തിരക്കു പിടിച്ച ജീവിതത്തിനിടെ നിത്യവും ഭക്ഷണം പാകം ചെയ്യുന്നത് പലരെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ ഭക്ഷണം ഒന്നിച്ച് ഉണ്ടാക്കി, ശേഷിക്കുന്നവ ഫ്രിഡ്ജിൽ സൂക്ഷിച്ച്, ആവശ്യാനുസരണം ചൂടാക്കി കഴിക്കുന്ന പ്രവണത ഏറെയാണ്. എന്നാൽ വേവിച്ച ഭക്ഷണപദാർത്ഥങ്ങൾ ഏറെനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
എത്ര നാൾ വരെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാം? പൊതുവായി ആളുകൾ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് പോഷകാഹാര വിദഗ്ധരായ ക്രിഷ് അശോകും ഡോ. രോഹിണി പാട്ടീലും. ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിലെ പോഷകങ്ങൾ നഷ്ടപ്പെടും എന്ന ധാരണ തെറ്റാണെന്നും ക്രിഷ് പറയുന്നു. “ആ ധാരണ ശരിയല്ല. യഥാർത്ഥത്തിൽ ഈ പ്രചരണവുമായി ബന്ധപ്പെട്ട് രണ്ടു ചോദ്യങ്ങൾ കൂടി ഉയരുന്നുണ്ട്. എന്താണ് ഈ പോഷകങ്ങൾ? എത്ര അളവിൽ നഷ്ടപ്പെടുന്നു? വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏറ്റവും അസ്ഥിരവും എളുപ്പത്തിൽ നഷ്ടപ്പെടുന്നതുമായ പോഷകങ്ങളാണ്. പക്ഷേ ഈ പോഷകങ്ങൾ മിക്കതും നഷ്ടപ്പെടുന്നത് പാചകത്തിനിടയിലാണ്, അല്ലാതെ ശീതീകരണനിടയില്ല,” ക്രിഷ് വ്യക്തമാക്കി.
“വിറ്റാമിനുകളെ നശിപ്പിക്കുന്നത് ചൂടാണ്, തണുപ്പല്ല. വാസ്തവത്തിൽ, പാകം ചെയ്ത മിക്ക ഭക്ഷണങ്ങളും എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചാൽ കുറഞ്ഞത് 2-3 ദിവസം വരെ കേടാവാതെ നിൽക്കും, ചിലതൊക്കെ ഒരാഴ്ച വരേയും. ഫ്രീസറിലാണ് ഭക്ഷണം സൂക്ഷിക്കുന്നതെങ്കിൽ ആറുമാസം വരെ നീണ്ടുനിൽക്കും (ഇടയ്ക്ക് പവർ കട്ട് ഇല്ലെന്ന് ഉറപ്പാക്കുക). എല്ലാ ഭക്ഷണപദാർത്ഥങ്ങൾക്കും ഇത് ബാധകമല്ല, ഉദാഹരണത്തിന് ചോറ്. ഫ്രിഡ്ജിന് അകത്തുവച്ചാലും ചോറ് എളുപ്പത്തിൽ കേടുവരാം. തണുപ്പിലും വളരുന്ന ബാക്ടീരിയകളുടെ പ്രവർത്തനത്താൽ ആണിത്. ഫ്രിഡ്ജിൽ വച്ച ചോറ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിക്കുന്നതാണ് നല്ലത്. അധികനാൾ സൂക്ഷിച്ചുവയ്ക്കുന്നത് ആരോഗ്യകരമല്ല,” ക്രിഷ് പറയുന്നു. പൊതുവെ ഇന്ത്യൻ ഭക്ഷണം അൽപ്പം എരിവും ഉപ്പും പുളിയുമുള്ളതായതിനാൽ ഫ്രിഡ്ജ്-ഫ്രണ്ട്ലിയാണെന്നും ക്രിഷ് കൂട്ടിച്ചേർത്തു.
പെട്ടെന്ന് കേടുവരാൻ സാധ്യതയുള്ള ഭക്ഷണപദാർത്ഥങ്ങളായ മാംസം, ചിക്കൻ, മത്സ്യം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ എന്നിവ റഫ്രിജറേറ്ററിൽ സൂക്ഷിക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ച് തീർക്കണമെന്നാണ് ന്യൂട്രസി ലൈഫ്സ്റ്റൈലിലെ പോഷകാഹാര വിദഗ്ധയും സിഇഒയുമായ ഡോ.രോഹിണി പാട്ടീൽ പറയുന്നത്. അതേസമയം, റൊട്ടി, പഴങ്ങൾ, പച്ചക്കറികൾ പോലുള്ളവ ഏറെ നാൾ സൂക്ഷിക്കാം.
“ഭക്ഷണപദാർത്ഥങ്ങൾ മൂന്നുനാലു ദിവസം സൂക്ഷിച്ചുവയ്ക്കുമ്പോഴേക്കും അവയിൽ ബാക്ടീരിയകൾ വളരാൻ തുടങ്ങും. ഇവ ക്രമേണ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഭക്ഷ്യജന്യ രോഗം എന്നും അറിയപ്പെടുന്നു. ബാക്ടീരിയകൾ എല്ലായ്പ്പോഴും ഭക്ഷണത്തിന്റെ രുചിയോ മണമോ രൂപമോ മാറ്റണമെന്നുമില്ല. അതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം സുരക്ഷിതമാണോ എന്നത് രുചിയാലോ മണത്താലോ അറിയാൻ കഴിയില്ല,” ഡോ.രോഹിണി പാട്ടീൽ പറയുന്നതിങ്ങനെ.
“നമ്മളാരും ഭക്ഷണം പാകം ചെയ്ത ഉടനെ റഫ്രിജറേറ്ററിൽ വയ്ക്കാറില്ല.ഭക്ഷണം കുറേനേരം പുറത്തുവച്ചതിനു ശേഷമാവും പലപ്പോഴും ഫ്രിഡ്ജിലേക്ക് മാറ്റുന്നത്. ഇത് സൂക്ഷ്മാണുക്കൾക്ക് പെട്ടെന്ന് പെരുകാനും ഭക്ഷണത്തെ മലിനമാക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. ഫ്രിഡ്ജിൽ നിന്നെടുത്ത ചില ഭക്ഷണങ്ങൾക്ക് വേണ്ടത്ര രുചി ലഭിക്കാത്തതിനു കാരണവും ഇതു തന്നെ. വേവിച്ച അരിയാണ് ഇതിന്റെ പ്രധാന ഉദാഹരണം,” ഡോ.രോഹിണി കൂട്ടിച്ചേർത്തു.
ഭക്ഷണം പെട്ടെന്ന് കേടാവുന്നത് എങ്ങനെ തടയാം?
- അവശിഷ്ടങ്ങൾ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. അല്ലെങ്കിൽ നല്ല വണ്ണം മൂടി വയ്ക്കുക.
- വേവിച്ച ഭക്ഷണപദാർത്ഥങ്ങൾ പരമാവധി വായുവും തണുപ്പും ലഭിക്കുന്ന റഫ്രിജറേറ്ററിന്റെ മുകളിലെ ഷെൽഫുകളിൽ സൂക്ഷിക്കുക.
- ആദ്യം സൂക്ഷിച്ച വിഭവങ്ങൾ ആദ്യമെന്ന രീതിയിൽ സ്റ്റോർ ചെയ്ത വിഭവങ്ങൾ ഉപയോഗിച്ചു തീർക്കുക. ഭക്ഷണം ഒരുപാട് പഴകാൻ നിൽക്കാതെ കഴിയുന്നത്ര വേഗം ഉപയോഗിച്ചു തീർക്കാൻ ശ്രമിക്കുക.
ഇവ പൊതുവായ മാർഗ്ഗനിർദ്ദേശങ്ങളാണെങ്കിലും, ഭക്ഷണം സുരക്ഷിതമാണോ എന്ന് നിർണ്ണയിക്കാൻ നിങ്ങളുടെ ഇന്ദ്രിയങ്ങൾ (കാഴ്ച, മണം, സ്പർശനം) ഉപയോഗിക്കുന്നത് നല്ല ആശയമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. “ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അത് ഉപേക്ഷിക്കുന്നതാണ് നല്ലത്,” ഡോ. രോഹിണി നിർദ്ദേശിച്ചു.