സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമായി പേളി മാണി. പേളി മാത്രമല്ല, ഭർത്താവായ ശ്രീനിഷും മകൾ നിലയുമൊക്കെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും.
മകളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമൊക്കെ പേളി ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പേളി പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ കവരുകയാണ്. ഒരു ഇൻഡിഗോ ഡിസൈൻ സാരിയിൽ അതിസുന്ദരിയായ പേളിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
“നിങ്ങൾക്ക് എന്തും സ്വപ്നം കാണാനുള്ള അവകാശമുണ്ട്. ഒപ്പം ആ സ്വപ്നം ജീവിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കാനുള്ള അവകാശവും. പരാജയപ്പെട്ടാലും കുഴപ്പമില്ല. തെറ്റ് പറ്റിയാലും കുഴപ്പമില്ല. ചിലപ്പോഴൊക്കെ വഴിതെറ്റുന്നതും ആശയക്കുഴപ്പമുണ്ടാകുന്നതും തികച്ചും സാധാരണമാണ്. കാരണം ജീവിതത്തിൽ ഗൂഗിൾ മാപ്പ് ഇല്ല. നമ്മുടെ ഉൾവിളികൾക്ക് അനുസരിച്ച് എവിടേക്കാണ് പോകേണ്ടതെന്ന് മനസ്സിലാക്കണം. അതിനർത്ഥം നിങ്ങൾ മുന്നോട്ട് പോകുന്നു എന്നാണ്. കാലക്രമേണ നിങ്ങൾ മൈലുകൾ സഞ്ചരിച്ചിരുന്നതായി നിങ്ങൾ മനസ്സിലാക്കും. ഈ ജീവിതയാത്ര ആസ്വദിക്കൂ. കാരണം ജീവിതം ഇന്നിൽ ജീവിക്കുക എന്നതാണ്. പ്രകൃതിദൃശ്യങ്ങൾ, വഴിയിൽ വരുന്ന കാഴ്ചകൾ ആസ്വദിക്കുക. ചില ആളുകൾ അവസാന ലക്ഷ്യസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത്, അവർ പുറംകാഴ്ചകൾ കാണാൻ മറന്നുപോവുന്നതുകൊണ്ടാണ്. അതിനാൽ ആസ്വദിച്ച് ജീവിക്കുക. നിങ്ങളുടെ ചെറിയ അനുഗ്രഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ശ്വസിക്കുന്ന വായു, നിങ്ങളുടെ ഹൃദയമിടിപ്പ്… ജീവിതം അതേപടി ആസ്വദിക്കുക. നിങ്ങളെന്ന അത്ഭുതകരവും അതുല്യവുമായ വ്യക്തിയെ അംഗീകരിക്കുക. നിങ്ങൾ വ്യത്യസ്തനാണ്, നിങ്ങൾ ഗംഭീരനാണ്! ഈ ലോകത്ത് നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമേയുള്ളൂ, നിങ്ങൾ അങ്ങേയറ്റം സ്നേഹിക്കപ്പെടുന്നു. നിങ്ങളിൽ വിശ്വസിക്കുക, നിങ്ങൾ എങ്ങനെയാണോ അതുപോലെ തന്നെ സ്വയം സ്നേഹിക്കുക… നമുക്ക് അവിടെ നിന്ന് തുടങ്ങാം… നിങ്ങൾ എങ്ങനെയായിരിക്കുന്നുവോ അതുപോലെ സ്നേഹിക്കുക,” ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചു.