കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് ഗാല എന്നറിയപ്പെടുന്ന മെറ്റ് ഗാല, ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്കുള്ള വാർഷിക ധനസമാഹരണ പരിപാടിയാണ്. ഓരോ വർഷവും അരങ്ങേറുന്ന ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിലൊന്നാണ് മെറ്റ് ഗാല. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, കല- ഫാഷൻ- വിനോദ മേഖലയിൽ നിന്നുള്ള മറ്റു ശ്രദ്ധേയരായ വ്യക്തികൾ എന്നിവർ എല്ലാവർഷവും ഈ മേളയിലേക്ക് ആകർഷിക്കപ്പെടുന്നു.
സാധാരണയായി മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല നടക്കുന്നത്. ശ്രദ്ധാപൂർവം ക്യൂറേറ്റ് ചെയ്ത അതിഥികളാണ് ഓരോ വർഷവും മെറ്റ് ഗാലയിൽ പങ്കെടുക്കുക. ഓരോ വർഷവും ഇവന്റിന് വ്യത്യസ്തമായ തീമും ഉണ്ടായിരിക്കും. മെറ്റ് ഗാലയിൽ പങ്കെടുക്കുന്നവർ തീമിന് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് നിബന്ധനയുണ്ട്. മെറ്റ് ഗാല തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുൻനിര ഫാഷൻ ഡിസൈനർമാരുമായി സഹകരിച്ചാണ് പല സെലബ്രിറ്റികളും തങ്ങളുടെ കോസ്റ്റ്യൂം ഒരുക്കുന്നത്.

ഫാഷൻ കലണ്ടറിലെ ഏറ്റവും അഭിമാനകരവും സവിശേഷവുമായ ഇവന്റുകളിലൊന്നായി പരക്കെ അറിയപ്പെടുന്ന മെറ്റ് ഗാലയെ ‘ഈസ്റ്റ് കോസ്റ്റിന്റെ ഓസ്കാർ’ എന്നാണ് വിളിക്കുന്നത്. വസ്ത്രങ്ങളുടെയും ഫാഷൻ ആക്സസറികളുടെയും ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നായ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനായി ഓരോ വർഷവും ദശലക്ഷക്കണക്കിന് ഡോളറാണ് മെറ്റ് ഗാലയിലൂടെ സമാഹരിക്കുന്നത്.
ഇന്ത്യയിൽ നിന്നും മെറ്റ് ഗാലയിലെത്തിയ സെലിബ്രിറ്റികൾ
ബോളിവുഡ് അഭിനേതാക്കളായ പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, ഐശ്വര്യ റായ് ബച്ചൻ എന്നിവരെല്ലാം മുൻ വർഷങ്ങളിൽ മെറ്റ് ഗാലയിൽ പങ്കെടുത്ത ചില പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റികളാണ്. ഈ സെലിബ്രിറ്റികളുടെ റെഡ് കാർപെറ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ആദ്യത്തെ മെറ്റ് ഗാലയാണ് ഇത്തവണത്തേത്.
അഭിനേതാക്കളെ കൂടാതെ മനീഷ് അറോറയും രാഹുൽ മിശ്രയും ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ ഡിസൈനർമാരും മെറ്റ് ഗാലയിൽ തങ്ങളുടെ ഡിസൈനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത്തവണ ആലിയയ്ക്കു വേണ്ടി വസ്ത്രമൊരുക്കിയത് ഡിസൈനർ പ്രബൽ ഗുരുങ്ങ് ആണ്. 100,000 മുത്തുകൾ കൊണ്ട് എബ്രോംയിഡറി ചെയ്ത ഗൗണാണ് ആലിയയ്ക്കായി പ്രബൽ ഗുരുങ്ങ് ഒരുക്കിയത്.

മെറ്റ് ഗാലയുടെ ഈ വർഷത്തെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് എക്സിബിഷന് ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്നാണ് പേരു നൽകിയിരിക്കുന്നത്. പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന്റെ ജീവിതത്തെയും വർക്കുകളെയും ആഘോഷിക്കുകയാണ് ഈ വർഷം മെറ്റ് ഗാല.