വേനല്‍ക്കാലത്തിന്റെ മുഖമുദ്രയാണ് ബ്ലാക്ക്‌ബെറി. ചുട്ടുപൊള്ളുന്ന മാസങ്ങളിലുടനീളം ബ്ലാക്ക്‌ബെറികള്‍ വിപണികളില്‍ സജീവമാണ്. ചൂടിനൊരു ആശ്വാസം മാത്രമല്ല, ചില ആരോഗ്യ ഗുണങ്ങളുമുണ്ട് ബ്ലാക്ക്‌ബെറിക്ക്.

നാരുള്ള ആഹാരപദാര്‍ത്ഥം

ഒരു കപ്പ് ഫ്രെഷ് ബ്ലാക്ക്‌ബെറി എട്ട് ഗ്രാം നാരും 60 കലോറിയുമാണ് പ്രദാനം ചെയ്യുന്നത്. അതായത് ഒരു ദിവസം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട നാരിന്റെ മൂന്നിലൊന്ന് ഇതില്‍ നിന്നു മാത്രം ലഭിക്കും. കൊളസ്‌ട്രോള്‍ തടയാനും ശരീരഭാരം കുറയ്ക്കാനും രക്തത്തിനെ പഞ്ചസാര, ഇന്‍സുലിന്‍ എന്നിവയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ദഹനാരോഗ്യം മെച്ചപ്പെടുത്താനും ബ്ലാക്ക്‌ബെറി സഹായിക്കുന്നു.

വിറ്റാമിന്‍ സി നല്‍കുന്നു

ശരീരത്തിനാവശ്യമായ ജീവകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ സി. ഒരു ദിവസം ശരീരത്തിനു ലഭിക്കേണ്ട വിറ്റാമിന്‍ സിയുടെ പകുതിയും ബ്ലാക്ക്‌ബെറിയില്‍ നിന്നു തന്നെ ലഭിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു, ആരോഗ്യകരമായ ചര്‍മ്മം സമ്മാനിക്കുന്നു. ഉറക്കവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുന്നു.

അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുന്നു

ഒരു കപ്പ് ബ്ലാക്ക്‌ബെറി ഒരുദിവസം ശരീരത്തിന് ലഭിക്കേണ്ട വിറ്റാമിന്‍ കെയുടെ മൂന്നില്‍ ഒരു ഭാഗം നല്‍കുന്നു. ഇത് രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തെ നിലനില്‍ത്തുന്നു. അസ്ഥികളുടെ രൂപീകരണത്തിന് വിറ്റാമിന്‍ കെ ആവശ്യമാണെന്ന് പല പഠനങ്ങളും പറയുന്നു. വിറ്റാമിന്‍ കെയെടു കുറവ് എല്ലുകള്‍ പൊട്ടാന്‍ കാരണമാകുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

മധുരം ഏറ്റവും കുറഞ്ഞ പഴങ്ങളാണ് ബ്ലാക്ക്‌ബെറികള്‍. ഒരു കപ്പില്‍ ഏഴ് ഗ്രാമാണ് അളവ്. പഞ്ചസാരയുടെ അളവ് കുറവും നാരിന്റെ എണ്ണം കൂടുതലുമായതിനാല്‍ ഇന്‍സുലിന്‍ അളവും നിയന്ത്രിക്കുന്നു.

തലച്ചോറിനെ സംരക്ഷിക്കുന്നു

ഇതില്‍ അടങ്ങിയ ആന്റിയോക്‌സിഡന്റ് മസ്തിഷ്‌കത്തില്‍ വീക്കം വരാതിരിക്കാന്‍ സഹായിക്കുന്നു. ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയത്തെ സഹായിക്കും. പ്രായം വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവിനെ ഒരുപരിധിവരെ സഹായിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook