പുരികങ്ങൾ നമ്മുടെ മുഖത്തിലെ ഒരു പ്രധാന ഭാഗമാണ്. ഒരാളുടെ മുഖഭംഗിയിലും പുരികങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് സ്ത്രീകൾ പലപ്പോഴും പുരികം ത്രെഡ് ചെയ്ത് ആകൃതിയൊപ്പിച്ചു പരിപാലിക്കുന്നത്. പലരിലും കാലക്രമേണ പുരികങ്ങളുടെ കനം കുറയുന്നത് കാണാറുണ്ട്. എന്തുകൊണ്ടാണ് പുരികത്തിന്റെ കനം കുറയുന്നതെന്നറിയാമോ? ഇതിനു പിന്നിലെ ശാസ്ത്രീയമായ കാരണങ്ങളെ കുറിച്ചും പരിഹാരമാർഗ്ഗത്തെ കുറിച്ചും സംസാരിക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോക്ടർ ഏഞ്ചൽ.
“നിങ്ങളുടെ പുരികങ്ങൾ എല്ലായ്പ്പോഴും നേർത്തതാണെങ്കിൽ, അവയെ കട്ടിയാക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ കാലക്രമേണ അവ നേർത്തുപോവുന്ന സാഹചര്യങ്ങളിൽ അവ പരിഹരിക്കാനാവും,” ഡോക്ടർ ഏഞ്ചൽ പറയുന്നു.
പ്രായമാവുന്നതിന്റെ ലക്ഷണമായും ചിലരിൽ പുരികങ്ങൾ നേർത്തുവരാറുണ്ട്. 45 വയസ്സിനു ശേഷം, നിങ്ങളുടെ പുരികങ്ങളുടെ കട്ടി കുറഞ്ഞുതുടങ്ങും.
തൈറോയ്ഡ് പ്രശ്നങ്ങൾ
പുരികം കൊഴിയുന്നതും നേർത്തുപോവുന്നതും എല്ലായ്പ്പോഴും ബാഹ്യമായ കാരണങ്ങൾ കൊണ്ടു മാത്രമാവില്ല. ചിലപ്പോഴോക്കെ ആന്തരികമായ പ്രശ്നങ്ങൾ കാരണവും ഇങ്ങനെ സംഭവിക്കാം. തൈറോയ്ഡ് തകരാറാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. “തൈറോയിഡ് കൂടുതലാവുമ്പോഴും കുറഞ്ഞാലും മുടിക്കൊഴിച്ചിലിന് കാരണമാവാറുണ്ട്. തൈറോയ്ഡ് കുറയുന്ന അവസ്ഥകളിൽ പുരികവും കൊഴിയാൻ തുടങ്ങും.
പുരികങ്ങൾ അമിതമായി പ്ലക് ചെയ്യുന്നത്
പതിവായി പുരികം പ്ലക് ചെയ്യുന്ന ശീലം പലരിലുമുണ്ട്. ചിലപ്പോൾ ഈ ശീലവും വില്ലനാവാം. “പുരികങ്ങൾ കൂടുതലായി പറിച്ചെടുക്കുന്നത് ക്രമേണ വളർച്ച കുറയുന്നതിന് ഇടയാക്കും,” എന്നാണ് ഡോക്ടർമാർ പറയുന്നത്.
പ്രായം കൂടുന്തോറും പുരികം കട്ടി കുറയുന്ന അവസ്ഥ പാരമ്പര്യമായിട്ടുണ്ടെങ്കിൽ പുരികം അമിതമായി പ്ലക് ചെയ്യുന്ന ശീലം ഒഴിവാക്കുക.
അലോപ്പീസിയ ഏരിയറ്റ
അലോപ്പീസിയ ഏരിയറ്റ ബാധിച്ചാൽ തലയോട്ടി, താടി, കണ്‍പീലികള്‍ അല്ലെങ്കില്‍ പുരികങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിൽ നിന്നും മുടി കൊഴിഞ്ഞേക്കാം. ഇതും പുരികം കനംകുറഞ്ഞതായി മാറുന്നതിലെ ഒരു കാരണമാണ്. “അലോപ്പീസിയ ഏരിയറ്റ എന്നത് ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്, അവിടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം രോമകൂപങ്ങളെ തെറ്റായി ആക്രമിക്കുന്നു, ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു,” ഡോ. ഏഞ്ചൽ വിശദീകരിച്ചു.
പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവ് ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുമെന്നത് മിക്കവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത് പുരികങ്ങളുടെ കട്ടിയിലും സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾക്കറിയാമോ? ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് പുരികം നേർത്തുപോവുന്നതിന് കാരണമാകാറുണ്ട്.