ആരോഗ്യകരമായ പ്രണയബന്ധം മനുഷ്യന് നിരവധി ഗുണങ്ങള്‍ ചെയ്യും. പങ്കാളിയുടെ സാന്നിധ്യം മാനസിക ആരോഗ്യത്തെ വളരെ ഗുണകരമായി സ്വാധീനിക്കും എന്നാണ് സൈക്കോഫിസിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ടുസാനിലെ യൂണിവേഴ്‌സിറ്റി ഓഫ് അരിസ്റ്റോയിലെ മനഃശാസ്ത്രജ്ഞര്‍ ആണ് ഈ പഠനം നടത്തിയത്.

പങ്കാളിയുടെ സാന്നിധ്യം മാനസിക സമ്മര്‍ദ്ദത്തെ നേരിടാനും പല സങ്കീര്‍ണമായ അവസ്ഥകളിലും പങ്കാളിയെക്കുറിച്ച് ചിന്തിക്കുന്നത് മനസിനെ കൂടുതല്‍ പോസിറ്റീവ് ആയി നിലനിര്‍ത്താനും സഹായിക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.

യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അവരിലാണ് പഠനം നടത്തിയത്. ഈ വിദ്യാര്‍ത്ഥികളെല്ലാം പ്രണയ ബന്ധത്തിലുള്ളവര്‍ ആയിരുന്നു. മൂന്ന് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ തിരഞ്ഞെടുത്തത്. എല്ലാവരും 19 വയസുള്ളവരായിരുന്നു. 75.5 ശതമാനവും പെണ്‍കുട്ടികളാണ്. ബന്ധത്തിന്റെ ദൈര്‍ഘ്യം ശരാശരി 20.6 മാസമായിരിക്കണം. വിവിധ വിഭാഗത്തില്‍ നിന്നുള്ളവരെയാണ് തിരഞ്ഞെടുത്തത്. 46 ശതമാനവും യൂറോപ്യന്‍ വംശജരും സ്‌പെയിനില്‍ നിന്ന് അല്ലാത്തവരുമായിരുന്നു.

പഠനത്തില്‍ പങ്കെടുത്ത 102 പേര്‍ക്കും അവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ടാസ്‌ക് ആണ് ഗവേഷകര്‍ നല്‍കിയത്. സ്വയം സന്നദ്ധരായി വരുന്നവര്‍ താപനില 38-40 ഡിഗ്രി ഫാരെന്‍ഹീറ്റ് ഉളള വെളളത്തില്‍ ഒരു കാല്‍ മുക്കിവയ്ക്കണം. ഓരോരുത്തര്‍ക്കും അനുഭവപ്പെട്ട സമ്മര്‍ദ്ദം അറിയാനായി ഗവേഷകര്‍ അവരുടെ രക്ത സമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവ കൃത്യമായി പരിശോധിച്ചു.

മൂന്ന് ഗ്രൂപ്പായാണ് പരീക്ഷണം നടത്തിയത്. ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്കൊപ്പം അവരുടെ പങ്കാളികളെയും ഉള്‍പ്പെടുത്തി. രണ്ടാമത്തെ ഗ്രൂപ്പിലുള്ളവരോട് അവരുടെ പങ്കാളികളെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നാമത്തെ ഗ്രൂപ്പിലുള്ളവരോട് അന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനാണ് പറഞ്ഞത്.

ഓരോ ഘടകങ്ങളും പരിശോധിച്ചപ്പോള്‍ മൂന്നാമത്തെ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് ആദ്യത്തെ രണ്ടു ഗ്രൂപ്പിലുള്ളവരുടേയും രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് കുറവായിരുന്നെന്നും അതുവഴി രണ്ടും മൂന്നും ഗ്രൂപ്പുകാര്‍ അധികം സമ്മര്‍ദ്ദത്തില്‍ ആയിരുന്നില്ലെന്നും മനസിലാക്കാന്‍ സാധിച്ചു.

‘ഈ കണ്ടെത്തല്‍ തെളിയിക്കുന്നത് പ്രണയബന്ധം മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്നു തന്നെയാണ്. നല്ല രീതിയില്‍ മാനസിക സമ്മര്‍ദ്ദത്തെ നേരിടാനും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും പ്രണയം സഹായിക്കും,’ പഠനം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ