ്തു വിപണന കേന്ദ്രങ്ങൾ തുടങ്ങിയ കാഴ്ചകൾ.
ഗുജറാത്തി പലഹാരത്തിന് പേരു കേട്ട ശാന്തിലാൽ മിഠായ് വാല എന്ന പലഹാര കട, കായിക്കയുടെ ബിരിയാണി, ബിരിയാണിയുടെ മട്ടാഞ്ചേരി പതിപ്പായ ഇറച്ചിച്ചോർ എന്നിങ്ങനെയുള്ള രുചികളാണ് മട്ടാഞ്ചേരിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് വൈപ്പിനിലേക്കും ബോട്ട് സർവ്വീസുണ്ട്. വെളുപ്പിന് ആറ് മണിക്ക് വൈപ്പിനിലേക്ക് ബോട്ട് സർവ്വീസ് ആരംഭിക്കും. ഇവയില്‍ പല സര്‍വിസും ഫോര്‍ട്ട് കൊച്ചി വഴിയാണ്.
എറണാകുളം ജെട്ടിയിൽ നിന്നും നിലവിൽ ആറ് ബോട്ടുകളാണ് വില്ലിങ്ടൺ ഐലൻഡ്, ഫോർട്ട് കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്നത്. ഇവ കൂടാതെ വരാപ്പുഴ, പിഴല, ചിറ്റൂർ, താന്തോന്നിത്തുരുത്ത്, കോതാട്, മൂലമ്പിള്ളി, കടമക്കുടി, മുളവ്കാട്, കൊറംകോട്ട, ബോൾഗാട്ടി, പൊന്നാരിമംഗലം, മുളവുകാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും എറണാകുളം ജെട്ടിയിൽ നിന്നും ബോട്ട് സർവ്വീസുണ്ട്.