മുഖക്കുരു, പിഗ്മെന്റേഷൻ, ചർമ്മവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രശ്നങ്ങൾ എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ട സമയമായി. ”നിങ്ങളുടെ ചർമ്മം ക്ലിയറാകാൻ ശുദ്ധമായ ഭക്ഷണം പ്രധാനമാണ്. ഭക്ഷണത്തിൽ ഒരു ദിവസം രണ്ടിനം പഴങ്ങളും അഞ്ചിനം പച്ചക്കറികളും ഉൾപ്പെടുത്തണം. സെലിനിയം, സിങ്ക്, ഒമേഗ 3, വിറ്റാമിൻ ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങളായ സൂര്യകാന്തി വിത്തുകൾ, പേരക്ക, ഓറഞ്ച്, മുട്ട, പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക,” ക്ലിനിക്കൽ ഡയറ്റീഷ്യയായ ലക്ഷിത ജെയിൻ പറഞ്ഞു.
ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നതുപോലെ വെളളം കുടിക്കുന്നതിലും ശ്രദ്ധ വേണം. നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും വെള്ളമാണ്, ഓരോ 27 ദിവസത്തിലും പുതിയ ചർമ്മകോശങ്ങൾ സൃഷ്ടിക്കപ്പെടുന്നു. വെള്ളം കുടിക്കുന്നതിലൂടെ, ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ ചർമ്മം ക്ലിയറാക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.
ചർമ്മം തിളങ്ങാനും ക്ലിയറാകാനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
മീൻ
ആഴ്ചയിൽ രണ്ട് ദിവസം അയല, മത്തി തുടങ്ങിയ മത്സ്യം കഴിക്കുന്നത് തിളങ്ങുന്ന ചർമ്മം നേടാൻ സഹായിക്കും. വിറ്റാമിൻ ഇ, സിങ്ക് എന്നിവയാൽ സമ്പന്നമായ ഒമേഗ -3 ന്റെ ഏറ്റവും മികച്ച ഉറവിടമാണ് മത്സ്യം. മത്സ്യം കഴിക്കുന്നത് മുഖക്കുരുവും ചുവപ്പും കുറയ്ക്കും.
ചണ വിത്ത്
ചണ വിത്ത് മികച്ച വെജിറ്റേറിയൻ ഒമേഗ 3 ഉറവിടമാണ്. ഇതിന് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്. ഒരു ദിവസം രണ്ട് ടീസ്പൂൺ ചണ വിത്ത് കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും സ്കിൻ ടോൺ പുറന്തള്ളാനും തിളക്കം കൂട്ടാനും സഹായിക്കുന്നു.
തക്കാളി
തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി കഴിക്കുന്നത് ചർമ്മത്തിന് ജലാംശവും തിളക്കവും നൽകുന്നു.
നാരങ്ങ വെള്ളം
ജലാംശമുളള ചർമ്മം 90 ശതമാനം ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കാണും. പഞ്ചസാര ചേർക്കാത്ത രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് ചർമ്മത്തെ തിളക്കമുളളതാക്കാൻ സഹായിക്കും. തേങ്ങാവെള്ളവും കുടിക്കാം.
കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ
മത്സ്യം, ചിക്കൻ, മുട്ടയുടെ വെള്ള, സിട്രസ് പഴങ്ങൾ, പച്ചക്കറികൾ, വെളുത്തുള്ളി പോലുള്ള കൊളാജൻ സമ്പന്നമായ ഭക്ഷണങ്ങൾ. വീറ്റ്ഗ്രാസ്, സ്പിനച്ച്, ബാർലി സീഡ്സ് തുടങ്ങിയ ക്ലോറോഫിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിലെ കൊളാജൻ വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
സിട്രുലിൻ അടങ്ങിയ ഭക്ഷണങ്ങൾ
അമിനോ ആസിഡ് അടങ്ങിയ പയർവർഗ്ഗങ്ങൾ, മാംസം, നട്സ് എന്നിവയ്ക്കൊപ്പം എൽ-സിട്രുലൈനിന്റെ മികച്ച ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് തണ്ണിമത്തൻ.
മുകളിലുള്ള ലേഖനം ചില വിവരങ്ങൾ പകരുന്നതിന് മാത്രമുള്ളതാണ്, ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ രോഗാവസ്ഥയെക്കുറിച്ചോ ഉള്ള ഏത് സംശയത്തിനും എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലുകളുടെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യൂ, ചർമ്മം തിളങ്ങും