ചർമ്മം വൃത്തിയായി സൂക്ഷിക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും പതിവായി മുഖം വൃത്തിയാക്കണം. ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ അതിന്റെ നേട്ടങ്ങൾ ലഭിക്കൂ. മുഖം വൃത്തിയാക്കുന്ന സമയത്ത് അറിഞ്ഞോ അറിയാതെയോ ചില തെറ്റുകൾ വരുത്താറുണ്ട്. ഇത് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് അടക്കമുള്ള ചർമ്മപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും.
ചർമത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ പുറന്തള്ളാൻ ക്ലെൻസിങ് സഹായിക്കും. എന്നാൽ, ക്ലെൻസിങ് ചെയ്യുമ്പോൾ മിക്കവരും ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇത്തരത്തിൽ ഒഴിവാക്കേണ്ട 5 തെറ്റുകളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത് ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിട്ടുണ്ട്.
വരണ്ട ചർമ്മത്തിൽ ഫെയ്സ് വാഷ് ഉപയോഗിക്കുക
ഫെയ്സ് വാഷ് ഉപയോഗിക്കുന്നതിനു മുൻപ് മുഖം എപ്പോഴും നനയ്ക്കുക. ഇതിലൂടെ ഫെയ്സ് വാഷ് ഒരിടത്തുമാത്രം കൂടുതലാവാതെ, എല്ലായിടത്തും ഒരുപോലെ പ്രയോഗിക്കാനാവും. ഇതിലൂടെ വൃത്തിയുള്ളതും തെളിഞ്ഞതുമായ ചർമ്മം ലഭിക്കും.
ഒരുപാട് കൂടുതലോ തീരെ കുറവോ ആകരുത്
ഒരുപാട് കൂടുന്നതും തീരെ കുറയുന്നതും ദോഷകരമാണ്. ചർമ്മസംരക്ഷണത്തിനും ഇത് ബാധകമാണ്. അതിനാൽ എപ്പോഴും ശരിയായ അളവിൽ ഫെയ്സ് വാഷ് ഉപയോഗിക്കണം. ഒരു രൂപാ വലിപ്പമുള്ള അത്ര മതിയാകുമെന്ന് ഡോ.പന്ത് പറഞ്ഞു. വളരെയധികം ഫെയ്സ് വാഷ് ആവശ്യമില്ല, കാരണം ചർമ്മത്തെ ഇത് വരണ്ടതാക്കും.
വളരെ പെട്ടെന്ന് മുഖം കഴുകുക
ഫെയ്സ് വാഷ് പെട്ടെന്ന് കഴുകി കളയരുത്. ഇതിലെ ചേരുവകൾക്ക് ചർമ്മത്തിൽ പ്രവർത്തിക്കാൻ ആവശ്യമായ സമയം ലഭിക്കണം. “എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ അല്ലെങ്കിൽ സാലിസിലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ഫെയ്സ് വാഷ് ഉപയോഗിക്കുകയാണെങ്കിൽ, അവയിലെ ചേരുവകൾ പ്രവർത്തിക്കാൻ 2 മിനിറ്റ് സമയം നൽകണം.”
ടവൽ ഉപയോഗിച്ച് അമർത്തി തുടയ്ക്കുക
മൃദുവായ ടവൽ ഉപയോഗിക്കുക, ചർമ്മത്തിലെ അധിക വെള്ളം മാത്രം തുടയ്ക്കുക. മോയിസ്ച്യുറൈസർ പ്രയോഗിക്കുന്നതിന് മുമ്പ് ചർമ്മത്തിൽ അൽപം നനവ് വേണം.
മോയിസ്ച്യുറൈസർ ഉടനടി പ്രയോഗിക്കാതിരിക്കുക
മോയിസ്ച്യുറൈസർ ഉപയോഗിക്കാതെ ഒരു ചർമ്മസംരക്ഷണവും പൂർത്തിയാകില്ല. ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ഉടൻതന്നെ മോയിസ്ച്യുറൈസർ പുരട്ടേണ്ടത് പ്രധാനമാണെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.