മുടികൊഴിച്ചിലും നരയും പലരും നേരിടുന്ന പ്രശ്നമാണ്. ഇതിനു പലരും പ്രതിവിധിയായി ഹെയർ ഡൈകൾ ഉപയോഗിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിറയെ പലവിധ ഹെയർ ഡൈകൾ വീട്ടിൽ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോകളുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പുറത്തു വന്നൊരു വീഡിയോയെ കുറിച്ച് വിശദീകരിക്കുകയാണ് വിദഗ്ധർ.
ഈ പ്രകൃതിദത്ത ഹെയർ ഡൈ ഉപയോഗിച്ച് മുടി അകാല നരയെ തടയാമെന്നാണ് വീഡിയോയിൽ പറയുന്നത്. അവ തയ്യാറാക്കുന്നത് എങ്ങനെയെന്നും വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
മുടിയുടെ നിറത്തിന് പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കുന്ന ഹെയർ ഡൈ വളരെ സുരക്ഷിതമാണെന്ന് നാനാവതി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ.വന്ദന പഞ്ചാബി പറഞ്ഞു. ഇവ മൂലം അലർജി അല്ലെങ്കിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
എന്നാൽ, വീട്ടിൽ തയ്യാറാക്കുന്ന ഹെയർ ഡൈയിൽ ഉപയോഗിക്കുന്ന മെഹന്തി ബ്ലാക്ക് മെഹന്തി ആയിരിക്കരുത്, മറിച്ച് പ്രകൃതിദത്ത മെഹന്തി ആയിരിക്കണം. കാരണം ബ്ലാക്ക് മെഹന്തിയിൽ പിപിഡി (para-lPhenylenediamine) കൂടുതൽ അടങ്ങിയിരിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. വീട്ടിൽ തയ്യാറാക്കുന്ന പ്രൃതിദത്ത ഹെയർ ഡൈ മുടി വളർച്ച കൂട്ടുമെന്നതിനോടും മുടി കൊഴിച്ചിൽ തടയുമെന്നതിനോടും അവർ വിയോജിപ്പ് പ്രകടിപ്പിച്ചു.
സമ്മർദവും അനാരോഗ്യകരമായ ഭക്ഷണക്രമവും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ കാരണം മുടി കൊഴിച്ചിൽ സംഭവിക്കാമെന്ന് ഡോ.പഞ്ചാബി പറഞ്ഞു. ഹെയർ ഡൈ മുടി വളരാൻ സഹായിക്കുമെന്നോ മുടി കൊഴിച്ചിൽ തടയുന്നതിനോ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
കാപ്പിപ്പൊടി, നെല്ലിക്ക, മെഹന്ദി, വേപ്പിൻപൊടി, കരിഞ്ചീരകം എന്നിവ അടങ്ങിയ പ്രകൃതിദത്ത ഹെയർ ഡൈ ഒരാളുടെ നര മറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ മുടി കൊഴിച്ചിൽ തടയുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ന്യൂഡൽഹിയിലെ സ്കിൻ ഡെക്കോറിലെ ചീഫ് ഡെർമറ്റോളജിസ്റ്റ് ഡോ.മോണിക്ക ചാഹർ സമ്മതിച്ചു. പ്രകൃതിദത്ത ഹെയർ ഡൈ നരയെ മറയ്ക്കാൻ സഹായിച്ചേക്കാമെങ്കിലും, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി ശീലങ്ങളും നിലനിർത്തേണ്ടത് പ്രധാനമാണ്. മുടി കൊഴിച്ചിൽ കൂടുതലായി അനുഭവപ്പെടുകയാണെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടണമെന്നും അവർ നിർദേശിച്ചു.