ദിവസേനയുള്ള വ്യായാമം ആരോഗ്യവും ഉന്മേഷവും പകരുന്നതാണ്. വ്യായാമം ശാരീരിക പ്രവർത്തനങ്ങളെ മെച്ചെപ്പെടുത്തുമെന്ന് ഫിറ്റ്നസ് വിദഗ്‌ധർ എപ്പോഴും അഭിപ്രായപ്പെടാറുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേർണലായ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എയ്റോബിക് വ്യായാമം ദിവസവും ചെയ്യുന്നത് മനുഷ്യന്റെ ചിന്താശേഷി കൂട്ടുമെന്ന് പറയുന്നു.
20 നും 67 നും ഇടയിൽ പ്രായമുളളവരിലാണ് പഠനം നടത്തിയത്. എയ്റോബിക് വ്യായാമം ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും രണ്ടു ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്. ഇതിൽ എയ്റോബിക് വ്യായാമം ചെയ്തവർക്ക് 10-20 വയസ്സുകാരുടേതിന് സമാനമായ ചിന്താശേഷിയുള്ളതായി കണ്ടെത്തി. വ്യായാമം ചെയ്തവർക്ക് ശാരീരിക ഉന്മേഷത്തോടൊപ്പം ചിന്താശേഷിയിലും മാറ്റം വന്നതായി കണ്ടെത്തി, പഠന റിപ്പോർട്ട് തയ്യാറാക്കിയ യാക്കബ് സ്റ്റേൺ പറഞ്ഞു.
നേരത്തെ വാർധക്യത്തിൽ വ്യായാമം ശീലമാക്കുന്നത് 25 കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് ദി ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അപ്ലൈഡ് ഫിസിയോളജി ജേർണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.