ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികൾ ഇപ്പോൾ ഉറ്റുനോക്കുന്നത് ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിലേക്കാണ്. മെറ്റ് ഗാല 2023ന്റെ റെഡ് കാർപെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്.
തൂവെള്ള നിറവും നീലകണ്ണുകളുമുള്ള ഒരു ഭീമൻ പൂച്ചയും മെറ്റ് ഗാല റെഡ് കാർപെറ്റിന്റെ ശ്രദ്ധ നേടുകയുണ്ടായി. ഒറ്റകാഴ്ചയിൽ ഒരു ഭീമൻ പൂച്ചയെ ഓർമിപ്പിക്കുന്ന വിചിത്രമായ വസ്ത്രധാരണവുമായി എത്തിയത് അമേരിക്കൻ നടനായ ജാരെഡ് ലെറ്റോ ആണ്. പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്ലഫി പൂച്ചയായ ചൗപ്പെറ്റിന്റെ വേഷത്തിലാണ് ജാരെഡ് എത്തിയത്.
മെറ്റ് ഗാലയുടെ ഈ വർഷത്തെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് എക്സിബിഷന് ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്നാണ് പേരു നൽകിയിരിക്കുന്നത്. പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന്റെ ജീവിതത്തെയും വർക്കുകളെയും ആഘോഷിക്കുകയാണ് ഈ വർഷം മെറ്റ് ഗാല. കാൾ ലാഗർഫെൽഡിനെ ആദരിക്കുന്ന വേദിയിൽ അദ്ദേഹത്തിന്റെ പ്രിയ പൂച്ചയായ ചൗപ്പെറ്റിന്റെ സാന്നിധ്യം കൊണ്ടുവരികയായിരുന്നു ജാരെഡ്.
ലാഗർഫെൽഡ് വിടപറഞ്ഞെങ്കിലും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുണ്ട് ചൗപ്പെറ്റിന്. ഈ വർഷത്തെ മെറ്റ് ഗാലയിൽ താൻ പങ്കെടുക്കില്ലെന്ന് ചൗപ്പെറ്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ നിന്നും കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായിരുന്നു.
“എന്റെ ആരാധകർക്കും മൃഗസ്‌നേഹികൾക്കും ഡാഡിയുടെ ആരാധകർക്കും ഒരായിരം നന്ദി. നിങ്ങൾ എല്ലാവരു കാണിച്ച ഉത്സാഹത്തിനും നിരുപാധിക പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു. ഡാഡിയോടുള്ള ആദരസൂചകമായി മെറ്റ് ഗാല 2023ന്റെ ചുവന്ന പരവതാനിയിലൂടെ നടക്കാൻ പലരും എന്നെ ക്ഷണിച്ചു, പക്ഷേ വീട്ടിൽ സമാധാനത്തോടെയും സുഖലോലുപതയോടെയും കഴിയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഡാഡിയുടെ വേർപാടിന് ശേഷം എല്ലാ ദിവസവും ഞങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിനായി അർപ്പിക്കപ്പെട്ട ഒരു ദിവസം കൂടി കാണാൻ കഴിയുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്,” എന്നാണ് ചൗപ്പെറ്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പിൽ പറയുന്നത്.

2011ൽ ലാഗർഫെൽഡ് ദത്തെടുത്ത് വളർത്തിയ വൈറ്റ് ബിർമാൻ പൂച്ചയാണ് ചൗപ്പെറ്റ്. ലാഗർഫെൽഡിനൊപ്പം പൊതുവേദികളിലും റസ്റ്റോറന്റുകളിലും ഫാഷൻ കാമ്പെയ്നുകളിലുമെല്ലാം പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ചൗപ്പെറ്റും പ്രശസ്തയാവുന്നത്. ചൗപ്പെറ്റ് എന്ന വാക്കിന് ഫ്രഞ്ച് ഭാഷയിൽ സ്വീറ്റി എന്നാണ് അർത്ഥം. എന്നെ ഒരു നല്ല വ്യക്തിയാവാൻ സഹായിച്ചത് ചൗപ്പെറ്റ് ആണ് എന്ന് ഒരിക്കൽ ലാഗർഫെൽഡ് പറഞ്ഞിരുന്നു.
ലക്ഷ്വറി ജീവിതമാണ് ചൗപ്പെറ്റ് നയിക്കുന്നത്. 2022ൽ ഒരു സ്വകാര്യ ജെറ്റിലായിരുന്നു ചൗപ്പെറ്റിന്റെ ജന്മദിനാഘോഷം.