കോവിഡും ലോക്ക്ഡൗണും മൂലം പലവിധത്തിലും ജനങ്ങൾ ബുദ്ധിമുട്ടിയ വർഷമാണ് കടന്നുപോയത്. ജോലിയും ദൈനംദിന കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകൽ, കുട്ടികളുടെ ഓൺലൈൻ പഠനത്തിലേക്കുളള മാറ്റം, ആഗോളതലത്തിൽ ആരോഗ്യത്തെക്കുറിച്ചുളള ഭയപ്പെടൽ, ഭാവിയെക്കുറിച്ചുളള ചിന്ത തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ഓർത്ത് നമ്മുടെയൊക്കെ മനസ് എപ്പോഴും ചിന്തയിലായിരുന്നുവെന്ന് ന്യൂവയിലെ കമ്മ്യൂണിറ്റി മേധാവി ശരണ ജംഗിയാനി പറഞ്ഞു.
അമിത ജോലിയും പലപ്പോഴും നമ്മുടെ മനസിനെ അസ്വസ്ഥമാക്കുന്നു. ദൈനംദിന ജോലികളും മാറിവരുന്ന വികാരങ്ങളും നമ്മളെ തളർച്ചയിലേക്ക് നയിക്കുന്നതായി അവർ പറഞ്ഞു. ജീവിതത്തിൽ നമുക്കൊരു ബ്രേക്ക് എടുക്കാൻ സമയമായതിന്റെ ചില സൂചനകളുണ്ട്. അങ്ങനെയുളള അഞ്ചു സൂചനകളെക്കുറിച്ചാണ് അവർ പങ്കുവച്ചത്.
ഭക്ഷണരീതിയിലെ മാറ്റം
മാനസിക പിരിമുറുക്കത്തിന്റെയും ക്ഷീണത്തിന്റെയും സാധാരണ ലക്ഷണമാണ് ഭക്ഷണരീതിയിലെ മാറ്റം. നിങ്ങൾ ആശ്വാസത്തിനായി ഭക്ഷണത്തിലേക്ക് തിരിയുന്നുവെങ്കിൽ മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിന്റെ ഫലമാണത്. നിങ്ങളുടെ ഭക്ഷണരീതി തെറ്റായിരിക്കാം എന്നതിന്റെ സൂചനയുമാവാം. വിശപ്പില്ലാത്തപ്പോഴായിരിക്കാം നിങ്ങൾ ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലായിരിക്കാം.
Read More: മാനസിക സമ്മർദത്തിലാണോ? ഈ 9 ഭക്ഷണങ്ങൾ ഒഴിവാക്കുക
അസ്വസ്ഥത
നിങ്ങൾ കിടക്കയിലാണെങ്കിലും നിങ്ങളുടെ മനസിന് വിശ്രമിക്കാൻ കഴിയുന്നില്ലേ?. കിടക്കുമ്പോൾ നിങ്ങളുടെ കാലുകൾ ചലിപ്പിക്കാൻ അനിയന്ത്രിതമായ പ്രേരണ തോന്നുന്നുവോ?. ഒരു അസൈൻമെന്റിൽ നിന്ന് മറ്റൊന്നിലേക്ക് നിങ്ങൾ ഭ്രാന്തമായി കുതിക്കുന്നുവോ?. ഒരുപക്ഷേ നിങ്ങൾ വിശ്രമിക്കാൻ കുറച്ച് സമയം എടുക്കാതെ തിരക്കുകളിലേക്ക് മാറുന്നതിനാലാകാമിത്. ഉത്കണ്ഠ നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിൽ വ്യായാമവും ധ്യാനവും ഉൾപ്പെടുത്തുക.
പ്രോത്സാഹനത്തിന്റെ അഭാവം
പതിവ് ജോലിയും ദിനചര്യയും മുടക്കമില്ലാതെ തുടരുമ്പോൾ വ്യായാമം ചെയ്യുന്നതിനോ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനോ നിങ്ങൾ മുടക്കം വരുത്തരുത്. ഒരുപാട് മണിക്കൂർ ഉറക്കത്തിന് ശേഷവും ശാരീരികമായും മാനസികമായും ക്ഷീണിച്ചതായി നിങ്ങൾക്ക് തോന്നുന്നത് അമിതമായ സമ്മർദ്ദത്തിന്റെ ഫലമാണ്.
പ്രതിരോധശേഷി കുറവ്
ഉറക്കമില്ലായ്മയ്ക്കും അസുഖത്തിനും മാനസിക സമ്മർദം ഒരു കാരണമാണ്, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കും. വിശ്രമത്തിന്റെയും ശാന്തതയുടെയും അഭാവം അണുബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. അതിനാൽ നിങ്ങൾ പലപ്പോഴും രോഗബാധിതരാണെങ്കിൽ, നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെടുത്തുന്നതിന്റെ ഓർമ്മപ്പെടുത്തലായിരിക്കാം ഇത്.
കുറഞ്ഞ ഏകാഗ്രത
ദിവസങ്ങളിൽ പലപ്പോഴും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ പാടുപെടുന്നുണ്ടെങ്കിൽ ബ്രേക്ക് എടുക്കേണ്ടതിന്റെ വ്യക്തമായ സൂചനയാണ്. നിങ്ങളുടെ കാറിന്റെ താക്കോൽ എവിടെയാണ് വച്ചതെന്ന് മറക്കുക, വായിച്ച വരികൾ തന്നെ അർഥം മനസിലാക്കാനായി വീണ്ടും വീണ്ടും വായിക്കുക, പെട്ടെന്ന് ശ്രദ്ധ മാറിപ്പോവുക ഇതൊക്കെ സൂചനകളാണ്. ധ്യാനവും ശരിയായ ശ്വസനവും ഇതു മറികടക്കാൻ സഹായകരമാണ്, ദൈനംദിന ശീലങ്ങളുടെ പട്ടികയിൽ അവയും ഉൾക്കൊളളിക്കുക.