നിങ്ങളൊരു ബന്ധത്തിലായിരിക്കുമ്പോൾ, നിങ്ങളുടെ പങ്കാളിയുടെ ചില സ്വഭാവങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. മൂന്നാമതൊരാൾക്ക് പങ്കാളിയിലെ ടോക്സിക് പെരുമാറ്റം തിരിച്ചറിയാനും ഈ ബന്ധം നിങ്ങൾക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞുതരാനും കഴിഞ്ഞേക്കും. എങ്കിലും ടോക്സിക് പാർട്നർ ആണോ നിങ്ങളുടേതെന്ന് തിരിച്ചറിയാൻ ചില വഴികൾ പങ്കുവയ്ക്കുകയാണ് റിലേഷൻഷിപ്പ് വിദഗ്ധനും ലവ്, ലസ്റ്റ് ആൻഡ് ലെമൺസ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഷഹ്സീൻ ശിവദാസനി.
നിയന്ത്രണം
നിങ്ങളുടെ ഓരോ ചലനവും പങ്കാളി നിയന്ത്രിക്കുന്നതായി തോന്നുന്നുവെങ്കിൽ, അത് തീർച്ചയായും ഒരു അടയാളമാണ്. പങ്കാളി എപ്പോഴും നിങ്ങളെ മുന്നോട്ടു കൊണ്ടുപോകണം, നിങ്ങളെ തടഞ്ഞുനിർത്തരുത്. എങ്കിൽ മാത്രമേ ആ ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനാവൂ.
മറ്റുള്ളവരിൽനിന്നും അകറ്റുക
നിങ്ങളുടെ പങ്കാളി നിങ്ങളെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റുകയാണെന്ന് തോന്നുന്നുവെങ്കിൽ, അത് തീർച്ചയായും ശ്രദ്ധിക്കണം. പങ്കാളി നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ്, എന്നാൽ നിങ്ങളെ നിയന്ത്രിക്കുന്നയാളല്ല. മനോഹരമായ മറ്റു കാര്യങ്ങളിൽ നിന്ന് ആരെങ്കിലും നിങ്ങളെ അകറ്റിനിർത്തുന്നുവെങ്കിൽ, നിങ്ങളെ പൂർണമായും നിയന്ത്രണത്തിലാക്കാനുളള ശ്രമമാണത്.
അനാദരവ്
ഒരു സാഹചര്യത്തിലും നിങ്ങളും പങ്കാളിയും പരസ്പരം അനാദരവ് കാണിക്കരുത്. ബന്ധങ്ങൾക്ക് ഉയർച്ചയും താഴ്ചയും ഉണ്ടാകും, എന്നാൽ താഴ്ചകളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് ആരോഗ്യകരമായ ബന്ധത്തെ നിർവചിക്കുന്നത്. അനാദരവ് സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ, പിന്നീട് ഒരുമിച്ച് മുന്നോട്ടുപോകുന്നത് ശരിക്കും ബുദ്ധിമുട്ടായിരിക്കും.
കള്ളത്തരം
നുണ പറയുന്നത് വിശ്വാസത്തെ തകർക്കുന്നു. വിശ്വാസമില്ലാതെ, ആരോഗ്യകരമായ ഒരു ബന്ധം മുന്നോട്ടുകൊണ്ടു പോകാനാവില്ല. അതിനാൽ, രണ്ടുപേരും സത്യസന്ധത പുലർത്തുന്നവരാണെങ്കിൽ യാതൊരു പ്രശ്നവുമില്ല. പങ്കാളി നിങ്ങളോട് നിരന്തരം നുണ പറയുകയാണെങ്കിൽ, അയാൾ നിങ്ങൾക്കുള്ള ആളല്ല.
മത്സരം
പങ്കാളി നിങ്ങളുമായി മത്സരിക്കരുത്. നിങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കാൻ അവർ ആഗ്രഹിക്കണം. അവരുടെ ജീവിതം അവർ ആഗ്രഹിക്കുന്ന രീതിയിൽ നടക്കുന്നില്ലെങ്കിലും, അവർ എപ്പോഴും നിങ്ങൾക്ക് സന്തോഷമായിരിക്കണം നൽകേണ്ടത്. പങ്കാളി നിങ്ങളുമായി നിരന്തരമായ പോരാട്ടത്തിലാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ അഭ്യുദയകാംക്ഷിയാകാൻ കഴിയുന്ന ഒരാളല്ല.