തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം ആരാണ് മോഹിക്കാത്തത്. ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഭക്ഷണം വളരെ പ്രധാന പങ്കു വഹിക്കുന്നുണ്ട്. സമീകൃതാഹാരം കഴിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് വേണ്ട ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. നേരെമറിച്ച്, മോശം ഭക്ഷണക്രമം മുഖക്കുരു, എക്സിമ, റോസേഷ്യ, അകാല വാർധക്യം എന്നിവ പോലുള്ള വിവിധ ചർമ്മ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
വിവിധ ഇനം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇതിലൂടെ ആരോഗ്യകരമായ ചർമ്മം നൽകുന്നു. ചർമ്മ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചർമ്മം കൂടുതൽ തിളക്കമുള്ളതുമാക്കുന്നതിന് ചില ഡയറ്റ് ടിപ്സുകൾ സഹായിക്കും.
- കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക
പഴങ്ങളിലും പച്ചക്കറികളിലും ചർമ്മത്തെ തെളിഞ്ഞതും തിളക്കമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവയിൽ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുണ്ട്.
- ധാരാളം വെള്ളം കുടിക്കുക
ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്ത് മുഖകാന്തി നിലനിർത്താൻ സഹായിക്കുന്നു. ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ചർമ്മത്തിൽ നിന്നുള്ള വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
- മധുരം കഴിക്കുന്നത് കുറയ്ക്കുക
മധുരം കൂടുതൽ കഴിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാകും.ഇത് മുഖക്കുരുവിനും മറ്റ് ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും. പഞ്ചസാര അടങ്ങിയ ഭക്ഷണവും പാനീയങ്ങളും കുറയ്ക്കാൻ ശ്രമിക്കുക.
- സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കുക
സംസ്കരിച്ച ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ്, സോഡിയം, പഞ്ചസാര എന്നിവ കൂടുതലാണ്. മുഖക്കുരു, വാർധക്യം എന്നിവ പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് ഇവ കാരണമാകും.
- ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക
ഒമേഗ -3 ഫാറ്റി ആസിഡുകൾ ആരോഗ്യകരമായ ചർമ്മത്തിന് അത്യാവശ്യമാണ്. അവ വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കും. ചില മത്സ്യങ്ങൾ, നട്സ്, വിത്തുകൾ എന്നിവയാണ് ഒമേഗ -3 യുടെ ഉറവിടങ്ങൾ.
- വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക
വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളുണ്ട്. ഇത് ചർമ്മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും മുഖക്കുരുവിന് ഇടയാക്കുകയും ചെയ്യും. വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ബേക്കിങ്, ഗ്രില്ലിങ് തുടങ്ങി ആരോഗ്യകരമായ പാചക രീതികൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
- മദ്യപാനം കുറയ്ക്കുക
മദ്യത്തിന് ചർമ്മത്തെ നിർജലീകരണം ചെയ്യാനും വീക്കത്തിലേക്ക് നയിക്കാനും കഴിയും. ചുളിവുകൾക്കും പ്രായമാകുന്നതിന്റെ പാടുകളുടെ രൂപീകരണത്തിനും കാരണമാകും. മദ്യം കഴിക്കുന്നത് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കാനോ ശ്രമിക്കുക.
- മതിയായ ഉറക്കം
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ക്ഷീണിച്ച ചർമ്മത്തിലേക്ക് നയിച്ചേക്കാം. ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമായി നിലനിർത്താൻ രാത്രി കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുക.