ന്യൂഡല്‍ഹി: 2019 ലെ ഫെമിന മിസ് ഇന്ത്യയായി രാജസ്ഥാന്‍ സ്വദേശിനി സുമന്‍ റാവുവിനെ തിരഞ്ഞെടുത്തു. തെലങ്കാന സ്വദേശിനി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാര്‍ഥികളെ പിന്തള്ളിയാണ് സുമന്‍ റാവു മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്. മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു.

ബിഹാറില്‍ നിന്നുള്ള ശ്രേയ ശങ്കര്‍ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റ് 2019 ആയും ഛത്തീസ്ഗഡില്‍ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാന്‍ഡ് ഇന്ത്യ 2019 ആയും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തെ മിസ് ഗ്രാന്‍ഡ് ഇന്ത്യ ആയിരുന്ന മീനാക്ഷി ചൗധരി ശിവാനിക്ക് കിരീടം അണിയിച്ചു. 20 വയസ് മാത്രം പ്രായമുളള സുമന്‍ റാവു ഇതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേള്‍ഡ് 2019ല്‍ മത്സരിക്കും. ഡിസംബറില്‍ തായ്‌ലന്‍ഡിലാണ് മിസ് വേള്‍ഡ് 2019 നടക്കുന്നത്.

‘നിങ്ങള്‍ ജീവിതത്തില്‍ ഒരു ലക്ഷ്യം വച്ച് ദൃഢനിശ്ചയത്തോടെ മുന്നേറിയാല്‍, നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവും ലക്ഷ്യപൂര്‍ത്തീകരണത്തിനായി നിങ്ങളെ സഹായിക്കും,’ സമുന‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബോളിവുഡ് കൊറിയോഗ്രാഫറായ റെമോ ഡിസൂസ, നടിമാരായ ഹുമ ഖുറേഷി, ചിത്രാംഗദാ സിങ്, ഫാഷന്‍ ഡിസൈനപ്‍ ഫാല്‍ഗുനി ഷൈന്‍, ഫുട്ബോളര്‍ സുനില്‍ ഛേത്രി എന്നിവരൊക്കെ ചടങ്ങില്‍ സംബന്ധിച്ചു.

പരിപാടിയില്‍ നൃത്തച്ചുവടുകളുമായി കത്രീന കെയ്ഫ്, വിക്കി കൗശല്‍, മോണി റോയ് എന്നിവരുമെത്തി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടന്‍ മനീഷ് പോളും ആണ് പരിപാടിയുടെ അവതാരകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook