വൃത്തിയുള്ളതും പോഷക ഗുണങ്ങള്‍ അടങ്ങിയതുമായ ഭക്ഷണമാണ് ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് അത്യാവശ്യമായ ഘടകങ്ങളില്‍ ഒന്ന്. എന്നാല്‍ നമ്മള് പുറത്തു നിന്നും വാങ്ങുന്ന പല ഭക്ഷണങ്ങളും മായം കലര്‍ന്നതാണ്. ഇത് അമ്മയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഗര്‍ഭകാലത്ത് തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.
സംസ്കരിച്ച മാംസം
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണിത്. രുചി കൂട്ടാനും കേടുവരാതെ സൂക്ഷിക്കാനുമായി ഇതില്‍ ചേര്‍ക്കുന്ന രാസ വസ്തുക്കള്‍ ഗര്‍ഭിണിയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും. കുട്ടിയില്‍ കേള്‍വി ശക്തി നഷ്ടപ്പെടല്‍, തലച്ചോറില്‍ പ്രശ്നങ്ങള്‍, കാഴ്ച ശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ ഗുരുതര അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.
സോഫ്റ്റ് ചീസ്
ശുദ്ധീകരിക്കാത്ത പാലില്‍ നിന്നും ഉണ്ടാക്കുന്ന ചീസ് ലിസ്റ്റീരിയോസിസ് എന്ന അസുഖത്തിന് കാരണമാകുന്നു. ഇത് ലിസ്റ്റീരിയ എന്ന ബാക്ടീരിയയില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലുമാണ് ഇത് പെട്ടെന്ന് ബാധിക്കുക. ഗര്‍ഭഛിദ്രത്തിനുള്ള സാധ്യത, മാസം തികയാതെയുള്ള പ്രസവം, ജനിക്കുന്ന കുട്ടി ചാപിള്ളയാകുക എന്നിവയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണ്.
മെര്‍ക്കുറിയുടെ അളവ് കൂടിയ മത്സ്യം
മെര്‍ക്കുറിയുടെ അളവ് കൂടിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ദോഷകരമാണ്. കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയെ ഇത് ബാധിക്കും. ട്യൂണ, അയക്കൂറ, മാര്‍ലിന്‍(ഒരു കടല്‍ മത്സ്യം), സ്രാവ്, കൊമ്പന് സ്രാവ് എന്നിവ പ്രധാനമായും ഒഴിവാക്കണം.
കഫീന്‍
കുഞ്ഞുങ്ങളില്‍ ഭാരക്കുറവുണ്ടാക്കുന്നതിന് കഫീന്‍ വളരെ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോഫി ഉള്‍പ്പെടെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.
ആല്‍ക്കഹോള്‍
ഗര്‍ഭിണികള്‍ ആല്‍ക്കഹോള്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം കുട്ടി ചാപിള്ളയാകാനും ഗര്‍ഭഛിദ്രത്തിനുമുള്ള സാധ്യത കൂടുതലാണ്. മദ്യത്തിന്റെ കുറഞ്ഞ അളവ് പോലും കുട്ടിയുടെ തലച്ചോറിന്റെ വികാസത്തെ നെഗറ്റീവായി ബാധിക്കാന്‍ സാധ്യതയുണ്ട്.
ജങ്ക് ഫുഡ്
ഗര്‍ഭകാലത്ത് ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കുക. കൃത്രിമ നിറത്തിനും രുചിയ്ക്കും മണത്തിനുമായി നിരവധി രാസപദാര്‍ത്ഥങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ടാകും. ജങ്ക് ഫുഡ് മൂലം മലബന്ധം പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിത ഭാരമുണ്ടാകാനും സാധ്യതയുണ്ട്.