/indian-express-malayalam/media/media_files/uploads/2023/06/Khushbu.jpg)
ഖുശ്ബു
തെന്നിന്ത്യൻ നടി ഖുശ്ബുവിന്റെ മേക്കോവർ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ശരീര ഭാരം കുറച്ചുള്ള ഖുശ്ബുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പതിവ് വർക്കൗട്ടിന്റെയും ചർമ്മസംരക്ഷണത്തിന്റെയും കാര്യത്തിൽ താരം ഒരു വിട്ടുവീഴ്ചകൾക്കും തയ്യാറാകാറില്ല.
അടുത്തിടെ മുടിക്കും മുഖത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന വാഴപ്പഴം കൊണ്ടുള്ള ഫെയ്സ് പാക്കിനെക്കുറിച്ച് താരം ഇൻസ്റ്റഗ്രാമിൽ പറഞ്ഞിരുന്നു. വാഴപ്പഴം നിങ്ങളുടെ മുടിയെ സോഫ്റ്റും സിൽക്കിയും ആക്കുമെന്നും മുഖത്തിന് മുമ്പെങ്ങുമില്ലാത്ത തിളക്കം നൽകുമെന്നും ഖുശ്ബു പറഞ്ഞിരുന്നു.
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ഇ, സി, ധാതുക്കൾ, പ്രകൃതിദത്ത എണ്ണകൾ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴമെന്ന് കോസ്‌മെറ്റോളജിസ്റ്റും സ്റ്റുഡിയോ എസ്തറ്റിക് മാനേജിങ് ഡയറക്ടറുമായ ഡോ.മധു ചോപ്ര പറഞ്ഞു. ''ചർമ്മസംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണവ. അവ ചർമ്മത്തെയും മുടിയെയും മൃദുവുമാക്കാൻ സഹായിക്കുന്നു. വരണ്ട ചർമ്മത്തിന് ഏറെ മികച്ചതാണ്, കാരണം ഇത് ആഴത്തിൽ ജലാംശം നൽകുകയും ഈർപ്പം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, ഇ, എ എന്നിവയും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാനും സഹായിക്കുന്നു,'' ഡോ.ചോപ്ര പറഞ്ഞു.
വാഴപ്പഴത്തിൽ പൊട്ടാസ്യം, പ്രകൃതിദത്ത എണ്ണകൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോ.ചോപ്ര അഭിപ്രായപ്പെട്ടു.
അസ്കോർബിക് ആസിഡ്, കരോട്ടിൻ, സയനിഡിൻ തുടങ്ങിയ ധാരാളം ആന്റിഓക്‌സിഡന്റുകൾ വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ കുറവാണെന്ന് നാനാവതി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ.വന്ദന പഞ്ചാബി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
തൊലിയിലെ ആന്റിഓക്‌സിഡന്റുകൾ റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസുകളെ (ROS) തടഞ്ഞുകൊണ്ട് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഏജിങ് ഗുണങ്ങൾ എന്നിവ നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, കൊളാജൻ പ്രോത്സാഹിപ്പിക്കുന്നതിനും പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ചർമ്മത്തിലോ മുടിയിലോ വാഴപ്പഴം പുരട്ടുന്നതിന്റെ പ്രയോജനം തെളിയിക്കാൻ ശാസ്ത്രീയ പഠനങ്ങളൊന്നുമില്ലെന്ന് അവർ വ്യക്തമാക്കി.
ചിലപ്പോൾ വാഴപ്പഴത്തിന്റെ പൾപ്പ് ചർമ്മത്തിൽ അലർജി ഉണ്ടാക്കുകയും എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമ്മമുള്ളവരിൽ മുഖക്കുരു സാധ്യത വർധിക്കുന്നതിനും ഇടയാക്കുമെന്ന് ഡോ.പഞ്ചാബി പറഞ്ഞു. തലയോട്ടിയിലും മുടിയിലും വാഴപ്പഴത്തിന്റെ പൾപ്പ് പുരട്ടുന്നവരിൽ താരൻ വഷളാകുന്നത് താൻ കണ്ടിട്ടുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് വാഴപ്പഴം. അതിനാൽ തന്നെ അവ കഴിക്കുന്നത് ഏറെ നല്ലതാണെന്ന് ഡോ.പഞ്ചാബി അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.