പണ്ട് സ്കൂളിൽ പാഠപുസ്‌തകത്തിൽ പഠിച്ചപ്പോൾ ഇഗ്ലൂവിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ അതിന് ഇനി അന്റാർട്ടിക്കയിലോ ഗ്രീൻലാന്റിലോ പോകേണ്ട, മണാലിയിലേക്ക് പോയാൽ മതി. മഞ്ഞ് മൂടിക്കിടക്കുന്ന താഴ്‌വരയിൽ തണുത്തുറഞ്ഞ അന്തരീക്ഷത്തിലിൽ ഐസ് വീടിനുളളിൽ മൂടിപ്പുതച്ച് കിടന്നുറങ്ങാനായാലോ..! അതിൽ പരം സന്തോഷം വേറൊന്നും ഉണ്ടാകില്ല. എന്നാൽ അതെല്ലാം യാഥാർഥ്യമാകാൻ പോവുകയാണ്. ഇന്ത്യയിൽ ആദ്യമായി ഒരു ഇഗ്ലൂ ഹോട്ടൽ തുടങ്ങിയിരിക്കുകയാണ് മണാലിയിൽ.
manali igloo stay, manalai, igloo

ഹിമാചൽ പ്രദേശിലെ സെൻട്രൽ മണാലിയിൽ നിന്ന് കുറച്ചകലെയാണ് ഈ മഞ്ഞ് വീടുളളത്. മണാലി ഇഗ്ലൂ സ്റ്റേ എന്ന് പേരുളള ഹോട്ടലിൽ പൂർണ പ്രവർത്തന സജ്ജമായ രണ്ട് ഇഗ്ലുവാണ് ഉളളത്. കീലിംഗ ഹിമാലയൻ അഡ്വഞ്ചേഴ്‌സ് കമ്പനി ഉടമകളായ വികാസ് കുമാർ, താശി ദോർജ് എന്നിവരുടേതാണ് ഇഗ്ലൂ ഹോട്ടൽ. താമസത്തോടൊപ്പം മഞ്ഞിൽ കളിക്കാനുളള മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. സ്കീയിങ്ങ്, ട്യൂബ് സ്ലൈഡിങ്ങ്, സ്‌നോ സ്ലെഡ്ജിങ്ങ് തുടങ്ങിയ വിനോദങ്ങൾക്ക് പുറമേ നിങ്ങൾക്കും വേണമെങ്കിൽ ഒരു കൊച്ചു ഇഗ്ലൂ ഉണ്ടാക്കാം!
manali igloo stay, manalai, igloo

രണ്ട് പേർക്ക് കിടക്കാവുന്ന തരത്തിലാണ് ഇഗ്ലൂ നിർമിച്ചിരിക്കുന്നത്. മഞ്ഞിലെ വിനോദങ്ങൾ ഉൾപ്പെടെ ഇഗ്ലൂവിൽ ഒരു രാത്രി താമസിക്കാൻ 5,600 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. വിനോദങ്ങളിൽ താത്പര്യമില്ലാത്തവർക്ക് താമസത്തിന് മാത്രം ഒരു രാത്രി 4,600 രൂപ കൊടുത്താൽ മതി. രണ്ട് രാത്രി ഇഗ്ലൂവിൽ താമസിക്കുന്നതിനും മഞ്ഞുമലയിലെ ട്രക്കിങ്ങിനും കൂടി 6,800 രൂപ. റിസർവേഷൻ ചെയ്യാത്തവരും ഒട്ടും വിഷമിക്കേണ്ട. ഇഗ്ലൂവിന് ചുറ്റും പകൽ കളിച്ചുല്ലസിക്കാനും വിനോദങ്ങൾക്കും വേറെയും സൗകര്യമുണ്ട്. ഇതിനായി 2,700 രൂപ കൊടുത്താൽ മതി.

എസ്‌കിമോകൾ എന്നറിയപ്പെടുന്ന മഞ്ഞിൽ ജീവിക്കുന്ന മനുഷ്യർ താമസിക്കാനായി ഡോം ആകൃതിയില്‍ മഞ്ഞുകൊണ്ടുണ്ടാക്കുന്ന കുടിലാണ് ഇഗ്ലൂ. സാധാരണ താപനിലയിലും വളരെ താഴ്ന്നതായതിനാൽ അതിനനുസരിച്ചുളള​ വസ്ത്രങ്ങളും കൈയ്യിൽ കരുതണം. സ്വന്തം കാറിന് പോകുന്നവർക്ക് പ്രത്യേക പെർമിറ്റ് എടുക്കണം. സ്വന്തം വാഹനം ഇല്ലാതെ എത്തുന്നവർക്ക് അവിടെ വാഹന സൗകര്യവുമുണ്ട്.
igloo, manali igloo stay

ഇഗ്ലൂവിൽ എത്താനായി മണാലിയിൽ നിന്ന് സെതാൻ ഗ്രാമത്തിലെത്തി അവിടെ നിന്ന് 20 മിനിറ്റ് ട്രക്കിങ്ങ് നടത്തണം. ഫെബ്രുവരി കഴിഞ്ഞാൽ ഇഗ്ലുവിൽ താമസിക്കാൻ ഇനി മാസങ്ങൾ കാത്തിരിക്കേണ്ടിവരും. കാരണം ഈ വർഷാവസാനം അടുത്ത മഞ്ഞുകാലത്തല്ലേ ഈ മഞ്ഞുവീട് അവിടെയുണ്ടാകൂ.. അപ്പോ ഇനി നേരെ മണാലിക്ക് വച്ചുപിടിച്ചാലോ..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook