Cannes 2022: എല്ലാ വർഷവും കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ ആരാധകർ കാത്തിരിക്കുന്നത് ഐശ്വര്യ റായ് ബച്ചനെയാണ്. ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റിൽ റെഡ്കാർപെറ്റിലെത്തി ഐശ്വര്യ ഫാഷൻ പ്രേമികളെ വിസ്മയിപ്പിക്കാറുണ്ട്. 75-ാമത് കാനിലും ഐശ്വര്യ ആരാധക ഹൃദയങ്ങളെ നിരാശയാക്കിയില്ല.
ഫെസ്റ്റിന്റെ മൂന്നാം ദിനത്തിൽ സ്കൾപ്റ്റഡ് ഗൗണിലാണ് ഐശ്വര്യ റെഡ്കാർപെറ്റിൽ എത്തിയത്. ഡയമണ്ടിന്റെ ചെറിയ കമ്മലുകളും മോതിരങ്ങളും മാത്രമാണ് ഐശ്വര്യ അണിഞ്ഞത്. റോമൻകാരുടെ സൗന്ദര്യ ദേവതയായ വീനസിന്റെ ജനനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഐശ്വര്യയുടെ വസ്ത്രം ഒരുക്കിയതെന്ന് ഡിസൈനർ ഗൗരവ് ഗുപ്ത പറഞ്ഞു.
75-ാമത് കാൻ ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ സ്വപ്നസമാനമായൊരു എൻട്രിയാണ് ഐശ്വര്യ നടത്തിയത്. ഐശ്വര്യ ധരിച്ച ബ്ലാക്ക് നിറത്തിലുള്ള ഗൗണിന്റെ പ്രധാന ആകർഷണം ത്രിഡി ഫ്ളോറൽ മോട്ടിഫ് വർക്കുകളായിരുന്നു. ഡോൾസ് ആൻഡ് ഗബ്ബാനയുടെ ഗൗണാണ് ഐശ്വര്യ അണിഞ്ഞത്.
2002 മുതൽ കാൻ ചലച്ചിത്രമേളയിലെ സ്ഥിരസാന്നിധ്യമാണ് ഐശ്വര്യ. സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനായി 2002ലാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. അന്നുമുതൽ ഇങ്ങോട്ട് ഐശ്വര്യ കാനിലെ റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ക്യാമറകണ്ണുകൾ ചിത്രങ്ങൾ ഒപ്പിയെടുക്കാനായി മത്സരിക്കാറുണ്ട്.
Read More: എന്റെ കഥ എന്നും പഴയ ആമയും മുയലും കഥയായിരിക്കും: ഐശ്വര്യറായ്