നല്ല ഉൾക്കരുത്തും നീളവുമുള്ള മുടി ഏതൊരു പെണ്ണിന്റെയും മോഹമാണ്. ഇതിനായ് വിപണിയിൽ ലഭ്യമായ വില കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. മുടി സംരക്ഷണത്തിന് വേണ്ടത്ര സമയവും ശ്രദ്ധയും നൽകിയിട്ടും ഫലമില്ലെന്ന് പരാതിപ്പെടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുടി സംരക്ഷണത്തിൽ സാധാരണ ചെയ്യുന്ന നാലു തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ഡോ.അഞ്ചൽ പന്ത്.
രാത്രി മുഴുവൻ മുടിയിൽ എണ്ണ നിലനിർത്തുക
മുടി കഴുകുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എണ്ണ പുരട്ടുക. ഇത് മുടിയുടെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും. വരണ്ട മുടിയിൽ ഇത് ഗുണം ചെയ്യും. എന്നാൽ രാത്രി മുഴുവൻ മുടിയിൽ എണ്ണ സൂക്ഷിക്കുന്നത് കൊണ്ട് അധിക ഗുണങ്ങളൊന്നുമില്ല. ഇത് മുഖക്കുരു വർധിപ്പിക്കുകയും താരൻ കൂടുതൽ വഷളാക്കുകയും ചെയ്യും.
ആഴ്ചയിൽ ഒരിക്കൽ മുടി കഴുകുക
ആഴ്ചയിൽ 2-3 തവണ മുടി കഴുകണം. ധാരാളം ആളുകൾ പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ ഞായറാഴ്ചകളിൽ മാത്രം മുടി കഴുകുന്നു. ഇത് ശരിയല്ല. എണ്ണമയമുള്ള തലയോട്ടിയോ താരൻ ഉണ്ടെങ്കിലോ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ആണെങ്കിൽ, കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ തലയോട്ടി വൃത്തിയാക്കണം. ആരോഗ്യമുള്ള മുടിക്ക് ആരോഗ്യമുള്ള തലയോട്ടി പ്രധാനമാണ്.
കണ്ടീഷണർ ഉപയോഗിക്കുന്നില്ല
മുടി കഴുകിയതിനു ശേഷം ഒരു കണ്ടീഷണർ ഉപയോഗിക്കുക. കണ്ടീഷണർ മുടികൊഴിച്ചിൽ കൂട്ടുമെന്ന് പലർക്കും തോന്നാറുണ്ട്. എന്നാൽ കണ്ടീഷണർ മുടിയിൽ ഒരു സംരക്ഷണ കോട്ടിങ് ഉണ്ടാക്കുന്നു. ഇത് മുടിയിഴകൾ കെട്ടുപിണഞ്ഞ് കിടക്കുന്നത് കുറയ്ക്കുകയും മുടി എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതാക്കി മാറ്റുകയും ചെയ്യുന്നു.
എണ്ണമയമുള്ള തലയോട്ടിക്ക് SLS ഫ്രീ ഷാംപൂ ഉപയോഗിക്കുന്നു
എണ്ണമയമുള്ള തലയോട്ടിക്ക് SLS ഉള്ള ഷാംപൂ ഉപയോഗിക്കുക. തലയോട്ടിയിലെ എണ്ണയും അഴുക്കും നീക്കാൻ ഷാംപൂവിൽ ആവശ്യമായ ഒരു സർഫാക്റ്റന്റാണ് SLS. ഇത് നല്ലൊരു ക്ലീനിങ് ഏജന്റാണ്. എണ്ണമയമുള്ള തലയോട്ടിയുണ്ടെങ്കിൽ, SLS ഉള്ള ഒരു ഷാംപൂ ഉപയോഗിക്കണം, അല്ലാത്തപക്ഷം തലയോട്ടി വൃത്തിയാകില്ല. ഷാംപൂ ചെയ്താലും വഴുവഴപ്പ് അനുഭവപ്പെടും.
Read More: മുടിയിൽ ആഴ്ചയിൽ എത്ര തവണ എണ്ണയിടാം?