വേനൽക്കാലത്ത് പലവിധ ചർമ്മപ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ചൂടുകുരു, ചർമ്മത്തിലുണ്ടാവുന്ന ചുവപ്പും തടിപ്പും മുതൽ സൂര്യാഘാതം വരെ പലവിധ ചർമ്മപ്രശ്നങ്ങളിലൂടെയാണ് വേനൽക്കാലം കടന്നുപോവുന്നത്. വെയിലേറ്റ് മുഖം ചുമക്കുന്ന അവസ്ഥ പലരിലും വ്യാപകമായി കാണപ്പെടാറുള്ള ഒന്നാണ്. ഈ പ്രശ്നത്തിന് ഫലപ്രദമായ ചില ആയുർവേദ വിദ്യകൾ പരിചയപ്പെടുത്തുകയാണ് ഡോക്ടർ ഡിംപ് ല ജംഗ്ദ.
“രക്തക്കുഴലുകൾ വികസിക്കുമ്പോൾ മുഖം ചുവപ്പായി മാറുകയും ചർമ്മത്തിലേക്ക് കൂടുതൽ രക്തം ഒഴുകുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത്, സൂര്യാഘാതം, മരുന്നിനോടുള്ള അലർജി, അല്ലെങ്കിൽ അമിതമായ മദ്യപാനം എന്നിവയുടെ ഫലമായും ഇങ്ങനെ സംഭവിക്കാം,” ഡോ ഡിംപ് ല ജംഗ്ദ പറയുന്നു.
അലർജി പ്രശ്നങ്ങൾ മുതൽ സൂര്യാതാപംവരെയുള്ള വിവിധ കാരണങ്ങളാൽ മുഖത്തെ ഈ ചുവപ്പു പാടുകൾ കഴുത്തിലേക്കും വ്യാപിക്കാറുണ്ട്. മുഖത്തെ ഈ ചുവപ്പ് പാടുകളിൽ ഉത്കണ്ഠപ്പെടാൻ ഒന്നുമില്ലെങ്കിലും പലരിലും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇതേറെ നാളായി നിലനിൽക്കുന്നുവെങ്കിൽ മറ്റെന്തെങ്കിലും കാരണം കൂടി കാണും, അത്തരം അവസരങ്ങളിൽ ഡോക്ടറുടെ നിർദേശം തേടേണ്ടതുണ്ടെന്നും ഡോ. ഡിംപ്ല പറയുന്നു. “ചിലപ്പോൾ, ഈ ചുവപ്പ് എന്തെങ്കിലും അസുഖങ്ങളുടെ അടിസ്ഥാനലക്ഷണത്തെയും സൂചിപ്പിക്കാം, അത്തരം കേസുകളിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.”
ചില മുൻകരുതലുകൾ എടുത്താൽ ഈ പ്രശ്നത്തിൽ നിന്നും രക്ഷനേടാം. അമിതമായ വെയിൽ ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക, മദ്യപാനം ഒഴിവാക്കുക ഇതൊക്കെ ഒരു പരിധി വരെ സഹായകരമാവും. കൂടാതെ, മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ പോലുള്ള റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കാം.
കറ്റാർ വാഴ മുതൽ വെളിച്ചെണ്ണ വരെയുള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചും മുഖത്തെ ചുവപ്പിനെ ഫലപ്രദമായി തടയാം.
കറ്റാർ വാഴ
കറ്റാർ വാഴയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കൊപ്പം തന്നെ മുറിവ് ഉണക്കാനുള്ള ശേഷിയുമുണ്ട്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകൾ കുറയ്ക്കാനും വേഗത്തിൽ സുഖപ്പെടുത്താനും ഇവ സഹായിക്കുന്നു. മുഖത്തെ ചുവന്ന പാടുകളിൽ രാത്രി കിടക്കും മുൻപ് കറ്റാർ വാഴ ജെൽ പുരട്ടുക, രാവിലെ കഴുകി കളയാം.
ഐസ് ക്യൂബ്
ചർമ്മത്തിലെ തിണർപ്പ്, വീക്കം എന്നിവ ശമിപ്പിക്കാൻ ഐസ് സഹായിക്കും. ഐസ് ക്യൂബ് നേരിട്ട് ഉരസുന്നതോ ഐസ് വാട്ടറിൽ തുണിമുക്കി ചുവന്ന പാടുകളിൽ 10 മിനിറ്റ് വയ്ക്കുന്നതുമൊക്കെ ഫലപ്രദമാണ്.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഗുണങ്ങളുള്ള കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങൾ നിങ്ങളുടെ മുഖത്തെ ചുവന്ന പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. തണുത്ത ഗ്രീൻ ടീയിൽ ഒരു തുണി മുക്കി ചുവന്ന പാടുകളിൽ പുരട്ടുക.
വെളിച്ചെണ്ണ
ആന്റിഫംഗൽ ഗുണങ്ങളുള്ള ലോറിക് ആസിഡ് വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ചർമ്മ അണുബാധയെ ചെറുക്കാൻ ഇത് സഹായിക്കുന്നു. ചെറുചൂടുള്ള വെളിച്ചെണ്ണ ഒരു ടീസ്പൂൺ എടുത്ത് ബാധിത പ്രദേശങ്ങളിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക.