മലയാളി സ്ത്രീകളെ സംബന്ധിച്ച് ഏറെ വിശേഷമായ ഒന്നാണ് കേരളസാരി. ആരെയും സുന്ദരിയാക്കുന്ന വേഷങ്ങളിലൊന്നെന്ന് കേരളസാരിയെ വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. വിശേഷാവസരങ്ങളിൽ കേരളസാരിയുടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറിയപങ്ക് സ്ത്രീകളും. കസവിന്റെ തിളക്കമാണ് നമ്മുടെ പല ആഘോഷങ്ങൾക്കും.
മലയാളത്തിന്റെ പ്രിയനടി സംയുക്ത വർമ്മ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കസവു സാരിയിൽ സുന്ദരിയായ സംയുക്തയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
“എന്റെ സെറ്റ് മുണ്ട്. മുണ്ട് സാരി. അഭിനിവേശം,” എന്നാണ് ചിത്രത്തിന് സംയുക്ത അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നീണ്ട മുടിയും സാരിയുമൊക്കെയായി തനി കേരളീയമായ ലുക്കിലാണ് സംയുക്ത പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ചിത്രത്തിലും കേരളതനിമയുള്ള സംയുക്തയെ ആണ് കാണാനാവുക.

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകർ സംയുക്തയ്ക്ക് ഉണ്ട്, താരത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ താൽപര്യമാണ്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.