ഇന്ത്യയിലേക്ക് 21 വർഷങ്ങൾക്കുശേഷം വിശ്വസുന്ദരി പട്ടമെത്തിയത് ഹർനാസ് സന്ധുവിലൂടെയാണ്. 200 ൽ ലാറ ദത്തയ്ക്കുശേഷം ഈ കിരീടം ചൂടുന്ന ഇന്ത്യക്കാരിയാണ് ഹർനാസ്. അടുത്തിടെ താനുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങൾക്ക് ഹർനാസ് ഉത്തരം നൽകിയിരുന്നു. ഇതിൽ ഹർനാസിന്റെ ഇഷ്ടങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.
ഹർനാസിന്റെ ഇഷ്ട ഭക്ഷണം എന്തെന്ന ചോദ്യത്തിന് രാജ്മ ചാവൽ എന്നായിരുന്നു മറുപടി. ഇഷ്ട വിനോദങ്ങൾ എന്തൊക്കെയെന്ന് ചോദിച്ചപ്പോൾ പാചകവും ഡാൻസും എന്നാണ് പറഞ്ഞത്. ഇതിനുപുറമേ റൊമാന്റിക് കോമഡി സിനിമകളും ചിലരുടെ ജീവചരിത്രം സിനിമയായി എത്തുമ്പോൾ അത് കാണാനും ഇഷ്ടമുണ്ടെന്ന് ഹർനാസ് പറഞ്ഞു.
ഹർനാസിനെ സംബന്ധിച്ചിടത്തോളം, സ്ത്രീകളുടെ ആരോഗ്യവും ശാക്തീകരണവുമാണ് ഏറ്റവും പ്രധാനപ്പെട്ടവ. തന്റെ പ്രചോദനമാരെന്ന് ചോദിച്ചപ്പോൾ അമ്മ എന്നായിരുന്നു വിശ്വസുന്ദരിയുടെ മറുപടി. ഒരു ദിവസം അവസാനിപ്പിക്കാൻ താൻ ഇഷ്ടപ്പെടുന്നത് എങ്ങനെയെന്നും അവർ പറഞ്ഞു. നല്ലൊരു സിനിമ കണ്ടും മനസും ശരീരവും തണുക്കാൻ പെട്ടെന്നുള്ളൊരു കുളിയും ആണ് താൻ ഇഷ്ടപ്പെടുന്നതെന്ന് വിശ്വസുന്ദരി വ്യക്തമാക്കി.
തന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എന്താണ് എന്നതിന് സ്വാദിഷ്ടമായ ഭക്ഷണവും മധുര പലഹാരങ്ങളും എന്നായിരുന്നു ഹർനാസ് പറഞ്ഞത്. ഒറ്റയ്ക്കാവുന്നതും ദീർഘനാൾ ജോലിയൊന്നും ചെയ്യാതെ ഇരിക്കുന്നതും തന്നെ സങ്കടത്തിലാക്കുമെന്നും അവർ പറഞ്ഞു.
ഈ വർഷം ഒരുപാട് യാത്രകൾ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും ഹർനാസ് പറഞ്ഞു. “എനിക്ക് കഴിയുന്നത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്, എങ്കിലും ഫിലിപ്പൈൻസും ജപ്പാനും സന്ദർശിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” വിശ്വസുന്ദരി അഭിപ്രായപ്പെട്ടു.
Read More: ബ്ലാക്ക് ആൻഡ് വൈറ്റ് സിൽക്ക് സാരിയിൽ സുന്ദരിയായി ആലിയ; ചിത്രങ്ങൾ